'ഇനി മദ്യപിച്ച് വാഹനം ഓടിക്കില്ല'; മദ്യപിച്ച് ബസ് ഓടിച്ച ഡ്രൈവര്‍മാര്‍ക്ക് മുട്ടന്‍ പണി, 1000 തവണ ഇംപോസിഷന്‍
പിടിയിലായവരില്‍ നാല് പേര്‍ സ്‌കൂള്‍ ബസ് ഡ്രൈവര്‍മാരാണ്. രണ്ട് പേര്‍ കെ എസ് ആര്‍ ടി സി ബസ് ഡ്രൈവര്‍മാരുമാണ്.

തൃപ്പൂണിത്തുറ: മദ്യപിച്ച് വാഹനം ഓടിച്ച ബസ് ഡ്രൈവര്‍മാര്‍ക്ക് പൊലീസിന്റെ വക ഇംപോസിഷന്‍ ശിക്ഷ. തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ച് മണി മുതല്‍ ഒമ്പത് മണി വരെ നടത്തിയ പരിശോധനയിലാണ് ബസ് ഡ്രൈവര്‍മാര്‍ പിടിയിലായചത്. ഹില്‍പാലസ് ഇന്‍സ്‌പെക്ടര്‍ വി ഗോപകുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ പ്രത്യേക പരിശോധനയിലാണ് ഇവര്‍ അറസ്റ്റിലായത്. പിടിയിലായ 16 ഡ്രൈവര്‍മാരെ കൊണ്ട് 1000 തവണ ഇനി മദ്യപിച്ച് ബസ് ഓടിക്കില്ലെന്ന് ഇംപോസിഷന്‍ എഴുതിച്ച ശേഷമാണ് ജാമ്യത്തില്‍ വിട്ടയച്ചത്.
പിടിയിലായവരില്‍ നാല് പേര്‍ സ്‌കൂള്‍ ബസ് ഡ്രൈവര്‍മാരാണ്. രണ്ട് പേര്‍ കെ എസ് ആര്‍ ടി സി ബസ് ഡ്രൈവര്‍മാരുമാണ്. പത്ത് പേര്‍ പ്രൈവറ്റ് ബസ് ഓടിച്ചവരാണ്. കരിങ്ങാച്ചിറ, വൈക്കം റോഡ് എന്നിവിടങ്ങളില്‍ രണ്ട് സംഘങ്ങളായിട്ടായിരുന്നു പരിശോധന നടത്തിയത്. പിടികൂടിയ ബസിലെ യാത്രക്കാരെ പൊലീസ് ഡ്രൈവര്‍മാര്‍ തൃപ്പൂണിത്തുറ ബസ് സ്റ്റാന്‍ഡില്‍ എത്തിച്ചു. അവിടെ വച്ച് തുടര്‍ യാത്ര സൗകര്യം ഏര്‍പ്പെടുത്തി.
സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ മഫ്തിയിലുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ അവരവരുടെ സ്‌കൂളില്‍ എത്തിച്ചു. കെ എസ് ആര്‍ ടി സി ഡ്രൈവര്‍മാര്‍ക്കെതിരെയുള്ള പ്രത്യേക റിപ്പോര്‍ട്ട് ബന്ധപ്പെട്ട അധികാരികള്‍ക്ക് അയക്കും. കൂടാതെ പിടിയിലായ ഡ്രൈവര്‍മാരുടെ ലൈസന്‍സ് റദ്ദാക്കും. ഇവര്‍ ഓടിച്ചിരുന്ന വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. വരും ദിവസങ്ങളില്‍ പരിശോധന കര്‍ശനമാക്കുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.












Click it and Unblock the Notifications