എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മൊബൈൽ ഫോണുകൾ ചോർത്താൻ ഉപയോഗിക്കുന്ന സ്പ‌ൈ ആപ്പുകൾക്കു പിടിവീഴും; ഇത്തരം ആപ്പുകൾ 1885 ലെ ഇന്ത്യൻ ടെലഗ്രാഫ് ആക്റ്റിന‌് വി‌രുദ്ധം

  • By Desk
Google Oneindia Malayalam News

കൊച്ചി: മൊബൈൽ ഫോണുകൾ ചോർത്താൻ ഉപയോഗിക്കുന്ന സ്പ‌ൈ ആപ്പുകൾക്കു വൈകാതെ പിടിവീഴും. ഇത്തരം രഹസ്യ ആപ്ലിക്കേഷനുകൾ നിയന്ത്രിക്കാൻ നടപടി വേണമെന്നു കേരള പൊലീസ് കേന്ദ്ര ഏജൻസികൾ മുഖേനെ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.

<strong>വയനാട്ടില്‍ ഒന്നാംഘട്ട ശുചീകരണം വന്‍വിജയം: മിഷന്‍ ക്ലീന്‍ പദ്ധതിയില്‍ അണിനിരന്നത് 75000 പേര്‍; കുടുംബശ്രീയില്‍ നിന്ന് മാത്രം 40200 പേര്‍</strong>വയനാട്ടില്‍ ഒന്നാംഘട്ട ശുചീകരണം വന്‍വിജയം: മിഷന്‍ ക്ലീന്‍ പദ്ധതിയില്‍ അണിനിരന്നത് 75000 പേര്‍; കുടുംബശ്രീയില്‍ നിന്ന് മാത്രം 40200 പേര്‍

ഭർത്താവിന്‍റെ സ്മാർട്ട് മൊബൈൽ ഫോണിൽ കാമുകന്‍റെ സഹായത്തോടെ സ്പൈ ആപ്പ് ഡൗൺലോഡ് ചെയ്തു ഭർത്താവിന്‍റെ നീക്കങ്ങൾ മാസങ്ങളോളം യുവതി നിരീക്ഷിച്ച സംഭവം പുറത്തായതിനെ തുടർന്നാണു നടപടി. ആലപ്പുഴ സ്വദേശിയായ യുവതിയാണു "ട്രാക്ക് വ്യൂ'എന്ന രഹസ്യ ആപ്പ് ഡൗൺലോഡ് ചെയ്തു ഭർത്താവിന്‍റെ സംഭാഷണം ചോർത്തിയത്.

Mobile

കാമുകന്‍റെ മൊബൈൽ ഫോണിൽ തൽസമയം റെക്കോർഡ് ചെയ്ത സംഭാഷണം പിന്നീടു പുറത്തായിരുന്നു. കിടപ്പറയിൽ ഫോൺ ക്യാമറ ഓണാക്കി ഭർത്താവിന്‍റെ രഹസ്യനിമിഷങ്ങൾ ഭാര്യ പകർത്തിയതും കാമുകന്‍റെ ഫോണിൽ ലഭ്യമായിരുന്നു. കൊച്ചി സിറ്റി പൊലീസ് യുവതിക്കും കാമുകനുമെതിരെ കേസെടുത്ത് അന്വേഷണം നടത്തുകയാണ്. കാമുകന്‍റെയും ഭർത്താവിന്‍റെയും മൊബൈൽ ഫോണുകൾ വിദഗ്ധ പരിശോധനയ്ക്കു തിരുവനന്തപുരം ഫൊറൻസിക് സയൻസ് ലബോറട്ടറിക്ക് കൈമാറിയിട്ടുണ്ട്.

സ്പൈ ആപ്പിന്‍റെ സഹായത്തോടെ മൊബൈൽ ഫോൺ ചോർത്തിയെന്ന കേസ് കേരളത്തിൽ ആദ്യമാണ്. ഇത്തരം സ്പൈ ആപ്പുകളുടെ ഉപയോഗം1885 ലെ ഇന്ത്യൻ ടെലഗ്രാഫ് ആക്റ്റിന് വിരുദ്ധമാണെന്നു ഡിജിപി ലോക്നാഥ് ബെഹ്റയാണ് കേന്ദ്ര ഏജൻസികൾ മുഖേനെ ബന്ധപ്പെട്ട വകുപ്പുകളെ അറിയിച്ചത്. കേന്ദ്ര ആഭ്യന്തര വകുപ്പും ഐടി വകുപ്പുമാണ് സ്പൈ ആപ്പുകൾ നിയന്ത്രിക്കാനും നിരോധിക്കാനും നടപടിയെടുക്കേണ്ടത്. വാർത്താവിനിമയ മന്ത്രാലയത്തിനും ഇതിൽ ഇടപെടാം.

