കാവ്യ മാധവന്റെ ലക്ഷ്യ ബ്യൂട്ടിക്കില്‍ തീപ്പിടിത്തം; 'പുലര്‍ച്ചെ മൂന്നിന് പുക ഉയര്‍ന്നു'
കൊച്ചി: കാവ്യമാധവന്റെ സ്ഥാപനത്തില്‍ തീപ്പിടിത്തം. ഇടപ്പള്ളിയിലെ ഗ്രാന്റ് മാളിലുള്ള ലക്ഷ്യ ബ്യൂട്ടീക്കിലാണ് തീപ്പിടിത്തമുണ്ടായത്. ഇവിടെയുണ്ടായിരുന്ന തുണിത്തരങ്ങളും മെഷീനുകളും കത്തി നശിച്ചു. പുലര്‍ച്ചെ മൂന്നിനാണ് കടയില്‍ നിന്ന് പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ടത്. സെക്യൂരിറ്റി ജീവനക്കാര്‍ പതിവ് പരിശോധന നടത്തുന്ന വേളയിലായിരുന്നു ഇത്. തുടര്‍ന്ന് വേഗത്തില്‍ ഫയര്‍ ഫോഴ്‌സിനെ വിളിച്ചു. അഞ്ചരയോടെ തീയണച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപ്പിടിക്കാന്‍ കാരണം എന്നാണ് പറയുന്നത്. കഴിഞ്ഞ ദിവസം കടയടയ്ക്കുന്ന വേളയില്‍ ജീവനക്കാര്‍ മെഷീന്‍ ഓഫ് ചെയ്യാതിരുന്നതാണ് ഷോര്‍ട്ട് സര്‍ക്യൂട്ടിന് കാരണം എന്ന പറയപ്പെടുന്നു.

തീപിടിത്തമുണ്ടായതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ മാധ്യമപ്രവര്‍ത്തകരെ സെക്യൂരിറ്റി ജീവനക്കാര്‍ അനുവദിച്ചില്ല. കാര്യമായി നാശനഷ്ടമില്ല എന്ന് അവര്‍ പറയുകയായിരുന്നു. കാവ്യാമാധവന്റെ ലക്ഷ്യ ബ്യൂട്ടീക്കില്‍ ഓഫ് ലൈന്‍ വില്‍പ്പന കുറവാണ്. ഓണ്‍ലൈന്‍ വ്യാപാരമാണ് അവര്‍ കാര്യമായും നടത്തുന്നത്. ഗ്രാന്റ് മാളിലെ കടയില്‍ നിന്നാണ് തയ്യല്‍ നടത്തിയിരുന്നത്. അതുകൊണ്ടുതന്നെ വലിയ നാശനഷ്ടങ്ങള്‍ ഉണ്ടായില്ല എന്നാണ് കരുതുന്നത്.
കാവ്യാമാധവന്‍ 2015ലാണ് ലക്ഷ്യയിലൂടെ സംരഭകത്വത്തിലേക്ക് കടന്നത്. നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതി പള്‍സര്‍ സുനി വിവാദ സംഭവത്തിന് ശേഷം ഈ കടയില്‍ വന്നു എന്ന് ആരോപണം ഉയര്‍ന്നിരുന്നു. തുടര്‍ന്ന് ഈ സ്ഥാപനത്തില്‍ അന്വേഷണ സംഘം പരിശോധന നടത്തുകയും സിസിടിവി ക്യാമറകള്‍ പരിശോധിക്കുകയും ചെയ്തിരുന്നു.












Click it and Unblock the Notifications