വേനലിന് മുൻപേ പൊള്ളി കേരളം; ചൂടിന്റെ അളവ് ശരാശരി 35 ഡിഗ്രി
കൊച്ചി: വേനല്‍ ശക്തിപ്രാപിക്കുന്നതിനും മുൻപേ കനത്ത ചൂടില്‍ പൊള്ളി കേരളം. നിലവില്‍ ദിനംപ്രതി സംസ്ഥാനത്ത് രേഖപ്പെടുത്തുന്ന ചൂടിന്റെ അളവ് ശരാശരി 35 ഡിഗ്രി വരെയാണ്. പോയവര്‍ഷം ഈ സമയങ്ങളില്‍ ശരാശരി 32 ഡിഗ്രിചൂണ്ടായിരുന്ന സ്ഥാനത്താണ് ഈ വര്‍ഷം രണ്ട് ശതമാനം കൂടുതല്‍ ചൂട് ശരാശരിയില്‍ രേഖപ്പെടുത്തിയത്.
മധ്യകേരളത്തില്‍ ഇടുക്കി, എറണാകുളം ജില്ലകളില്‍ മറ്റുള്ള ജില്ലകളെ അപേക്ഷിച്ച് താപനിലയില്‍ നേരിയ കുറവ് രേഖപ്പടുത്തിയിട്ടുണ്ട്. 32 ശതമാനമാണ് എറണാകുളം, ഇടുക്കി ജില്ലകളില്‍ കഴിഞ്ഞ ഒരാഴ്ച്ചയായി രേഖപ്പെടുത്തിയിരിക്കുന്ന താപനിലയുടെ അളവ്. എന്നാല്‍ കോട്ടയം, ആലപ്പുഴ ജില്ലകളില്‍ ചൂട് 34 ഡിഗ്രിയാണ് പകല്‍ സമയങ്ങളില്‍ രേഖപ്പെടുത്തുന്നത്. പാലക്കാട്, കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ പോയവര്‍ഷത്തെ അപേക്ഷിച്ച് താപനിലയില്‍ ഗണ്യമായ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ പകല്‍ സമയങ്ങളില്‍ കഴിഞ്ഞ ഒരാഴ്ചയായി 35 ഡിഗ്രിക്ക് മുകളിലാണ് താപനിലയുടെ അളവ്. കഴിഞ്ഞ വര്‍ഷം 33 ഡിഗ്രിയാണ് ഫെബ്രുവരി മാസത്തിന്റെ ആദ്യ സമയങ്ങളില്‍ രേഖപ്പെടുത്തിയ കൂടിയ ചൂട്. ഈ സ്ഥാനത്താണ് 35 ഡിഗ്രിയിലെത്തി നില്‍ക്കുന്നത്. പാലക്കാട് പോയ വര്‍ഷം 36 ഡിഗ്രി ചൂട് രേഖപ്പെടുത്തിയ സ്ഥാനത്ത് ഈ വര്‍ഷം 37ഉം കടന്ന് ചൂട് കനക്കുകയാണ്. പോയവര്‍ഷം മലമ്പുഴയില്‍ രേഖപ്പെടുത്തിയ 42 ഡിഗ്രിയായിരുന്നു സംസ്ഥാനത്തെ റെക്കോര്‍ഡ് ചൂട്. ഇക്കുറി അതിനെ മറികടക്കുമെന്ന് ഉറപ്പാണ്.