കേന്ദ്ര സർക്കാർ ശക്തമായി ഇടപെട്ടാൽ സ്പൈ ആപ്പുകളെ നിരോധിക്കാൻ ആകും. ചൈൽഡ് പോൺ സൈറ്റുകളെ ഇന്‍റർനെറ്റിൽ നിന്ന് ഒഴിവാക്കാൻ ഇത്തരം ഇടപെടലുകൾ കേന്ദ്രം നടത്തിയിരുന്നു. മറ്റൊരാളുടെ ഫോൺ കോളുകൾ ചോർത്താനും അവ റിക്കോർഡ് ചെയ്യാനും ഇന്ത്യൻ നിയമം അനുവദിക്കുന്നില്ല. സ്പൈ ആപ്പുകൾക്ക് ഇന്ത്യയിൽ നിയമസാധുതയില്ലാത്തതിനാൽ അവ വാങ്ങുന്നതും ഡൗൺ ലോഡ് ചെയ്യുന്നതും കുറ്റകരമാണ്.

കേന്ദ്ര ഇന്‍റലിജൻസ് ബ്യൂറോ (ഐബി) ഉൾപ്പെടെയുള്ള കേന്ദ്ര ഏജൻസികൾ രാജ്യ സുരക്ഷ മുൻനിർത്തി ചില സ്ഥാപന മേധാവികളുടെയും നേതാക്കളുടെയും ഫോണുകൾ ചോർത്താറുണ്ട്. കേന്ദ്ര ആഭ്യന്തര വകുപ്പിന്‍റെ പ്രത്യേക അനുമതിയോടെയാണിത്. ജമ്മു കാശ്മീരിൽ വിഘടന വാദത്തെ അനുകൂലിക്കുന്ന ചില രാഷ്ട്രീയ പാർട്ടി നേതാക്കൾ, വടക്കു-കിഴക്കൻ സംസ്ഥാനങ്ങളിലെ തീവ്ര ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ നേതാക്കൾ തുടങ്ങിയവരുടെ ഫോണുകളും നിരീക്ഷണത്തിലാണ്. രാഷ്ട്രപതി, പ്രധാനമന്ത്രി, കേന്ദ്രമന്ത്രിമാർ തുടങ്ങിയവരുടെ ഓഫിസുകൾ, താമസസ്ഥലം എന്നിവിടങ്ങളിൽ തുടർച്ചയായി കേന്ദ്ര രഹസ്യാന്വേഷണ ‌ഏജൻസികൾ പരിശോധന നടത്താറുണ്ട്. ഇവിടെയൊന്നും വിവരങ്ങൾ ചോർത്താൻ രഹസ്യ ഉപകരണങ്ങൾ, റിക്കോർഡറുകൾ എന്നിവ സ്ഥാപിച്ചിട്ടില്ലെന്ന് ഉറപ്പു വരുത്താനാണിത്. ആന്‍റി ബഗ്ഗിങ് എന്നാണ് ഇത്തരം പരിശോധന അറിയപ്പെടുന്നത്.

മൊബൈൽ ഫോണുകൾ ചോർത്താൻ ആയിരക്കണക്കിനു സ്പൈ ആപ്പുകൾ ഓൺലൈനിൽ ലഭ്യമാണെന്നു കേരള പൊലീസിന്‍റെ ഹൈ ടെക് സെൽ കണ്ടെത്തിയിട്ടുണ്ട്. മാസം 200 രൂപ മുതൽ മേൽപോട്ടു വിവിധ നിരക്കുകളിൽ ഓൺലൈനിൽ രഹസ്യ ആപ്പുകൾ വാങ്ങാൻ സൗകര്യമുണ്ട്. ചൈനീസ് ആപ്പുകളും മുൻനിരയിലുണ്ട്. ആലപ്പുഴയിലെ യുവതിയും കാമുകനും അഞ്ച് ഡിവൈസുകളിൽ ‌ഒരുമിച്ച് ഉപയോഗിക്കാൻ സാധിക്കുന്ന ട്രാക്ക് വ്യൂ ആപ്പ് മാസം 200 രൂപ നിരക്കിലാണു സബ്സ്ക്രൈബ് ചെയ്തത്.

