കൊലയാളി ബസുകൾക്ക് പിടി വീഴുന്നു; 76 ബസുകളിൽ പരിശോധന, 11 എണ്ണത്തിന് പിഴ
കൊച്ചി: അന്തർ സംസ്ഥാന ടൂറിസ്റ്റ് ബസുകൾ കേന്ദ്രീകരിച്ചു ജില്ലയിൽ മോട്ടോർവാഹന വകുപ്പിന്റെ പരിശോധന തുടരുന്നു. ഇന്നലെ രാവിലെ 76 ടൂറിസ്റ്റ് ബസുകൾ പരിശോധിച്ചു. ദേശീയപാതയിൽ പാലാരിവട്ടം, വൈറ്റില, ഇടപ്പള്ളി എന്നിവിടങ്ങൾ കേന്ദ്രീകരിച്ചു രാവിലെ അഞ്ചു മുതൽ ഒൻപതു വരെയായിരുന്നു പരിശോധന.
പെർമിറ്റ് പ്രകാരമാണോ സർവീസ് നടത്തുന്നതെന്ന് കണ്ടെത്താൻ വേണ്ടിയായിരുന്നു പരിശോധനയെന്നു മോട്ടോർ വാഹന വകുപ്പ് അറിയിച്ചു. 76 ബസുകളിൽ 11 എണ്ണത്തിന് 5000 രൂപ വീതം മൊത്തം 55,000 രൂപ പിഴ ചുമത്തി. ഇതിൽ ഏഴ് ടൂറിസ്റ്റ് ബസുകൾ ഉടൻ പിഴ ഒടുക്കി. മറ്റുള്ളവയ്ക്കു സമയം അനുവദിച്ചു. കോൺട്രാക്റ്റ് കാര്യേജ് പെർമിറ്റുള്ള ടൂറിസ്റ്റ് ബസിൽ ചട്ടം ലംഘിച്ചു വ്യത്യസ്ത യാത്രാ നിരക്കുകൾ ഈടാക്കിയതിനും അനുവദനീയമല്ലാത്ത സ്റ്റോപ്പുകളിൽ നിന്നും യാത്രക്കാരെ ഇറക്കുകയും കയറ്റുകയും ചെയ്തതിനുമാണ് പിഴ ചുമത്തിയത്. സ്റ്റേറ്റ് കാര്യേജ് ലൈസൻസ് ഉള്ള ബസുകൾക്കു മാത്രമാണ് വ്യത്യസ്ത നിരക്കിന് അനുമതിയുള്ളത്.

അനധികൃതമായി ചരക്ക് കയറ്റിയതിനും പിഴ ഈടാക്കി. മിക്ക ടൂറിസ്റ്റ് ബസുകളിലും പെർമിറ്റ് ലംഘിച്ച് ഹാർഡ്വെയർ ഉത്പന്നങ്ങളും ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് ഉത്പന്നങ്ങളും കടത്തുന്നതായി കണ്ടെത്തി. 11 ടൂറിസ്റ്റ് ബസുകൾക്കു മാത്രമാണ് പിഴ ചുമത്തിയതെങ്കിലും പരിശോധന നടത്തിയ മിക്ക ബസുകളിലും പെർമിറ്റ് ലംഘനം കണ്ടെത്തി. ഈ ബസുകൾക്ക് പാലക്കാടും തൃശൂരും ഇന്നലെ പുലർച്ചെ മോട്ടോർവാഹന വകുപ്പ് അധികൃതർ പിഴ ചുമത്തിയതിനെ തുടർന്നാണ് കൊച്ചിയിൽ ഒഴിവാക്കിയത്.
എൻഫോഴ്സ്മെന്റ് ആർടിഒ കെ.മനോജ്കുമാർ, എറണാകുളം ആർടിഒ ജോജി പി.ജോസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. മോട്ടോർ വെഹിക്കിൾസ് ഇൻസ്പെക്റ്റർമാരായ ദീപു, തമ്പി, സ്മിത എന്നിവരുടെ നേതൃത്വത്തിലുള്ള മൂന്നു സ്ക്വാഡുകളാണ് പരിശോധിച്ചത്.












Click it and Unblock the Notifications