പിറന്നാൾ സമ്മാനമായി ബൈക്ക്; അമ്മയെ ഷോറൂമിൽ നിർത്തി ടെസ്റ്റ് ഡ്രൈവിന് പോയ യുവാവ് അപകടത്തിൽ മരിച്ചു
കൊച്ചി: ബൈക്ക് അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. അമ്മയെ ബൈക്ക് ഷൂറൂമിൽ നിർത്തി ടെസ്റ്റ് ഡ്രൈവിന് പോയ യുവാവാണ് അപകടത്തിൽ മരിച്ചത്. വരാപ്പുഴ മുട്ടിനകം കണ്ണാത്തറ വീട്ടിൽ നിധിൻ നാഥ് ( 23 ) ആണ് മരിച്ചത്. പിറന്നാളിന് സമ്മാനമായി ബൈക്ക് വാങ്ങാനാണ് നിധിൻ അമ്മയ്ക്കൊപ്പം ഷോറൂമിലേക്ക് പോയത്.
ഇവിടെ നിന്ന് ടെസ്റ്റ് ഡ്രൈവിന് പോയപ്പോൾ ആണ് അപകടം. ബുധനാഴ്ച ഉച്ചയോടെ കടവന്ത്ര എളംകുളത്ത് വെച്ചാണ് അപകടം ഉണ്ടായത്. എളംകുളം ഭാഗത്തെത്തി യൂ ടേൺ എടുക്കുമ്പോഴാണ് ബൈക്ക് നിയന്ത്രണം വിട്ട് മെട്രോ പില്ലറിൽ ഇടിച്ചത്. അഞ്ച് മിനിറ്റിലേറെ നേരം നിധിൻ റോഡിൽ കിടന്നു.

നിധിൻ നാഥിനെ അത് വഴി വന്ന എക്സൈസിന്റെ വാഹനത്തിലാണ് വൈറ്റിലയിലുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. നിധിൻ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. കളമശ്ശേരി സ്കോഡ ഷോറൂമിൽ മെക്കാനിക്കായ നിധിന്റെ പിറന്നാൾ ആണ് 15 ന്.
ബൈക്ക് വാങ്ങണം എന്ന് ഏറെ നാളത്തെ ആഗ്രഹം ആയിരുന്നു. പിറന്നാൾ ദിനത്തിൽ ബൈക്ക് കിട്ടുന്നതിനായി മുൻകൂട്ടി നിശ്ചയിച്ച് ആണ് അമ്മ ഷൈനിക്കൊപ്പം നിധിൻ ബൈക്ക് ഷോറൂമിലെത്തിയത്. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റി. അച്ഛൻ കാശിനാഥ് ദുരൈ, അമ്മ ഷൈനി,സഹോദരി നിഖിന.












Click it and Unblock the Notifications