ചില ആപ്പുകൾ ഉപയോഗപ്രദമായ കാര്യങ്ങൾക്കുള്ളതാണെങ്കിലും ദുരുപയോഗം വ്യാപകം. മൊബൈൽ ഫോണുകൾ നഷ്ടപ്പെട്ടാലും ഓഫായാലും സ്ഥാനനിർണ‍യം നടത്തി കണ്ടെത്താൻ സഹായകമായ ആപ്പുകൾ കൂട്ടത്തിൽപ്പെടും. കുട്ടികളുടെ മൊബൈൽ ഫോണുകളിലേക്ക് വരുന്ന കോളുകൾ, ‌സന്ദേശങ്ങൾ, ദൃശ്യങ്ങൾ എന്നിവ മാതാപിതാക്കൾക്കു സ്വന്തം മൊബൈൽ ഫോണിൽ നിരീക്ഷിക്കാൻ കോപ്പി സിക്സ് എന്ന പേരിൽ‌ സ്പൈ ആപ്പ് അമേരിക്കയിൽ ലഭ്യമാണ്. ഇതിന് യുഎസിൽ നിയമപരമായി അനുമതിയുണ്ട്.

മറ്റൊരാളുടെ മൊബൈൽ ഫോണിൽ അയാൾ അറിയാതെ സ്പൈ ആപ്പുകൾ ഡൗൺലോഡ് ചെയ്യാൻ എളുപ്പം. വാട്സാപ്പ് മെസേജ് വഴി‌ ലിങ്ക് അയച്ചു കൊടുത്താണ് ഇങ്ങനെ ചെയ്യുന്നത്. വീഡിയോ ദൃശ്യങ്ങൾ, വാർത്തകൾ, സംഭവവികാസങ്ങൾ തുടങ്ങി ആളുകൾക്ക് താൽപര്യമുള്ള വിഷയങ്ങളുമായി ബന്ധപ്പെട്ട ലിങ്കുകളാണ് അയക്കുന്നത്. ഇതിൽ ക്ലിക്ക് ചെയ്യുമ്പോൾ ഫോൺ ഉപയോഗിക്കുന്ന ആൾ അറിയാതെ തന്നെ സ്പൈ ആപ്പ് അയാളുടെ മൊബൈൽ ഫോണിൽ ഞൊടിയിടയ്ക്കുള്ളിൽ ഡൗൺ ലോഡ് ചെയ്യും.

ഹാക്കർക്ക് ഇതോടെ സ്വന്തം മൊബൈൽ ഫോൺ വഴി മറു തലയ്ക്കലുള്ള ആളുടെ മൊബൈൽ ഫോൺ ചോർത്താം. സംഭാഷണങ്ങൾ മാത്രമല്ല, ക്യാമറ ഓണാക്കി ദൃശ്യങ്ങളും പകർത്താൻ ആകും. സ്പൈ ആപ്പുകളുടെ പ്രധാന ഇര സ്ത്രീകളാണ്. ഈ സാധ്യത കണക്കിലെടുത്തു സ്ത്രീകൾ കൂടുതൽ ജാഗ്രത പുലർത്തണമെന്നു ഹൈ ടെക് അധികൃതർ മുന്നറിയിപ്പു നൽകുന്നു. കിടപ്പറയിലും കുളിമുറിയിലും മൊബൈൽ ഫോണുകൾ വയ്ക്കുമ്പോൾ സ്ത്രീകൾ ശ്രദ്ധിക്കണം. സ്പൈ ആപ്പുകൾ ഫോണിൽ പ്രവർത്തിക്കുന്നുണ്ടോ എന്നു തിരിച്ചറിയാൻ ചില മാർഗങ്ങളുണ്ട്. ഇന്‍റർനെറ്റ് ഡേറ്റ ക്രമാതീതമായി കൂടുക, ഫോൺ ആവശ്യമില്ലാതെ ചൂടാവുക, ചില ആപ്ലിക്കേഷനുകൾ ഹാങ് ആവുക എന്നിവ ലക്ഷണങ്ങളാണ്. ഫോൺ ഫോർമാറ്റ് ചെയ്താൽ സ്പൈ ആപ്പുകൾ അപ്രത്യക്ഷമാകും.

Ernakulam
English summary
Ernakulam Local News about spy app
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X