ആക്രമണത്തിന് പദ്ധതിയിട്ട് ആയുധങ്ങളുമായെത്തി: അഞ്ചംഗ ഗുണ്ടാ സംഘം പിടിയിൽ!!
കൊച്ചി: ആക്രമണത്തിന് പദ്ധതിയിട്ട് ആയുധങ്ങളുമായെത്തിയ ഗുണ്ടാ സംഘം കൊച്ചിയിൽ പിടിയിലായി. നിരവധി കേസുകളിൽ പ്രതിയായ കോടനാട് ജോജി ഉൾപ്പെടെ അഞ്ച് പേരെയാണ് പോലീസ് അതിസാഹസികമായി പിടികൂടിയിട്ടുള്ളത്. സംഘവുമായുള്ള മൽപ്പിടുത്തതിന് ശേഷമാണ് അറസ്റ്റിലായിട്ടുള്ളത്. അറസ്റ്റിലായ ജോജിയെ നേരത്തെ പോലീസ് ഗുണ്ടാനിയമ പ്രകാരം നാടുകടത്തുകയും ചെയ്തിട്ടുണ്ട്.
എറണാകുളം ജില്ലാ പോലീസ് മേധാവിയ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പെരുമ്പാവൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം അഞ്ച് പേരെയും പിടികൂടുന്നത്. വനത്തിനുള്ളിൽ ഒളിച്ച് കഴിയുകയായിരുന്ന ക്രിമിനലുകൾ പോലീസിനെ കണ്ടതോടെ ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. രക്ഷപ്പെടാൻ കഴിയില്ലെന്നുറപ്പായതോടെ കയ്യിലുണ്ടായിരുന്ന ആയുധങ്ങൾ ഉപയോഗിച്ച് പോലീസ് സംഘത്തെ ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു. മൽപ്പിടുത്തത്തിനൊടുവിലാണ് ഗുണ്ടകൾ കീഴടങ്ങുന്നത്. ഇതോടെ പോലീസ് വിലങ്ങുവെച്ച് വനപ്രദേശത്തിന് പുറത്തേക്ക് അഞ്ച് പേരെയും എത്തിക്കുന്നത്.

ജോജിയ്ക്ക് പുറമേ ശ്രീകാന്ത്, ബേസിൽ ജിബിൻ, അമൽ, ആദർശ് എന്നിവരാണ് ഇതോടെ പോലീസിന്റെ പിടിയിലായിട്ടുള്ളത്. അമലിനെതിരെ വിവിധ സ്റ്റേഷനുകളിലായി 15 കേസുകളും ബേസിലിനെതിരെ ഏഴ് കേസുകളുമുണ്ട്. ഗുണ്ടാനിയമപ്രകാരമുള്ള വിലക്ക് മറികടന്നാണ് ജോജി ഈ വനപ്രദേശത്തെത്തുന്നത്. അറസ്റ്റിലായ മറ്റുള്ളവർക്കെതിരെയും കേസുകൾ നിലവിലുണ്ട്.












Click it and Unblock the Notifications