എറണാകുളം നഗരത്തിൽ ലഹരി സ്റ്റാംപുകളും ഹാഷിഷ് ഓയിലുമായി യുവാവ് അറസ്റ്റിൽ
കൊച്ചി: എറണാകുളം നഗരത്തിൽ ലഹരി സ്റ്റാംപുകളും ഹാഷിഷ് ഓയിലുമായി യുവാവ് അറസ്റ്റിൽ. കോഴിക്കോട് പന്നിയങ്കര സാജിറാ മഹൽ വീട്ടിൽ തൗഫീക്ക് (23) ആണ് എക്സൈസ് സ്പെഷ്യൽ സ്ക്വാഡിന്‍റെ പിടിയിലായത്. മാരകമായ ലൈസർജിക് ആസിഡ് പുരട്ടിയ 50 മില്ലിഗ്രാം സ്റ്റാംപുകളും 54 ഗ്രാം ഹാഷിഷും ഇയാളുടെ പക്കൽ കണ്ടെടുത്തു.
എറണാകുളം നോർത്ത് റെയ്ൽവേ സ്റ്റേഷൻ പരിസരത്തു നിന്നാണു കസ്റ്റഡിയിലെടുത്തത്. കോളെജ് വിദ്യാർഥികൾക്കു ലഹരിസാധനങ്ങൾ വിതരണം ചെയ്യുന്ന സംഘത്തിലെ കണ്ണിയാണ്. ലഹരി സ്റ്റാംപുകളും ഹാഷിഷും ഇടനിലക്കാരനു കൈമാറാൻ കാത്തു നിൽക്കുകയായിരുന്നു. രണ്ടു ഗ്രാമിന് മുകളിൽ എൽഎസ്ഡി സ്റ്റാംപ് കൈവശം വയ്ക്കുന്നതു 10 കൊല്ലം വരെ കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ കിട്ടാവുന്ന കുറ്റമാണ്.

കഴിഞ്ഞ രണ്ടു കൊല്ലമായി ഇത്തരം സ്റ്റാംപുകൾ ലഹരി ഉപയോഗിക്കുന്നവർക്കിടയിൽ വ്യാപകമാവുകയാണ്. നാവിനടിയിൽ വച്ചു ലഹരി നുണഞ്ഞ് ഇറക്കാവുന്നവയാണ് എൽഎസ്ഡി സ്റ്റാംപുകൾ. വിദേശത്തെ ലാബോറട്ടറികളിലാണ് ലൈസർജിക് ആസിഡ് ഉൽപാദിപ്പിക്കുന്നത്. ഗോവ, ബാംഗ്ലൂരു, ഡെൽഹി, മുംബൈ വിമാനത്താവളങ്ങൾ വഴിയും കൊറിയർ വഴിയുമാണു കടത്ത്.
എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സിഐ ബി.സുരേഷ്, ഇൻസ്പെക്റ്റർ എൻ.പി.സുധീഷ് കുമാർ, പ്രിവന്‍റീവ് ഓഫിസർ എ.എസ്.ജയൻ, സിവിൽ എക്സൈസ് ഓഫിസർമാരായ കെ.എം.റോബി, രഞ്ജു എൽദോ തോമസ്, പി.എക്സ്.റൂബൻ, വി.എൽ.ജിമ്മി, എം.വി.ജിജിമോൾ എന്നിവരടങ്ങിയ സംഘമാണു പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സംഘത്തിൽ പെട്ട കൂടുതൽ പേരെ കുറിച്ചു വിവരം ലഭിച്ചതായി എക്സൈസ് അറിയിച്ചു.












Click it and Unblock the Notifications