വേനല്‍ക്കാലം ആരംഭിച്ച ഫെബ്രുവരിയുടെ ആദ്യ ആഴ്ച്ചകളില്‍ ചൂട് ശരാശരി 35ല്‍ എത്തിയതോടെ വരും ആഴ്ചകളില്‍ ഇനിയും ചൂട് കൂടുവാനാണ് സാധ്യത. മാർച്ചും കടന്ന് ഏപ്രിലില്‍ എത്തുന്നതോടെ സംസ്ഥാനം വേനല്‍ ചൂടില്‍ വേന്തുരുകുമെന്ന് ഉറപ്പാണ്. അന്തരീക്ഷത്തിലെ ആര്‍ദ്രത അഥവ ഹ്യൂമിഡിറ്റി പോയ വര്‍ഷത്തെ അപേക്ഷിച്ച് വളരെ കൂടുതലായതാണ് ഈ വര്‍ഷം ചൂട് കൂടുവാന്‍ കാരണമായതെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. സൂര്യാഘാതവും കുടിവെള്ള ക്ഷാമവും കനത്ത ഉഷ്ണവുമെല്ലാമാണ് അതിന്റെ പ്രത്യാഘാതങ്ങളായി സംസ്ഥാനത്തെ കാത്തിരിക്കുന്നത്.
പ്രളയത്തിനു ശേഷമെത്തുന്ന വേനല്‍കാലമായതിനാല്‍ പ്രകൃതിയുടെ സ്വഭാവം പ്രവചനാതീതമാണെന്നും വിദഗ്ധര്‍ പറയുന്നു. അന്തരീക്ഷത്തിലും മേല്മണ്ണിലുമുള്ള ഈര്‍പ്പം വറ്റി വരളുകയാണ്. ഭൂഗര്‍ഭ ജലത്തിന്റെ അളവ് ക്രമാധീതമായി കുറയുകയും ചെയ്യുന്നത് ഇരട്ടി ദോഷം ചെയ്യും. ഒരുപക്ഷെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വരള്ച്ചയ്ക്കായിരിക്കും സംസ്ഥാനം സാക്ഷ്യം വഹിക്കുക. സാധാരണഗതിയില്‍ മാര്‍ച്ച് മധ്യത്തോടെയാണ് കേരളം കനത്ത ചൂടിനെ ഉള്‍ക്കൊണ്ടിരുന്നത്. പോയവര്‍ഷം ഫെബ്രുവരി അവസാനത്തോടെ ചൂട് വർധിച്ചു.
ഈ വര്‍ഷം ഫെബ്രുവരി ആദ്യആഴ്ചയില്‍ തന്നെ ചൂട് 35 കടന്നതോടെ മാര്‍ച്ച്, ഏപ്രില്‍, മേയ് മാസങ്ങളില്‍ കനത്ത ഉഷ്ണകാലത്തിനാകും കേരളം സാക്ഷ്യം വഹിക്കുക. കഴിഞ്ഞ മാസത്തില്‍ കനത്ത തണുപ്പാണ് രാത്രികാലങ്ങളില്‍ രേഖപ്പെടുത്തിയത്. 20 ഡിഗ്രിവരെ താപനില താഴ്ന്നിരുന്നു. ദിവസങ്ങളുടെ ഇടവേളയിലാണ് ചൂട് എത്തിയത്. രാത്രി സമയങ്ങളില്‍ 20 ഡിഗ്രിയുണ്ടായിരുന്ന താപനിലയുടെ അളവ് ഇപ്പോള്‍ 27വരെ കൂടിയതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അവരുടെ വെബ്സൈറ്റില്‍ അടയാളപെടുത്തിയിട്ടുണ്ട്. ഇനി പ്രതീക്ഷ വേനല്‍മഴയിലാണ്. സംസ്ഥാനത്തിന്റെ ചിലയിടങ്ങളില്‍ ഈ ആഴ്ചകളില്‍ ചെറിയ തോതില്‍ മഴ രേഖപ്പെടുത്തിയത് ചെറിയ പ്രതീക്ഷ നല്‍കുന്നുണ്ട്. മാര്‍ച്ച് മാസം അവസാനത്തോടെ വേനല്‍മഴ പ്രതീക്ഷിച്ചാല്‍ മതി. അതുകൊണ്ടുതന്നെ ഇനിയുള്ള 35 ദിവസങ്ങളോളം കടുത്ത ചൂട് സഹിക്കണമെന്ന് കാര്യത്തില്‍ മാറ്റമില്ല.












Click it and Unblock the Notifications