Get Updates
Get notified of breaking news, exclusive insights, and must-see stories!

മട്ടാഞ്ചേരിയിലെ താഹ ഇബ്രാഹിം: ജൂത-മുസ്ലീം സൗഹൃദത്തിന്റെ ഉദാഹരണം

കൊച്ചി: ഇസ്രായേല്‍ - ഹമാസ് യുദ്ധം രൂക്ഷമായിക്കൊണ്ടിരിക്കുമ്പോള്‍ അതില്‍ ഉള്ള് പിടയുന്ന ഒരാളുണ്ട് കൊച്ചിയില്‍. മട്ടാഞ്ചേരിയിലെ പരദേശി സിനഗോഗിന്റെ ഇടുങ്ങിയ ഇടനാഴികളില്‍ സാറ ജേക്കബ് കോഹെന്‍ എന്ന ജൂത മുത്തശ്ശിയെ മരണം വരെ സ്വന്തം മകനെ പോലെ നിന്ന് സംരക്ഷിച്ച താഹ ഇബ്രാഹിം എന്ന മുസ്ലീം മതവിശ്വാസി. അതെ, ഇസ്രായേല്‍-ഹമാസ് സംഘര്‍ഷത്തിലെ മതവിദ്വേഷം തേടിപ്പോകുന്നവരോട് താഹ ഇബ്രാഹിം അതിലെ രാഷ്ട്രീയ പ്രശ്‌നങ്ങളാണ് ഉയര്‍ത്തി കാണിക്കുന്നത്.

മട്ടാഞ്ചേരിയിലെ ഏറ്റവും മുതിര്‍ന്ന ജൂത മുത്തശ്ശിയായിരുന്നു സാറ കോഹെന്‍. തന്റെ 96-ാം വയസിലാണ് അവര്‍ വിടപറയുന്നത്. ജൂതന്‍മാരും മുസ്ലീങ്ങളും തമ്മിലുള്ള വിദ്വേഷമാണ് ഇസ്രായേല്‍-പലസ്തീന്‍ സംഘര്‍ഷം എന്ന് പറയുന്നവര്‍ താഹ ഇബ്രാഹിം വണ്‍ഇന്ത്യ മലയാളത്തോട് പറഞ്ഞ ഈ വാക്കുകള്‍ കേള്‍ക്കാതെ പോകരുത്...

Israel Palestine War

'സാറ കോഹന്റെ വീടിന്റെ ഒരു ഭാഗമാണ് എനിക്ക് കച്ചവടം ചെയ്യാനായി തന്നത്. അവര്‍ക്ക് മക്കളുണ്ടായിരുന്നില്ല. എന്റെ 13-ാം വയസില്‍ തെരുവില്‍ സാധനങ്ങള്‍ വില്‍ക്കാന്‍ വന്നതാണ് ഞാന്‍. അന്ന് അവര്‍ എന്നെ ഏറ്റെടുത്തതാണ്. ആന്റിയെ രണ്ട് ജീവനക്കാരെ വെച്ചാണ് ഞാന്‍ നോക്കിയത്. ആന്റി എനിക്ക് ഒരു മകന്റെ സ്ഥാനമാണ് തന്നത്. മരണാനന്തര ചടങ്ങിലൊക്കെ എന്താണ് ചെയ്യേണ്ടത് എന്ന് പറഞ്ഞ് പഠിപ്പിച്ചു.

മരിച്ച് ഒമ്പത് മാസം കഴിയുമ്പോള്‍ മൃതദേഹം സംസ്‌കരിച്ച സമയത്ത് ഒരു കല്ലറ പണിയും. അതില്‍ ചെയ്യേണ്ട കാര്യങ്ങളെല്ലാം പറഞ്ഞ് തന്നിരുന്നു. ആന്റി നാലഞ്ച് തവണ ഇസ്രായേലില്‍ പോയിട്ടുണ്ട്. ആന്റിയുടെ സഹോദരിയും സഹോദരനുമൊക്കെ ഇസ്രായേലിലാണ്. ഇസ്രായേല്‍ രൂപീകരിച്ചത് തൊട്ട് ആളുകള്‍ അവിടേക്ക് പോകാന്‍ തുടങ്ങി. പരദേശി ജൂതന്‍മാരില്‍ കുറച്ച് പേര്‍ മാത്രം ഇവിടെ നിന്നു.

