പ്രളയ ദുരിതം; ക്യാമ്പ് വിട്ടു വീടുകളിലെത്തിയവര്‍ കൊടിയ ദുരിതത്തില്‍, വൈദ്യുതി ഇല്ല, വെള്ളമില്ല...
കൊച്ചി: പ്രളയ ദുരിതത്തിനൊടുവില്‍ ക്യാമ്പ് വിട്ടു വീടുകളിലെത്തിയവര്‍ കൊടിയ ദുരിതത്തില്‍. ഡാമുകള്‍ തുറന്നതിനെത്തുടര്‍ന്ന് ജില്ലയിലെ നാലു താലൂക്കുകളുടെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറിയിരുന്നു. പെരിയാറിന്റെ ഇരു കരകളിലും താമസിക്കുന്നവര്‍ അടക്കം 1500 ഓളം വീടുകളില്‍ നിന്നായി പതിനായിരത്തോളം പേര്‍ ജില്ലയില്‍ റവന്യൂ വകുപ്പ് തുറന്ന ദുരിതാശ്വാസ ക്യാമ്പുകളില്‍ അഭയം തേടിയിരുന്നു.
ചെറുതോണി, ഇടമലയാര്‍ ഡാമുകളില്‍ നിന്നുള്ള നീരൊഴുക്ക് കുറഞ്ഞതിനെ തുടര്‍ന്ന് വെള്ളം ഇറങ്ങിയതോടെ ഭൂരിപക്ഷം പേരും വീടുകളിലേക്ക് മടങ്ങുകയായിരുന്നു. എന്നാല്‍ ഇവരെ കാത്തിരുന്നത് ദുരിതം മാത്രം. ചെളി അടിഞ്ഞുകൂടിയ നിലയിലായിരുന്നു ഭൂരിപക്ഷം വീടുകളും. വെള്ളം കുത്തി ഒഴുകിയതിനെത്തുടര്‍ന്ന് ബലക്ഷയം സംഭവിച്ച കെട്ടിടങ്ങളുമുണ്ട്. പല വീടുകളുടെയും വാതിലുകളും ജനലുകളും അടയ്ക്കാന്‍ കഴിയാത്ത തരത്തില്‍ വട്ടച്ച നിലയിലാണ്. സിമന്റ് ഇളകിയും ഭിത്തിയില്‍ വിള്ളല്‍ വീണും ചാര്‍ത്തുകള്‍ തകര്‍ന്നും പലതും അപകട ഭീഷണി ഉയര്‍ത്തുന്നു.

പ്രളയബാധിത മേഖലയില്‍ വൈദ്യുതി വിതരണം ഇനിയും സാധാരണമാകാത്തതിനാല്‍ മോട്ടോര്‍ പമ്പ് സെറ്റുകള്‍ പ്രവര്‍ത്തിപ്പിക്കാനാകുന്നില്ല. ഇതോടെ വീടുകളുടെ ശുചീകരണത്തിന് വെള്ളം കിട്ടാത്ത സ്ഥിതിയായി. ഇഴജന്തുക്കളുടെ ശല്യമാണ് മറ്റൊരു പ്രശ്‌നം. വീട്ടില്‍ തിരിച്ചെത്തിയവരില്‍ പലരും കുട്ടികളെയും വയോധികരെയും ബന്ധുവീടുകളിലാണ് താമസിപ്പിച്ചിരിക്കുന്നത്. പെരിയാറിലും കൈവഴികളിലും വന്‍തോതില്‍ ചെളി അടിഞ്ഞുകൂടിയത് ശുദ്ധജല പമ്പിങ്ങിനെയും സാരമായി ബാധിച്ചിട്ടുണ്ട്.
ചെളിയുടെ ആധിക്യംമൂലം പെരിയാറിലെ യഥാര്‍ത്ഥ ജലനിരപ്പ് തിരിച്ചറിയാനും ആകുന്നില്ല. പറവൂര്‍ മേഖലയില്‍ പലയിടങ്ങളിലും ജീവിതം ദുരിതപൂര്‍ണ്ണമായി തുടരുന്നു. വെള്ളം ഇറങ്ങിയെങ്കിലും മഴ ശക്തമായി തുടരുന്നത് ജനങ്ങളില്‍ ഭീതി പടര്‍ത്തുന്നു. വേലിയേറ്റം ശക്തിപ്രാപിച്ചതും കടല്‍ ശാന്തമാകാത്തതും തീരദേശവാസികള്‍ക്കും തിരിച്ചടിയായി. മുന്‍ ദിവസങ്ങളില്‍നിന്നു വ്യത്യസ്തമായി മഴയ്‌ക്കൊപ്പം ശക്തമായും കാറ്റും വീശുന്നു. ഇത് കൃഷിനാശത്തിന്റെ ആക്കം കൂട്ടി. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടതോടെ ദിവസങ്ങളായി കൃഷികള്‍ ചീഞ്ഞ് നശിക്കുന്നു.
കിഴക്കന്‍ മേഖലയിലെ റബര്‍ തോട്ടങ്ങള്‍ക്കുപോലും ഇത് ഭീഷണിയായിട്ടുണ്ട്. വേര് ചീഞ്ഞ് റബര്‍ മരങ്ങള്‍ കടപുഴകുന്നതു വ്യാപകമായി. ഇതിനിടെ പൊതുസ്ഥലങ്ങളും വീടുകളും ശുചീകരിക്കുന്നതിന് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ശ്രമം ആരംഭിച്ചു. വീടുകള്‍ വൃത്തിയാക്കുന്നതിനു ദുരിതാശ്വാസമായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള പണം ഉടന്‍ വിതരണം ചെയ്യും.
വെള്ളം കയറിയ മേഖലകളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ആരോഗ്യവകുപ്പ്്, ശുചിത്വമിഷന്‍ എന്നിവ സംയുക്ത പദ്ധതിക്കു രൂപം നല്‍കി. സന്നദ്ധ സംഘടനകള്‍, യുവജന സംഘടനകള്‍ എന്നിവയുടെ സഹകരണവും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമവും സമയബന്ധിതവുമായി നടപ്പാക്കാനായില്ലെങ്കില്‍ പകര്‍ച്ചവ്യാധികള്‍ പടരാന്‍ ഇടയുണ്ടെന്ന മുന്നറിയിപ്പ് ആരോഗ്യവകുപ്പും നല്‍കിക്കഴിഞ്ഞു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.
Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08
keralacmrdf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.












Click it and Unblock the Notifications