എറണാകുളത്ത് നാല് പേർക്ക് കൊവിഡ്: കൊല്ലം ആലപ്പുഴ ജില്ലകളിൽ നിന്നുള്ള രണ്ട് പേർ എറണാകുളത്ത്!!
കൊച്ചി: എറണാകുളം ജില്ലയിൽ 4 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇവർക്ക് പുറമേ രോഗം ബാധിച്ച കൊല്ലം, ആലപ്പുഴ ജില്ലകളിൽ നിന്നുള്ള രണ്ടുപേരും എറണാകുളത്താണ് ചികിത്സയിൽ കഴിഞ്ഞുവരുന്നത്. മെയ് 27 ന് രോഗം സ്ഥിരീകരിച്ച കുന്നത്തുനാട് സ്വദേശിയുടെ അടുത്ത ബന്ധുവായ 47 കാരിയാണ് രോഗം സ്ഥിരീകരിച്ചവരിൽ ഒരാൾ. രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് ഇവരെ മെയ് 27 ന് കളമശ്ശേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയായിരുന്നു.
മെയ് 27 ന് കുവൈറ്റ്- കൊച്ചി വിമാനത്തിലെത്തിയ കാക്കനാട് സ്വദേശിനിയായ 48 കാരിയാണ് ഫലം പോസിറ്റീവായ രണ്ടാമത്തെയാൾ. ഇവരെ അതേ ദിവസം തന്നെ മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ നിരീക്ഷണത്തിലാക്കിയിരുന്നു. രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.

മെയ് 17ന് അബുദാബി - കൊച്ചി വിമാനത്തിലെത്തിയ 63 കാരനായ വടവുകോട് സ്വദേശിയാണ് പോസിറ്റീവായ മൂന്നാമത്തെയാൾ. കൊവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിലായിരുന്ന ഇയാളെ രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് കളമശ്ശേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. മെയ് 17 ന് അബുദാബി കൊച്ചി വിമാനത്തിലെത്തിയ 32 കാരനായ എറണാകുളം പാറക്കടവ് സ്വദേശിയാണ് രോഗം സ്ഥിരീകരിച്ച നാലാമത്തെയാൾ. കോവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിലായിരുന്നു രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് കളമശ്ശേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു .
ആലപ്പുഴയിൽ രോഗം സ്ഥിരീകരിച്ച 25 കാരൻ കളമശ്ശേരി മെഡിക്കൽ കോളേജിലാണ് ചികിത്സയിലുള്ളത്. മെയ് 27 ന് കുവൈറ്റ് കൊച്ചി വിമാനത്തിലെത്തിയ ഇദ്ദേഹം മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ നിരീക്ഷണത്തിലായിലായിരുന്നു. തുടർന്ന് കളമശ്ശേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. കൊല്ലം ജില്ലയിൽ രോഗം സ്ഥിരീകരിച്ച 48 കാരി മെയ് 26ന് കുവൈറ്റ് കൊച്ചി വിമാനത്തിലെത്തി മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ നിരീക്ഷണത്തിലായിരുന്നു. രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് കളമശ്ശേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
കളമശ്ശേരി മെഡിക്കൽ കോളേജിൽ മെഡിക്കൽ ഐസിയുവിൽ ചികിത്സയിലുള്ള വ്യാഴാഴ്ച രോഗം സ്ഥിരീകരിച്ച തൃശൂർ സ്വദേശിനിയായ 80 കാരിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു, വിദഗ്ദ്ധ ഡോക്ടർമാരുടെ നേതൃത്വത്തിൽ ചികിത്സ തുടരുകയാണ്. വെള്ളിയാഴ്ച 591 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 392 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. ഇതോടെ വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 8274 ആയി.
ഇന്ന് 23 പേരെ പുതുതായി ആശുപത്രിയിൽ നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചു.
കളമശ്ശേരി മെഡിക്കൽ കോളേജിൽ മൂന്ന് പേരെയും മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ ആറ് പേരെയുമാണ് നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചിട്ടുള്ളത്. അതേ സമയം സ്വകാര്യ ആശുപത്രികളിൽ 14 പേരും ചികിത്സയിൽ കഴിയുന്നുണ്ട്. നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന 12 പേർ ആശുപത്രി വിട്ടിട്ടുണ്ട്. വിവിധ ആശുപത്രികളിലായി ജില്ലയിൽ 72 പേരാണ് നിരീക്ഷണത്തിലുള്ളത്.












Click it and Unblock the Notifications