വെന്നികോട് രാജേഷിന്റെ കൊലപാതകം: പ്രതികളെ കണ്ടെത്താനായില്ല, ദൃക്സാക്ഷിയില്ല... തെളിവുകളില്ല...
വർക്കല: വെന്നികോട് രാജേഷ് കൊല്ലപ്പെട്ട് ഒരു വർഷം കഴിഞ്ഞിട്ടും കേസിലെ പ്രതികളെ കണ്ടെത്താനാകാതെ പൊലീസ് ഇരുട്ടിൽ തപ്പുന്നു. 2016 ജൂൺ 16ന് പുലർച്ചെ വലയന്റകുഴി എൽ.പി സ്കൂളിന് പിറകുവശം നടവഴിയിലാണ് വെന്നികോട് കോയിക്കൽ കുന്ന് വീട്ടിൽ രാജേഷിനെ (34) മരിച്ച നിലയിൽ കണ്ടെത്തിയത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കൊലപാതകമാണെന്ന് സ്ഥിരീകരിച്ചത്.
കൊലചെയ്യപ്പെട്ട ദിവസം രാത്രി വലയന്റകുഴി കഴുത്തുംമൂട്ടിലെ കുളത്തിൽ രാജേഷ് കുളിക്കാൻ പോകുന്നത് കണ്ടവരുണ്ട്. സംഭവം നടന്നത് രാത്രിയായതിനാലും വിജനമായ സ്ഥലമായതിനാലും ദൃക് സാക്ഷികളുടെയും സാഹചര്യത്തെളിവുകളുടെ അഭാവവും പൊലീസിന് തുടക്കത്തിലേ ബുദ്ധിമുട്ടുണ്ടാക്കി. രാജേഷിനോട് ചിലർക്ക് വൈരാഗ്യമുണ്ടായിരുന്നതായി പൊലീസിന് സൂചന ലഭിച്ചിരുന്നു.

നാട്ടുകാർക്ക് രഹസ്യമായി വിവരങ്ങൾ കൈമാറുന്നതിനായി പൊലീസ് ഉദ്യോഗസ്ഥരുടെ നമ്പരുകൾ പ്രസിദ്ധപ്പെടുത്തുകയും വിവിധ ഇടങ്ങളിൽ പൊലീസിന്റെ പരാതിപ്പെട്ടികൾ സ്ഥാപിക്കുകയും ചെയ്തിരുന്നു. എന്നിട്ടും നിർണായക വിവരങ്ങളൊന്നും ലഭിച്ചില്ല. അന്വേഷണത്തിൽ പുരോഗതി ഉണ്ടാകാതിരുന്നതിനെ തുടർന്ന് കേസ് ക്രൈംബ്രാഞ്ചിനു കൈമാറി. ക്രൈംബ്രാഞ്ച് എസ്.പിയുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചെങ്കിലും യാതൊരു പുരോഗതിയുമുണ്ടായില്ല. ഇപ്പോൾ ക്രൈംബ്രാഞ്ചിന്റെ തെളിയിക്കപ്പെടാത്ത കേസുകളിൽ ഉൾപ്പെട്ടിരിക്കുകയാണ് രാജേഷിന്റെ കൊലപാതക കേസ്. മുഖ്യമന്ത്റി അടക്കം ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ നേരിൽ കാണാനുള്ള ഒരുക്കത്തിലാണ് രാജേഷിന്റെ ബന്ധുക്കളും നാട്ടുകാരും.












Click it and Unblock the Notifications