അവരായിരുന്നു പള്ളി നടത്തിയത്. ഞാന്‍ വരുന്നത് 82-83 കാലത്തിലാണ്. അന്ന് 30 ല്‍ പേരെ താഴെയെ ഉണ്ടായിരുന്നുള്ളൂ. ഏകദേശം 10-14 വീടും. ഇവര്‍ക്ക് വിവാഹം ചെയ്യാന്‍ വധു വരന്‍മാര്‍ ഇല്ലാത്ത സാഹചര്യമായിരുന്നു. അങ്ങനെ വന്നപ്പോള്‍ ഇവരെല്ലാം സ്വാഭാവികമായി ഇസ്രായേലിലേക്ക് പോയി. നമ്മുടെ നാടാണ് അവര്‍ക്ക് ഇഷ്ടം. മക്കള്‍ പോയി സെറ്റില്‍ഡായിട്ടും അമ്മയും അച്ഛനും ഇവിടെ തന്നെ നിന്ന് മരിച്ച ആളുകളൊക്കെ ഇവിടെയുണ്ട്.

Israel Palestine War

സാറ കോഹന്റെ ഭര്‍ത്താവ് മരിച്ച് കഴിഞ്ഞതിന് ശേഷമാണ് ഇതൊക്കെ ഞാന്‍ പഠിച്ചത്. എറണാകുളത്ത് 15 ല്‍ താഴെ പേരെ ജൂതരായിട്ടുള്ളൂ. ഇസ്രായേല്‍ പ്രശ്‌നത്തിന്റെ പേരില്‍ കേരളത്തിലുള്ളവര്‍ ആശങ്കപ്പെടേണ്ട ആവശ്യമില്ല. കാരണം ഇവര്‍ പോകാന്‍ തുടങ്ങിയ കാലഘട്ടം മുതല്‍ ഒരുപാട് പ്രശ്‌നങ്ങള്‍ അകത്തും പുറത്തും നടന്നിട്ടുണ്ട്. എന്നാല്‍ കേരളത്തിലോ കൊച്ചിയിലോ അങ്ങനെ പ്രശ്‌നമുണ്ടായിട്ടില്ല.

അതിന്റെ ഉദാഹരണമാണ് ഞാന്‍. കാരണം അങ്ങനെ ഒന്നുണ്ടെങ്കില്‍ മുസ്ലീങ്ങള്‍ക്ക് ജൂതന്‍മാരുടെ വീട്ടില്‍ കയറാന്‍ പോലും സാധിക്കില്ല. മുസ്ലീം-ജൂത യുദ്ധമായിട്ട് ഇതിനെ ഒരിക്കലും കാണരുത്. ലോകത്ത് എവിടെ നടക്കുന്ന യുദ്ധത്തിലും പൊൡറ്റിക്കല്‍ അജണ്ടയുണ്ടായിരിക്കും. അത് നമ്മള്‍ തിരിച്ചറിയണം. ഇസ്രായേലിലെ ഒന്ന് രണ്ട് പള്ളികളില്‍ ഞാന്‍ പോയപ്പോഴും അവിടത്തെ സ്ഥലങ്ങള്‍ എനിക്ക് കാണിച്ച് തന്നപ്പോള്‍ അവര്‍ക്കൊരു വിരോധവുമില്ലായിരുന്നു.

