കൊച്ചിയിൽ യുവാവിനെ തട്ടിക്കൊണ്ട് പോയി കെട്ടിയിട്ട് നഗ്നനാക്കി മർദ്ദിച്ചു, ദൃശ്യങ്ങൾ പുറത്ത്
കൊച്ചി: കൊച്ചിയില്‍ യുവാവിനെ തട്ടിക്കൊണ്ട് പോയി മര്‍ദ്ദിച്ചതായി പരാതി. ആന്റണി ജോണ്‍ എന്നയാള്‍ക്കാണ് ക്രൂരമായ മര്‍ദ്ദനമേറ്റത്. കൊച്ചിയിലെ ഗുണ്ടാസംഘങ്ങള്‍ തമ്മിലുളള കുടിപ്പകയാണ് മര്‍ദ്ദനത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ട്. ആന്റണിയെ തട്ടിക്കൊണ്ട് പോയ അക്രമി സംഘം നഗ്നനാക്കിയ ശേഷം മര്‍ദ്ദിക്കുകയായിരുന്നു. ആന്റണിയെ ഗുണ്ടാസംഘം ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.
കമ്പി വടി ഉപയോഗിച്ചാണ് ആന്റണിയെ അക്രമികള്‍ തല്ലിച്ചതച്ചത്. മാത്രമല്ല ആന്റണിയുടെ ജനനേന്ദ്രിയത്തിലും കണ്ണിലും ഇവര്‍ മുളക് പൊടി സ്പ്രേ ചെയ്തതായും പരാതിയുണ്ട്. നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റ ആന്റണി ആശുപത്രിയില്‍ ചികിത്സയിലാണ്. ഫേസ്ബുക്ക് പോസ്റ്റുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് ഫൈസല്‍ എന്നയാളുടെ നേതൃത്വത്തിലുളള സംഘമാണ് തന്നെ തട്ടിക്കൊണ്ട് പോയി മര്‍ദ്ദിച്ചത് എന്നാണ് ആന്റണി പറയുന്നത്.

ഇക്കഴിഞ്ഞ പതിനൊന്നാം തിയ്യതിയാണ് സംഭവം നടന്നത് എന്ന് ആന്റണി ജോണ്‍ പറയുന്നു. എറണാകുളത്ത് കടവന്ത്രയില്‍ ഉളള ഒരു മരണ വീട്ടില്‍ നില്‍ക്കുകയായിരുന്നു സംഭവ ദിവസം ആന്റണി. ഇവിടെ വെച്ച് ഒരു സംഘം ആളുകള്‍ ആന്റണിയെ ബലം പ്രയോഗിച്ച് കാറില്‍ കയറ്റി കൊണ്ട് പോവുകയായിരുന്നു. ആന്റണിയെ ഇവര്‍ ആലുവയിലേക്കും അങ്കമാലിയിലേക്കും കൊണ്ട് പോയി. ഇവിടങ്ങളില്‍ വെച്ചാണ് കമ്പി വടി അടക്കം ഉപയോഗിച്ച് ഇയാളെ ക്രൂരമായ മര്‍ദ്ദനത്തിന് ഇരയാക്കിയത്.
അക്രമി സംഘം ആന്റണിയുടെ കുടുംബത്തെയും ഭീഷണിപ്പെടുത്തിയതായി പരാതി ഉയര്‍ന്നിട്ടുണ്ട്. സംഭവത്തെ കുറിച്ച് പുറത്ത് പറഞ്ഞാല്‍ കുടുംബത്തെ അടക്കം ഇല്ലാതാക്കും എന്ന് അക്രമി സംഘം ഭീഷണിപ്പെടുത്തിയതായാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. അതിനിടെ തിരുവനന്തപുരത്തും യുവാവിന് ഗുണ്ടാ സംഘത്തില്‍ നിന്നും മര്‍ദ്ദനമേറ്റു. അനസ് എന്ന യുവാവിനാണ് കണിയാപുരത്ത് മസ്താന്‍മുക്ക് എന്ന സ്ഥലത്ത് വെച്ച് മര്‍ദ്ദനമേറ്റത്. മദ്യപിച്ച ഗുണ്ടാസംഘമാണ് ബൈക്ക് തടഞ്ഞ് യുവാവിനെ മര്‍ദ്ദിച്ചത്.
സംഭവ ദിവസം രാത്രിയില്‍ അനസും സുഹൃത്തും ബൈക്കില്‍ വരികയായിരുന്നു. മസ്താന്‍ മുക്കില്‍ വെച്ച് ഗുണ്ടാ ആക്രമണ കേസുകളില്‍ അടക്കം പ്രതിയായ ഫൈസല്‍ എന്നയാളും സംഘവും ഇവരുടെ ബൈക്ക് തടഞ്ഞു. താക്കോല്‍ ഊരി മാറ്റാന്‍ ഇവര്‍ ശ്രമിച്ചത് തടഞ്ഞപ്പോഴാണ് അനസിന് മര്‍ദ്ദനമേറ്റത്. പരാതി നല്‍കിയിട്ടും പോലീസ് കേസെടുക്കാന്‍ തയ്യാറായില്ലെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഇതിനകം പുറത്ത് വന്നിട്ടുണ്ട്. എന്നാല്‍ അനസ് ബൈക്കില്‍ നിന്ന് വീണ് പരിക്ക് പറ്റിയതാണ് എന്നാണ് പോലീസ് പറയുന്നത്.












Click it and Unblock the Notifications