ഇസ്രായേലിനേയും കേരളത്തേയും ബന്ധിപ്പിക്കുന്ന കൊച്ചിയിലെ ജൂതര്‍; ജൂതതെരുവിലും അതീവ സുരക്ഷ
രണ്ട് ദിവസമായി തുടരുന്ന ഇസ്രായേല്‍-ഹമാസ് യുദ്ധം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. ഇസ്രായേലിലും പലസ്തീനിലുമായി ആയിരത്തലധികം പേരാണ് യുദ്ധത്തില്‍ കൊല്ലപ്പെട്ടിരിക്കുന്നത്. അപ്രതീക്ഷിതമായി ഇസ്രായേലിലേക്ക് ഹമാസ് കടന്ന് കയറി ആക്രമണം നടത്തിയതിനാല്‍ തന്നെ ലോകരാഷ്ട്രങ്ങളില്‍ ഭൂരിഭാഗം പേരുടേയും പിന്തുണ ഇസ്രായേലിനാണ്. ഇസ്രയേലുമായി ശക്തമായ നയതന്ത്ര ബന്ധമാണ് ഇന്ത്യയ്ക്കുമുള്ളത്.
എന്നാല്‍ അതിലെല്ലാമുപരി കേരളത്തിലും ഇസ്രായേല്‍-ഹമാസ് യുദ്ധം അലയൊലികള്‍ തീര്‍ക്കുന്നുണ്ട്. പലസ്തീന്‍ ഐക്യദാര്‍ഢ്യം എന്നത് കൊണ്ടോ യുദ്ധവിരുദ്ധ വികാരം എന്നത് കൊണ്ടോ മാത്രമല്ല അത്. വിരലിലെണ്ണാവുന്നതാണെങ്കിലും കൊച്ചിയിലെ മട്ടാഞ്ചേരിയില്‍ ഇന്നും നിലനില്‍ക്കുന്നുണ്ട് ജൂത വിഭാഗം. അതിനാല്‍ തന്നെ പലസ്തീന്‍-ഇസ്രായേല്‍ സംഘര്‍ഷങ്ങള്‍ എപ്പോള്‍ പൊട്ടിപ്പുറപ്പെട്ടാലും മട്ടാഞ്ചേരിയിലെ ജൂതരും ചര്‍ച്ചയിലേക്ക് വരും.

നിലവില്‍ മട്ടാഞ്ചേരിയില്‍ ഒന്നോ രണ്ടോ വീടുകളെ പരദേശി ജൂതരുടേതായിട്ടുള്ളൂ. അതില്‍ തന്നെ താമസിക്കുന്നവരില്‍ പലരും വളരെ പ്രായമേറിയവരാണ്. യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ കൊച്ചിയിലെ പരദേശി ജൂതര്‍ താമസിക്കുന്ന പ്രദേശത്ത് സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. ജൂതര്‍ താമസിക്കുന്ന വീടുകളിലും അവരുടെ ആരാധനാലയമായ സിനഗോഗിലും എല്ലാം പൊലീസുകാരെ നിയോഗിച്ചിട്ടുണ്ട്. ഫോട്ടോയും വീഡിയോയും എടുക്കുന്നതിലും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.
ഏഴ് ദിവസത്തേക്ക് ഈ ഒരു നിയന്ത്രണമുണ്ട് എന്നാണ് അറിയാന്‍ കഴിഞ്ഞത്. ഒരു കാലത്ത് മട്ടാഞ്ചേരിയില്‍ പ്രബലമായ സാന്നിധ്യമായിരുന്നു ജൂത സമുദായത്തിന് ഉണ്ടായിരുന്നത്. എന്നാല്‍ 1948 ല്‍ ഇസ്രയേല്‍ രാജ്യം നിലവില്‍ വന്നതോടെ ഇവിടത്തെ ജൂതര്‍ അവിടേക്ക് കുടിയേറ്റം ആരംഭിച്ചു. 1970 കള്‍ ആയപ്പോഴേക്കും ഭൂരിഭാഗം ജൂതരും ഇസ്രയേലിലേയ്ക്ക് കുടിയേറിയിരുന്നു.