2020 ലാണ് ഞാന്‍ ഇസ്രായേലില്‍ പോയത്. ഇസ്രായേലില്‍ സംഭവിക്കുന്ന കാര്യങ്ങളെ കുറിച്ച് അറിയുമ്പോള്‍ അമ്പരപ്പും വിഷമവും ഉണ്ട്. അവിടെ എല്ലായിടത്തും നല്ല സുരക്ഷയുണ്ട്. അവര്‍ അവരുടെ നാട്ടില്‍ സമാധാനമായിട്ട് ജീവിക്കുന്നു. അതിന്റെ ഇടയിലും മുസ്ലീങ്ങള്‍ ഉണ്ട്. പലസ്തീന്‍ പ്രശ്‌നം ചോദിച്ചപ്പോള്‍ അങ്ങനെ ഒന്നുമില്ല എന്നാണ് എന്നോട് ഒരാള്‍ പറഞ്ഞത്. ഇസ്രായേലിലുള്ള മുസ്ലീങ്ങള്‍ക്ക് അതൊരു സ്വര്‍ഗമാണ് എന്നാണ് അദ്ദേഹം പറഞ്ഞത്.

കേരളത്തോട് ഇവിടെ നിന്ന് പോയവര്‍ക്ക് ഇപ്പോഴും ഇഷ്ടമുണ്ട്. ഏറ്റവും കൂടുതല്‍ പറ്റിക്കപ്പെട്ട മനുഷ്യരും ത്യാഗം സഹിച്ചവരും ജൂതന്‍മാരാണ് എന്നാണ് ഞാന്‍ മനസിലാക്കിയത്. എന്റെ മതവിശ്വാസങ്ങളും ആചാരങ്ങളും ഞാന്‍ മുറുകെ പിടിക്കുന്നുണ്ടെങ്കിലും ശനിയാഴ്ച ഞാന്‍ ഇവിടെ കച്ചവടം ചെയ്യുന്നില്ല. ആന്റിയോടുള്ള മെമ്മറി കീപ്പ് ചെയ്യുന്നതാണ്. അവരുടെ ആണ്ടിന്റെ അന്ന് അവിടെ പോയിട്ട് ഞാന്‍ വിളക്ക് വെക്കാറുണ്ട്.

മതപരമായിട്ട് അത് ശരിയോ തെറ്റോ എന്ന് അറിയില്ല. എന്റെ കല്ലറയില്‍ നീ ഒരു വിളക്ക് വെക്കണം എന്ന് അവര്‍ പറഞ്ഞിട്ടുണ്ടെങ്കില്‍ മുസ്ലീമിനെ സംബന്ധിച്ച് അതൊരു ഒസ്യത്താണ്, നമ്മള്‍ ഒരാള്‍ക്ക് ഒരു വാക്ക് കൊടുത്തിട്ടുണ്ടെങ്കില്‍ മരണം വരെ അത് പാലിക്കണം. ഇസ്രായേലില്‍ അവസരം കിട്ടിയാല്‍ ഇനിയും പോകും. ഹിറ്റ്‌ലറിന്റെ കാലത്ത് ഒരുപാട് ബുദ്ധിമുട്ടുണ്ടായിട്ട് ജര്‍മനിയില്‍ നിന്ന് വരെ ഇവിടെക്ക് ജൂതര്‍ എത്തിയിട്ടുണ്ട്. കൊച്ചിയല്ലാതെ ജൂതര്‍ക്ക് ഇത്രയും സുരക്ഷയുള്ള വേറെ സ്ഥലമില്ല.

കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുള്ള സമയത്തും ഇവിടെ ജൂതര്‍ ജീവിച്ചിട്ടുണ്ട്. ഇവിടെ മുസ്ലീം-ജൂത വേര്‍തിരിവ് ഉണ്ടായിട്ടില്ല. പിന്നെ ഉണ്ടാകുന്ന രാഷ്ട്രീയമാണ്. അത് ലോകത്തെവിടെ ആണെങ്കിലും അങ്ങനെയാണ്. കൊച്ചിയിലേക്ക് ഒരു കപ്പലില്‍ ഒന്നിച്ച് ഉണ്ടും ഉറങ്ങിയും വന്നവരാണ് ജൂതരും മുസ്ലീങ്ങളും എന്ന് ഞാന്‍ കേട്ടിട്ടുണ്ട്. അവര്‍ ഇവിടെ പിടിച്ചെടുക്കാന്‍ വന്നവരല്ല. എന്നാല്‍ പോര്‍ച്ചുഗീസുകാര്‍ വന്നത് അങ്ങനെയല്ലല്ലോ'

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+