അടിയൊഴുക്കിൽ പെട്ടു നീന്താനാകാതെ സഹായത്തിന് അലറി വിളിച്ചു; തീരത്തു ജനം കൂടിയെങ്കിലും ആരും കടലിൽ ചാടിയില്ല, ഔദംഗബാദ് സ്വദേശിയ്ക്ക് രക്ഷകനായി നാവികസേന ഉദ്യോസ്ഥൻ
കൊച്ചി: വൈപ്പിൻ ബീച്ച് സന്ദർശിക്കാൻ എത്തിയ നാവികസേനാ ഉദ്യോഗസ്ഥൻ കടലിൽമുങ്ങിത്താഴ്ന്ന ഔറംഗബാദ് സ്വദേശി ദിലീപ് കുമാറിന്റെ രക്ഷകനായി. കഴിഞ്ഞ ദിവസം വൈകിട്ട് ഭാര്യയ്ക്കൊപ്പം ബീച്ചിലെത്തിയ നാവിക സേനയുടെ ഹൈഡ്രോഗ്രാഫിക് കപ്പൽ ഐഎൻഎസ് സത്ലജിലെ നാവിഗേറ്റിങ് ഓഫിസർ ലെഫ്റ്റനന്റ് രാഹുൽ ദലാൽ ആണ് അപ്രതീക്ഷത രക്ഷാദൗത്യം ഏറ്റെടുത്തത്.
ശക്തമായ അടിയൊഴുക്കിൽ പെട്ടു നീന്താനാകാതെ സഹായത്തിന് അലറി വിളിക്കുന്ന ദിലീപിനെ കണ്ടു തീരത്തു ജനം കൂടിയെങ്കിലും ആരും കടലിൽ ചാടാനും രക്ഷപ്പെടുത്താനും തയ്യാറായില്ല. ഇതുകണ്ട ലെഫ്.രാഹുൽ ദലാൽ സമയം കളയാതെ കടലിൽ ചാടുകയായിരുന്നു. നിമിഷങ്ങൾക്കുള്ളിൽ ദിലീപിനെ കിട്ടിയെങ്കിലും കരയിലേക്ക് നീന്തിയെത്താൻ സാധിച്ചില്ല. അടിയൊഴുക്കും ശക്തമായ തിരയും മൂലം കടലിൽ തന്നെ കിടക്കേണ്ടി വന്നു. പരിഭ്രാന്തനായിരുന്ന ദിലീപ് പ്രാണരക്ഷാർഥം രാഹുൽ ദലാലിനെ പിടിച്ചു വലിച്ചത് ഇരുവരുടെയും ജീവൻ അപകടത്തിലാക്കി.

ശാന്തനാകാനും തന്റെ തോളിൽ പിടിച്ചു കിടക്കാനും രാഹുൽ ആവശ്യപ്പെട്ടു. അപ്പോഴേക്കും 20 മിനിറ്റ് പിന്നിട്ടിരുന്നു. തുടർന്നു ദിലീപുമായി കരയിലേക്ക് നീന്തിക്കയറി. ഭാരക്കൂടുതലുള്ളതിനാൽ ഏറെ പണിപ്പെട്ടാണു കരയിൽ എത്തിച്ചത്. ഇതിനിടെ പ്രദേശ വാസികളും സഹായത്തിന് എത്തി.

തീരത്ത് എത്തിയപ്പോൾ ദിലീപിന്റെ അവസ്ഥ ആശങ്കാജനകമായിരുന്നു. അബോധാവസ്ഥയിൽ ശ്വാസം ശരിക്കും എടുക്കാൻ സാധിക്കുന്നുണ്ടായിരുന്നില്ല. പ്രഥമശുശ്രൂഷയുടെ ഭാഗമായി രാഹുൽ ഇയാളുടെ വായ് തുറന്നു പരിശോധിച്ചപ്പോൾ മരച്ചില്ലയുടെ അവശിഷ്ടങ്ങൾ കുടുങ്ങിയതായി കണ്ടെത്തി. ഇവ നീക്കം ചെയ്തു നെഞ്ചിൽ അമർത്തി ശുശ്രൂഷ നൽകിയതോടെ ശ്വാസം പതിവുപടിയായി. തുടർന്ന് പൊലീസ് എത്തി സർക്കാർ ആശുപത്രിയിൽ എത്തിച്ചു. അപകടനില തരണം ചെയ്ത ശേഷം പിന്നീട് ആശുപത്രി വിട്ടു.












Click it and Unblock the Notifications