എറണാകുളത്ത് നാല് പേർക്ക് കൊറോണ വൈറസ്: രോഗികളിൽ ഒരാൾ ദില്ലിയിൽ നിന്നുമെത്തിയത്!!
എറണാകുളം: എറണാകുളം ജില്ലയിൽ ഇന്ന് നാല് പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കൂടാതെ കോഴിക്കോട് സ്വദേശിയായ ഒരാളും കളമശ്ശേരിയിൽ ചികിത്സയിലുണ്ട്. ജൂൺ 2 ന് ട്രെയിനിൽ ദില്ലിയിൽ നിന്നും കൊച്ചിയിലെത്തിയ 32 വയസുള്ള പുത്തൻവേലിക്കര സ്വദേശിയാണ് രോഗം സ്ഥിരീകരിച്ച ഒന്നാമത്തെയാൾ. വീട്ടിൽ നിരീക്ഷണത്തിലായിരുന്ന ഇദ്ദേഹത്തിന് രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് സ്രവ പരിശോധന നടത്തുകയും രോഗം സ്ഥിരീകരിക്കുകയുമായിരുന്നു.
ജൂൺ 8 ന് ഖത്തറിൽ നിന്നും കൊച്ചിയിലെത്തിയ 39 വയസുള്ള മുവ്വാറ്റുപുഴ സ്വദേശിയാണ് രോഗം സ്ഥിരീകരിച്ച രണ്ടാമത്തെയാൾ. മുവ്വാറ്റുപുഴ ജനറൽ ആശുപത്രിയിൽ നിരീക്ഷണത്തിലായിരുന്ന ഇദ്ദേഹത്തെ രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് കളമശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. ജൂൺ 8 ന് മുംബൈയിൽ നിന്നും ട്രെയിനിൽ കൊച്ചിയിലെത്തിയ 16 വയസുള്ള കടവന്ത്ര സ്വദേശിയാണ് രോഗം സ്ഥിരീകരിച്ച മൂന്നാമത്തെയാൾ. വീട്ടിൽ നിരീക്ഷണത്തിലായിരുന്ന ഇദ്ദേഹത്തിന് രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് സ്രവപരിശോധനയ്ക്ക് വിധേയമാക്കുകയും രോഗം സ്ഥിരീകരിക്കുകയുമായിരുന്നു.

ജൂൺ 5 ലെ ദോഹ- കൊച്ചി വിമാനത്തിലെത്തിയ 40 വയസുള്ള കരുമാലൂർ സ്വദേശിയാണ് രോഗം സ്ഥിരീകരിച്ച നാലാമത്തെയാൾ. സ്ഥാപന നീരീക്ഷണത്തിലായിരുന്നു. രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് കളമശേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ജൂൺ 2 ന് ദുബായ്- കൊച്ചി വിമാനത്തിലെത്തിയ 35 വയസുള്ള കോഴിക്കോട് സ്വദേശിയും മെഡിക്കൽ കോളേജിൽ ചികിത്സയിലുണ്ട്. മുവ്വാറ്റുപുഴ ജനറൽ ആശുപത്രിയിൽ നിരീക്ഷണത്തിലായിരുന്നു. മെയ് 30 ന് രോഗം സ്ഥിരീകരിച്ച സ്വകാര്യ ഷിപ്പിങ്ങ് കമ്പനി ജീവനക്കാരനായ 44 വയസുള്ള മഹാരാഷ്ട്ര സ്വദേശിയും, ജൂൺ 5 ന് രോഗം സ്ഥിരീകരിച്ച 63 വയസുള്ള നെടുമ്പാശ്ശേരി സ്വദേശിയും ഇന്ന് രോഗമുക്തി നേടി.
ഇന്ന് 639 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 280 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 11619 ആണ്. ഇതിൽ 10283 പേർ വീടുകളിലും, 538 പേർ കോവിഡ് കെയർ സെന്ററുകളിലും, 798 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്. ഇന്ന് 8 പേരെ പുതുതായി ആശുപത്രിയിൽ നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചിട്ടുണ്ട്. വിവിധ ആശുപ്രതികളിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന 11 പേർ ഇന്ന് ആശുപത്രി വിട്ടിട്ടുണ്ട്. 102 പേരാണ് ജില്ലയിൽ വിവിധ ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളത്. ജില്ലയിലെ ആശുപത്രികളിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 58 ആയിട്ടുണ്ട്.
ഇന്ന് ജില്ലയിൽ നിന്നും 147 സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 112 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇതിൽ 4 എണ്ണം പോസിറ്റീവും, ബാക്കിയെല്ലാം നെഗറ്റീവും ആണ്. ഇനി 252 ഫലങ്ങളാണ് ലഭിക്കാനുള്ളത്.
ഇന്ന് 302 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്.
Recommended Video













Click it and Unblock the Notifications