സ്റ്റോപ്പില്ലാത്ത റെയിൽവെ സ്റ്റേഷനിൽ അപായ ചങ്ങല വലിച്ചു; ട്രെയിൻ നിർത്തിച്ച യുവാവ് അറസ്റ്റിൽ
കൊച്ചി: സ്റ്റോപ്പില്ലാത്ത റെയ്ൽവെ സ്റ്റേഷനിൽ അപായ ചങ്ങല വലിച്ചു ട്രെയ്ൻ നിർത്തിയ യുവാവ് അറസ്റ്റിൽ. ഉത്തർപ്രദേശ് സ്വദേശി അനിൽ ചൗഹാൻ (32) ആണ് എറണാകുളം നോർത്ത് ആർപിഎഫിന്‍റെ പിടിയിലായത്. കഴിഞ്ഞ ദിവസം രാവിലെ നോർത്ത് റെയ്ൽവെ സ്റ്റേഷനിലായിരുന്നു സംഭവം.
ഇതര സംസ്ഥാന തൊഴിലാളിയായ അനിൽ സഹപ്രവർത്തകരായ മറ്റു മൂന്നു പേർക്കൊപ്പം പൂനെ-എറണാകുളം എക്സ്പ്രസിൽ വരികയായിരുന്നു. ട്രെയ്ന്‍ എറണാകുളം നോർത്ത് സ്റ്റേഷൻ പിന്നിടുന്നതിനിടെയാണ് ഇയാൾ അപായ ചങ്ങല വലിച്ചത്. പിടിക്കപ്പെടാതിരിക്കാൻ സഞ്ചരിച്ച റിസവർവേഷൻ കോച്ചിൽ നിന്ന് അടുത്ത കോച്ചിലെത്തിയാണു നാലു പേരും ട്രെയ്നിൽ നിന്നിറങ്ങിയത്.

സംശയം തോന്നിയ ആർപിഎഫ് ഇവരെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തപ്പോൾ ചങ്ങല വലിച്ചതായി സമ്മതിച്ചു. സൗത്ത് സ്റ്റേഷനിൽ ഇറങ്ങാനുള്ള ടിക്കറ്റ് കൈവശമുണ്ടായിരുന്നു. ബോധപൂർവം ചങ്ങല വലിച്ചു നിർത്തുകയായിരുന്നുവെന്നു വ്യക്തമായതിനെ തുടർന്നാണു കേസെടുത്തത്. 10 മിനിറ്റോളം നിർത്തിയിട്ട ശേഷമാണു ട്രെയ്ൻ യാത്ര പുനരാരംഭിച്ചത്. അനിൽ ചൗഹാനെ കോടതിയിൽ ഹാജരാക്കി ജാമ്യത്തിൽ വിട്ടു. കാരണമില്ലാതെ ട്രെയ്ൻ ചങ്ങല വലിച്ചു നിർത്തുന്നത് ഒരു കൊല്ലം വരെ തടവും ആയിരം രൂപ പിഴയും കിട്ടാവുന്ന കുറ്റകൃത്യമാണ്.












Click it and Unblock the Notifications