ജോലിക്കെത്തിയത് ഒരാഴ്ച മുമ്പ്; 15 അടി താഴ്ചയുള്ള തീച്ചൂളയില്‍ വീണു, അതിഥി തൊഴിലാളിക്ക് ദാരുണാന്ത്യം
കൊച്ചി: പെരുമ്പാവൂരില്‍ പ്ലൈവുഡ് ഫാക്ടറിയിലുണ്ടായ തീപിടിത്തത്തില്‍ അപകടത്തില്‍പ്പെട്ട ഇതര സംസ്ഥാന തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. ഫാക്ടറിയിലെ സെക്യൂരിറ്റി തൊഴിലാളിയായ നസീര്‍ ഷെയ്ഖാണ് മരിച്ചത്. മാലിന്യകൂമ്പാരത്തിന് തീപിടിച്ചത് അണയ്ക്കാന്‍ ശ്രമിക്കുന്നതിനിട അഗ്നി ഗര്‍ത്തത്തിലേക്ക് നസീര്‍ വീഴുകയായിരുന്നു. ഒരു ദിവസത്തെ തിരച്ചിലിന് ശേഷമാണ് മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. പെരുമ്പാവൂര്‍ ഓടയ്ക്കാലിയിലെ യൂണിവേഴ്‌സല്‍ പ്ലൈവുഡ് ഫാക്ടറിയിലെ സെക്യൂരിറ്റി തൊഴിലാളിയാണ് മരിച്ച നസീര്‍ ഷെയ്ഖ്.
ഫാക്ടറിയില്‍ എത്തിയിട്ട് ഒരാഴ്ചയാകുമ്പോഴാണ് ദുരന്തം തേടിയെത്തിയത്. ഒരു ദിവസത്തെ തിരച്ചിലിന് ശേഷമാണ് നസീറിന്റെ മൃതദേഹ അവശിഷ്ടം കണ്ടെത്തിയത്. പശ്ചിമ ബംഗാള്‍ മുര്‍ശിദാബാദ് സ്വദേശിയാണ് നസീര്‍. ഫാക്ടറിയുടെ തൊട്ടടുത്ത് പൈവുഡ് മാലിന്യങ്ങള്‍ വര്‍ഷങ്ങളായി നിക്ഷേപിക്കുന്ന വലിയ കൂമ്പാരമുണ്ട്. ഇവിടെ നിന്നും പുക ഉയരുന്നത് കണ്ട് നസീര്‍ പൈപ്പുമായി അങ്ങോട്ട് ചെന്ന് അണക്കാന്‍ ശ്രമിക്കുകയായിരുന്നു.

എന്നാല്‍ അടി ഭാഗത്തെ തീ കത്തിയുണ്ടായ ഗര്‍ത്തത്തിലേക്ക് നസീര്‍ പതിച്ചെന്നാണ് കരുതുന്നത്. ആറ് യൂണിറ്റ് ഫയര്‍ ഫോഴ്‌സും രണ്ട് ഹിറ്റാച്ചിയും 12 മണിക്കൂര്‍ പരിശ്രമം നടത്തിയിട്ടും നസീറിനെ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. അതേസമയം ഫാക്ടറിയില്‍ നിയമവിരുദ്ധമായി മാലിന്യം സൂക്ഷിച്ചതാണ് തീപിടിത്തത്തിന് കാരണമായതെന്നാണ് പഞ്ചായത്ത് ആരോപിച്ചു.
മാലിന്യം നീക്കാന്‍ രണ്ട് മാസം മുന്‍പ് നോട്ടീസ് നല്‍കിയിരുന്നെന്നും മാലിന്യം നീക്കാതെ ഇനി പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നും അശമന്നൂര്‍ പഞ്ചായത്ത് വ്യക്തമാക്കി. എന്നാല്‍ മാലിന്യം കൊണ്ടിടാന്‍ പഞ്ചായത്ത് സ്ഥലം കണ്ടെത്തി തരണമെന്നാണ് പെരുമ്പാവൂരിലെ പ്ലൈവുഡ് ഫാക്ടറി ഉടമകളുടെ അവശ്യം.
അതേസമയം,പെരുമ്പാവൂരിൽ പ്ലൈവുഡ് കമ്പനിയിൽ തീച്ചൂളയിൽ വീണു മരിച്ച ബംഗാൾ സ്വദേശി നസീർ ഹൊസ്സന്റെ കുടുംബത്തിന് സാധ്യമായ എല്ലാ സഹായവും നൽകുമെന്ന് തൊഴിൽ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.
നസീർ ഹൊസ്സൻ കമ്പനിയിൽ ജോലിയിൽ പ്രവേശിച്ചിട്ട് 4 ദിവസം മാത്രമേ ആയിരുന്നുളളൂ എന്നാണ് എറണാകുളം ജില്ലാ ലേബർ ഓഫീസറുടെ (എൻഫോഴ്സ്മെന്റ് ) റിപ്പോർട്ടിൽ പറയുന്നത്. സെക്യൂരിറ്റി ജോലിയാണ് ചെയ്തിരുന്നത്.
നസീറിന്റെ മൃതദേഹം സ്വദേശത്ത് എത്തിക്കുന്നതിന് ജില്ലാ ലേബർ ഓഫീസർ (എൻഫോഴ്സ്മെന്റ്) തൊഴിലുടമയുമായി ആലോചിച്ച് വേണ്ട നടപടി സ്വീകരിക്കും. ജോലിക്കിടയിൽ സംഭവിച്ച അപകടമരണം ആയതിനാൽ എംപ്ലോയീസ് കോമ്പൻസേഷൻ ആക്ട് പ്രകാരമുള്ള തൊഴിലാളികളുടെ നിയമാനുസൃത ആശ്രിതർക്ക് നഷ്ടപരിഹാരം ലഭിക്കുന്നതിനും നടപടികൾ സ്വീകരിച്ചുവരികയാണ്. കുടിയേറ്റ തൊഴിലാളി ക്ഷേമപദ്ധതി പ്രകാരം 2 ലക്ഷം രൂപയുടെ ആനുകൂല്യം കുടുംബത്തിന് ലഭിക്കുന്നതിനുളള നടപടികളും സ്വീകരിച്ച് വരികയാണ്.












Click it and Unblock the Notifications