ആലുവയില്‍ അച്ഛനും മക്കളും പുഴയില്‍ ചാടി മരിച്ചു; ആദ്യം മക്കളെ തള്ളിയിട്ട് പിതാവും ചാടി
കൊച്ചി: ആലുവയില്‍ അച്ഛനും മക്കളും പുഴയില്‍ ചാടി ജീവനൊടുക്കി. ആലുവ പാലത്തില്‍ നിന്നാണ് മൂന്ന് പേരും പെരിയാര്‍ നദിയില്‍ ചാടിയെന്ന് പൊലീസ് പറയുന്നു. പാലാരിവട്ടം കളവത്ത് പറമ്പ് റോഡില്‍ തൂരാട്ടു പറമ്പ് വീട്ടില്‍ ടി എച്ച് ഉല്ലാസ് ഹരിഹരന്‍, മകള്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയായ കൃഷ്ണ പ്രിയ, ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയായ മകന്‍ ഏകനാഥ് എന്നിവരാണ് മരിച്ചത്. സംഭവത്തെ തുടര്‍ന്ന് പൊലീസും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി.

ഇവര്‍ പുഴയില്‍ ചാടുന്നത് കണ്ട മീന്‍ പിടിക്കുന്നവരാണ് പൊലീസിനെയും അഗ്നിരക്ഷ സേനയെയും അറിയിച്ചത്. വൈകീട്ട് നാലരോടെയാണ് സംഭവം. ശിവരാത്രി മണപ്പുറത്തേക്ക് പോകുന്ന പാലത്തില്‍ നിന്നാണ് ഇവര്‍ പുഴയിലേക്ക് ചാടിയത്. ഉല്ലാസ് ആദ്യം ആണ്‍കുട്ടിയെയാണ് പുഴയിലേക്ക് എടുത്തെറിഞ്ഞത്. പിന്നീട് ഇത് കണ്ട് കരയുന്ന പെണ്‍കുട്ടിയെയും ബലം പ്രയോഗിച്ച് പുഴയിലേക്ക് എടുത്ത് എറിയുകയായിരുന്നു.
തിരച്ചിലില്‍ കുട്ടികളുടെ മൃതദേഹമാണ് ആദ്യം കണ്ടെത്തിയത്. 2 മണിക്കൂറോളം നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ഉച്ചയ്ക്ക് കുട്ടികളെയും കൂട്ടി ഇടപ്പള്ളിയില്‍ പോകുന്നെന്ന് പറഞ്ഞാണ് ഉല്ലാസ് പോയതെന്ന് ഭാര്യ രാജി പറഞ്ഞതായി പൊലീസ് പറയുന്നു. മരണകാരണം വ്യക്തില്ല. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് പറഞ്ഞു.












Click it and Unblock the Notifications