ചിറ്റേത്തുകര ബോട്ട് ജെട്ടി വെള്ളത്തിലായി; വൈറ്റില- ഇന്‍ഫൊപാര്‍ക്ക് ബോട്ട് സര്‍വീസ് നിലച്ചു
കാക്കനാട്: ഇന്‍ഫൊപാര്‍ക്കിലെ ടെക്കികള്‍ ഉള്‍പ്പെടെ നിരവധി യാത്രക്കാര്‍ ആശ്രയിക്കുന്ന ചിറ്റേത്തുകര ബോട്ട് ജെട്ടി വെള്ളത്തിലായതോടെ വൈറ്റില- ഇന്‍ഫൊപാര്‍ക്ക് ബോട്ട് സര്‍വീസ് നിലച്ചു. വേണ്ടത്ര യാത്ര സൗകര്യങ്ങളില്ലാത്ത ഇന്‍ഫൊപാര്‍ക്കിലെ ജീവനക്കാര്‍ക്ക് ബോട്ട് സര്‍വീസ് പ്രയോജനപ്പെടുമെന്ന് ചൂണ്ടിക്കാട്ടിയാണ് വൈറ്റിലയില്‍ നിന്ന് സര്‍വീസ് തുടങ്ങിയെങ്കിലും ചിറ്റേത്തുകര ജെട്ടി വരെയായിരുന്നു സര്‍വീസ്.
എന്നാല്‍ ചിറ്റേത്തുകര ജെട്ടി വെള്ളത്തിലായതോടെ ഇവിടെ വരെ സര്‍വീസ് നടത്തിയിരുന്ന പരിമിത സര്‍വീസുകളും നിലച്ചു. ചിറ്റേത്തുകരയിലെ ജെട്ടിയില്‍ നിന്ന് വെറും നാല് കിലോമീറ്റര്‍ ദൂരമെയുള്ളു ഇന്‍ഫൊപാര്‍ക്കിന് മുന്നിലെ ജെട്ടിയില്‍ ജലമാര്‍ഗം എത്താന്‍. എന്നാല്‍ കോഴിത്തുമ്പ് ബണ്ടുള്ളതിനാല്‍ ഇന്‍ഫൊപാര്‍ക്ക് ജെട്ടിയിലേക്ക് ബോട്ട് സര്‍വീസ് അധികൃതര്‍ നീട്ടിയില്ല.

ബണ്ട് ബോട്ട് സര്‍വീസിന് തടമാണെന്ന അറിയാവുന്ന അധികൃതര്‍ ഇക്കാര്യം മറച്ച് വെച്ചാണ് ഇന്‍ഫൊപാര്‍ക്കിലേക്ക് ബോട്ട് സര്‍വീസ് വാഗ്ദാനം നടത്തിയതും ജെട്ടി നിര്‍മിച്ചതും. ഇന്‍ഫൊപാര്‍ക്കിന് മുന്നില്‍ മൂന്ന് വര്‍ഷം മുമ്പ് ലക്ഷങ്ങള്‍ ചെലവഴിച്ച് ജെട്ടി നിര്‍മിച്ചെങ്കിലും ബോട്ട്‌സര്‍വീസ് നടത്താന്‍ കഴിഞ്ഞില്ല. ചിത്രപ്പുഴയില്‍ രാജഗിരി എന്‍ജിനീയറിങ് കോളജിന് സമീപം കോഴിത്തുമ്പത്ത് വര്‍ഷങ്ങളായി വേനല്‍ക്കാലത്ത് ഓരു വെള്ളം കടമ്പ്രയാറിലേക്ക് കടക്കുന്നത് തടയാന്‍ നിര്‍മിക്കുന്ന ബണ്ടാണ് ബോട്ട് സര്‍വീസ് ഇന്‍ഫൊപാര്‍ക്കിലേക്ക് നീട്ടാന്‍ തടസമാണെന്നായിരുന്നു ജലസേചന വകുപ്പ് അധികൃതരുടെ വിശദീകരണം.
ബോട്ട് സര്‍വീസ് ചിറ്റേത്തുകരയിലെ ജെട്ടിയില്‍ അവസാനിപ്പിക്കുകുകയും ഇവിടെ ബോട്ടിറങ്ങുന്നവരെ കലക്ടറേറ്റ് ജംക്ഷനിലും ഇന്‍ഫൊപാര്‍ ക്കിലുമെത്തിക്കാന്‍ നിലവിലുണ്ടായിരുന്ന സൗജന്യ ഫീഡര്‍ ബസ് സര്‍വീസ് ഒരു വര്‍ഷം മുമ്പ് നിര്‍ത്തലാക്കിയതോടെ ബോട്ട് സര്‍വീസ് നില ച്ചവസ്ഥയിലായിരുന്നു. വൈറ്റിലയില്‍ നിന്നു ചിറ്റേത്തുകര ജെട്ടിയിലെത്തുന്ന ബോട്ട് യാത്രക്കാരുടെ എണ്ണം ഇത് മൂലം കുറഞ്ഞിരുന്നു. ഇന്‍ഫൊപാര്‍ക്ക്, പ്രത്യേക സാമ്പത്തിക മേഖല,വിവിധ സര്‍ക്കാര്‍ ഓഫിസ് എന്നിവടങ്ങളിലേക്കുള്ള ഒട്ടേറെ ജീവനക്കാര്‍ ഉള്‍പ്പെടെയുള്ളവരാണ് ബോട്ടിനെയും ഫീഡര്‍ ബസ്സിനെയും ആശ്രയിച്ചിരുന്നത്.
കാക്കനാട്ടേക്ക് ബോട്ട സര്‍വീസ് ആരംഭിച്ചപ്പോള്‍ ജെട്ടിയില്‍ ഇറങ്ങുന്നവര്‍ ഓട്ടോറിക്ഷകളെ ആശ്രയിക്കേണ്ടി വരുന്നതിനാല്‍ സാമ്പത്തിക നഷ്ടം ഉണ്ടാകുന്നുവെന്ന പരാതിയെ തുടര്‍ന്നാണു കെ.എം.ആര്‍.എല്ലിന്റെ നേതൃത്വത്തില്‍ സൗജന്യ ഫീഡര്‍ ബസ് സര്‍വീസ് ആരംഭിച്ചത്. സിറ്റി വാട്ടര്‍ ബസ് എന്ന പേരില്‍ സംസ്ഥാന ജലവകുപ്പിന്റെ സഹായത്തോടെയാണു കെ.എം.ആര്‍.എല്‍ മൂന്ന് വര്‍ഷം മുന്‍പ് വൈറ്റിലയില്‍ നിന്ന്ു കാക്കനാട്ടേക്ക് ബോട്ട് സര്‍വീസ് ആരംഭിച്ചത്. റോഡ് മാര്‍ഗം എത്തുന്നതിന്റെ പകുതി സമയം കൊണ്ട് ബോട്ട് വഴി എത്താമെന്നതാണ് പ്രത്യേകത. സൗജന്യ ബസ് സര്‍വീസ് നിലച്ചതോടെ ബോട്ടിലെ യാത്രക്കാരുടെ എണ്ണം കുറഞ്ഞിരുന്നു.












Click it and Unblock the Notifications