സിനഗോഗിലെ പ്രാര്‍ത്ഥനകള്‍ പോലും നിര്‍ത്തിവെക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. 41 വര്‍ഷം മുമ്പ് സിനഗോഗിലെ പ്രാര്‍ത്ഥന നിര്‍ത്തിയിരുന്നു. 15 -ാം നൂറ്റാണ്ടിന്റെ അവസാനത്തിലും 16 -ാം നൂറ്റാണ്ടിന്റെ തുടക്കത്തിലുമാണ് ജൂതര്‍ കൊച്ചിയിലെത്തുന്നത്. ജറുസലേം, ബാഗ്ദാദ്, സ്‌പെയിന്‍, പോര്‍ച്ചുഗല്‍, തുടങ്ങിയ രാജ്യങ്ങളില്‍ നിന്നെത്തിയവരായിരുന്നു ഇവരില്‍ ഭൂരിഭാഗം പേരും.
വൈകാതെ ഇവര്‍ കൊച്ചിയുടെ വാണിജ്യത്തിന്റെയും സംസ്‌കാരത്തിന്റെയും അവിഭാജ്യ ഘടകമായി മാറി. ഇസ്രായേലിന്റെ രൂപീകരണം വരെ ജൂതര്‍ കൊച്ചിയിലെ നിറസാന്നിധ്യമായിരുന്നു. എന്നാല്‍ ക്രമേണ ഇവരുടെ എണ്ണം കുറഞ്ഞുവന്നു. എങ്കിലും അവരുടെ സാന്നിധ്യം അതിന്റെ ചരിത്രത്തിലും സംസ്‌കാരത്തിലും അടയാളപ്പെടുത്തി. മട്ടാഞ്ചേരിയിലെ സിനഗോഗുകളും വീടുകളും ഇന്നും അതിന്റെ നേര്‍സാക്ഷ്യമാണ്.
മട്ടാഞ്ചേരിയിലെ പ്രസിദ്ധമായ പരദേശി സിനഗോഗില്‍ നിന്ന് ഏതാനും മീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന തെക്കുംഭാഗം സിനഗോഗ് 1687 - ലാണ് നിര്‍മ്മിച്ചത്. 1950 - കളില്‍ മിക്ക സഭകളും ഇസ്രായേലിലേക്ക് പോയപ്പോള്‍ സിനഗോഗ് തകര്‍ച്ചയിലായി. കൊച്ചി ഉപേക്ഷിച്ച ജൂതന്മാര്‍ ഇസ്രായേലിലെ തങ്ങളുടെ പുതിയ ജീവിതം പടുത്തുയര്‍ത്താന്‍ അവര്‍ തങ്ങളുടെ സ്വത്തിന്റെ ഭൂരിഭാഗവും വിറ്റു.
ഈ അവശിഷ്ടങ്ങളില്‍ പലതും ഇസ്രായേലിലെയും മറ്റിടങ്ങളിലെയും മ്യൂസിയങ്ങളിലേക്കും സ്വകാര്യ ശേഖരങ്ങളിലേക്കും എത്തിയിട്ടുണ്ട്. കേരളത്തിലെ ജൂതപ്പള്ളികളെല്ലാം ഇപ്പോള്‍ സംരക്ഷിത പൈതൃക മേഖലകളാണ്. ഈ വര്‍ഷം മേയ് മാസത്തില്‍ 15 വര്‍ഷത്തിന് കൊച്ചി ഒരു ജൂത വിവാഹത്തിന് സാക്ഷിയായിരുന്നു. ക്രൈംബ്രാഞ്ച് മുന്‍ എസ്പി ബിനോയ് മലാഖൈയുടെയും ക്ലിനിക്കല്‍ സൈക്കോളജിസ്റ്റായ മഞ്ജുഷ മിറിയം ഇമ്മാനുവേലിന്റെയും മകളായ റേച്ചല്‍ മലാഖൈയും അമേരിക്കക്കാരനായ റിച്ചാര്‍ഡ് സാക്കറി റോവുമാണ് കൊച്ചിയില്‍ പരമ്പരാഗതമായ ജൂത ആചാരങ്ങളോടെ വിവാഹിതരായത്.
ആചാര പ്രകാരം വിവാഹത്തിന് കാര്‍മികത്വം വഹിക്കാനുള്ള റബായി (പുരോഹിതന്‍) ആരിയല്‍ സിയോണ്‍ ഇസ്രയേലില്‍ നിന്നായിരുന്നു എത്തിയത്. പരമ്പരാഗത ജൂത സമ്പ്രദായങ്ങളുടെ എല്ലാ ചിട്ടകളോടെയുമായിരുന്നു ഈ വിവാഹം.












Click it and Unblock the Notifications