ഒമ്പതാം നിലയില്‍ നിന്ന് വീണ് പെണ്‍കുട്ടി മരിച്ചു
കൊച്ചി: ഫ്‌ലാറ്റിന്റെ ഒമ്പതാം നിലയില്‍ നിന്ന് വീണ് നാല് വയസ്സുകാരി മരിച്ചു. പത്തനാപുരം സ്വദേശിഅബ്ദുള്‍ കരീമിന്റേയും ജാസ്മിന്റേയും മകള്‍ ദയ കരീം ആണ് മരിച്ചത്.
ബാല്‍ക്കണിയുടെ കൈവരിയുടെ ഇടയിലൂടെ താഴേക്ക് വീഴുകയായിരുന്നു. കത്രിക്കടവ് -തമ്മനം റോഡിലെ ഡിഡി നെസ്റ്റ് അപ്പാര്‍ട്ടമെന്റില്‍ നവംബര്‍ 21 ന് രാവിലെ ഏഴരയോടെയാണ് അപകടം നടന്നത്.

മൂത്ത മകള്‍ ദിയയെ സ്‌കൂളിലേക്ക് യാത്രയാക്കാന്‍ ജാസ്മിന്‍ പുറത്തിറങ്ങിയപ്പോഴാണ് അപകടം നടന്നത്.ഈ സമയം ദയ ഉറങ്ങിക്കിടക്കുകയായിരുന്നു. അമ്മയേയും ചേച്ചിയേയും നോക്കാനായി ബാല്‍ക്കണിയില്‍ വന്നു നിന്നപ്പോള്‍ അബദ്ധത്തില്‍ താഴെ വീണ് പോയതാകാനാണ് സാധ്യതയെന്നാണ് പോലീസ് അറിയിച്ചു.
താഴെ കാര്‍ പാര്‍ക്കിങ് സ്ഥലത്താണ് പെണ്‍കുട്ടി വീണത്. ഇത് കണ്ട് ഓടിയെത്തിയ ഫ്‌ലാറ്റിലെ സെക്യൂരിറ്റി ജീവനക്കാര്‍ ഉടന്‍ തന്നെ ദയയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. മൂത്ത മകളെ സ്‌കൂളില്‍ വിട്ട് തിരിച്ചുവരവെ ഫ്‌ലാറ്റില്‍ നിന്ന് ഒരാളെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നത് കണ്ടെങ്കിലും അത് തന്റെ മകളാണെന്ന് ജാസ്മിന്‍ അറിഞ്ഞിരുന്നില്ല. ഫ്‌ലാറ്റില്‍ മകളെ കാണാതായപ്പോഴാണ് ജാസ്മിന്‍ വിവരം അന്വേഷിച്ചത്. അപ്പോഴാണ് ദയയാണ് അപകടത്തില്‍ പെട്ടത് എന്ന് മനസ്സിലായത്.
ദയയുടെ പിതാവ് അബ്ദുള്‍ കരീം ബിസിനസ് ആവശ്യങ്ങള്‍ക്കായി ബാംഗ്ലൂരിലേക്ക് പോയതായിരുന്നു. മൃതദേഹം അബ്ദുള്‍ കരീമിന്റെ നാടായ പത്തനാപുരത്തേക്ക് കൊണ്ടുപോയി. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്.












Click it and Unblock the Notifications