പുതുവൈപ്പ് എൽഎൻജി ടെർമിനലിന്‍റെ നിർമാണ സൈറ്റിന് സമീപം തലയോട്ടി; മനുഷ്യ തലയോട്ടിയാണോ എന്ന് സംശയം
പുതുവൈപ്പ് എൽഎൻജി ടെർമിനലിന്‍റെ നിർമാണ സൈറ്റിന് സമീപം കണ്ടെത്തിയ തലയോട്ടി പൊലീസിനെ വലച്ചു. മനുഷ്യ തലയോട്ടിയാണോ എന്ന സംശയമാണ് ആശങ്ക പരത്തിയത്. ഐഒസിയുടെ ടാങ്കുകൾ നിർമിക്കുന്നതിന് സമീപത്തായി പുതിയ റോഡിന്‍റെ നിർമാണവും ടാറിംഗും പുരോഗമിക്കുകയാണ്. ഇതിനായി കൂട്ടിയിട്ട മെറ്റലിന് സമീപം രാവിലെയാണ് തലയോട്ടി കാണപ്പെട്ടത്. മുഖത്തിന്‍റെ ചെറിയൊരു ഭാഗവും നട്ടെല്ലിനോട് സാദൃശ്യമുള്ള ഒരു അസ്ഥിയും ഒപ്പമുണ്ടായിരുന്നു.
മനുഷ്യന്‍റെ തലയോട്ടിയും അസ്ഥികൂടവുമാണെന്ന സംശയത്തെ തുടർന്നു തൊഴിലാളികളും നാട്ടുകാരും പൊലീസിൽ അറിയിച്ചു. മുളവ്കാട് എസ്ഐ ജയചന്ദ്രന്‍റെ നേതൃത്വത്തിൽ എത്തിയ പൊലീസിനും തലയോട്ടി മനുഷ്യന്‍റേതാണോ, ഏതെങ്കിലും മൃഗത്തിന്‍റേതാണോ എന്നു തിരിച്ചറിയാൻ സാധിച്ചില്ല. കുരങ്ങന്‍റേതാകാം എന്നു സംശയം ഉയർന്നെങ്കിലും വിദഗ്ധ പരിശോധന നടത്താൻ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ നിർദ്ദേശിച്ചു. തുടർന്ന് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി തലയോട്ടിയും അസ്ഥികൂടത്തിന്‍റെ അവശിഷ്ടങ്ങളും എറണാകുളം ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

ഇവിടെ പൊലീസ് സർജന്‍റെ നേതൃത്വത്തിൽ പരിശോധിക്കും. കഴിഞ്ഞ ജനുവരിയിൽ കുമ്പളം എൻഎച്ച് ബൈപ്പാസ് റോഡിന് കിഴക്ക് കായലിൽ വീപ്പയിൽ നിന്ന് അസ്ഥികൂടം കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് അന്വേഷണത്തിൽ തെളിഞ്ഞിരുന്നു. ലോട്ടറി വിൽപ്പനക്കാരി ശകുന്തളയുടെ അസ്ഥികൂടമായിരുന്നു ഇത്. മകളുടെ കാമുകനാണ് കൊലപ്പെടുത്തി വീപ്പയ്ക്കുള്ളിൽ കോൺക്രീറ്റ് ചെയ്തു കായലിൽ തട്ടിയത്.












Click it and Unblock the Notifications