സുരേന്ദ്രന്‍ ചര്‍ച്ചയ്ക്ക് തയ്യാറായില്ല; ബിജെപി വിമതര്‍ ആം ആദ്മിയിലേക്കെന്ന് റിപ്പോര്‍ട്ട്
എറണാകുളം: ജില്ലയിലെ ബി ജെ പി നേതാക്കള്‍ ആം ആദ്മിയിലേക്ക് പോകാന്‍ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. റിപ്പോര്‍ട്ടര്‍ ടി വിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. ജില്ലയില്‍ ബി ജെ പി നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുന്ന ഒരു കൂട്ടം പ്രവര്‍ത്തകരാണ് ആം ആദ്മിയിലേക്ക് ചേക്കാറാനൊരുങ്ങുന്നത്. ഇക്കഴിഞ്ഞ തദ്ദേശ - നിയമസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുണ്ടായ അസ്വാരസ്യങ്ങളില്‍ പാര്‍ട്ടിയില്‍ നിന്നും അകന്നവരാണ് ആം ആദ്മിയിലേക്ക് പോകാനൊരുങ്ങുന്നത്.
ആം ആദ്മി അംഗത്വത്തിനായി മിസ്ഡ് കോളില്‍ ബന്ധപ്പെട്ടു എന്നാണ് വിവരം. ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ സാന്നിധ്യത്തില്‍ പ്രശ്നം ചര്‍ച്ച ചെയ്ത് പരിഹരിക്കാമെന്ന് ഒരു വിഭാഗം മുന്നോട്ട് വെച്ചെങ്കിലും സുരേന്ദ്രന്‍ തയ്യാറാവാത്തത് വിമതരില്‍ അതൃപ്തിയുണ്ടാക്കി. നെടുമ്പാശ്ശേരി, കീഴ്മാട്, ആലുവ മേഖലകളില്‍ നിന്നാണ് നേതാക്കള്‍ ആം ആദ്മിയിലേക്ക് മാറുന്നത്.

കേരളത്തില്‍ ആം ആദ്മി പാര്‍ട്ടിയുടെ ചുമതലയുള്ള എന്‍ രാജ, അജയ് രാജ് എന്നിവരുമായി വിമത നേതാക്കള്‍ ചര്‍ച്ച നടത്തും എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. പാര്‍ട്ടിയില്‍ നിന്നും വിട്ടു നില്‍ക്കുന്ന ബി ജെ പി പ്രവര്‍ത്തകരെ കൂട്ടമായി തന്നെ പാര്‍ട്ടിയില്‍ എത്തിക്കാനുള്ള നീക്കം ആം ആദ്മിയും ആരംഭിച്ചുവെന്നാണ് വിവരം. ഡല്‍ഹിക്കും പഞ്ചാബിനും പിന്നാലെ ഉത്തര്‍പ്രദേശിലും കേരളത്തിലും ഗുജറാത്തിലും ഹിമാചല്‍ പ്രദേശിലും ഹരിയാനയിലും ഉള്‍പ്പെടെ രാജ്യത്തെ പല സംസ്ഥാനങ്ങളിലും വേരുറപ്പിക്കാനുള്ള നീക്കത്തിലാണ് ആം ആദ്മി പാര്‍ട്ടി.
അടിത്തട്ടില്‍ പ്രവര്‍ത്തനം വ്യാപിപ്പിച്ചും സംഘടനാ ശക്തി തെളിയിച്ചുമായിരിക്കും പാര്‍ട്ടി അടിത്തറ വിപുലീകരിക്കാനുള്ള നീക്കം ആം ആദ്മി നടത്തുക. കേരളത്തില്‍ പാര്‍ട്ടി പുതിയ സംസ്ഥാന കമ്മിറ്റി ഓഫീസ് തുറന്നിരുന്നു. സംസ്ഥാന കമ്മിറ്റിയുടെ പ്രവര്‍ത്തനത്തിനായി കൊച്ചിയിലാണ് പുതിയ ഓഫീസ് തുറന്നിരിക്കുന്നത്. കേരളത്തില്‍ സംഘടനാ സംവിധാനം ശക്തിപ്പെടുത്തി അടുത്ത പഞ്ചായത്ത് നിയമസഭാ തെരെഞ്ഞെടുപ്പുകള്‍ക്കായി സജ്ജമാക്കുകയാണ് ആം ആദ്മി ആദ്യം ലക്ഷ്യം വെക്കുന്നത്. അതേസമയം വരാനിരിക്കുന്ന തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ആം ആദ്മി മത്സരിച്ചേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.
2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തൃക്കാക്കര മണ്ഡലം ഉള്‍പ്പെടുന്ന ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് അനിത പ്രതാപ് ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് 50000 ത്തിലേറെ വോട്ട് നേടിയിരുന്നു. അതേസമയം സി ആര്‍ നീലകണ്ഠന്‍, സാറാ ജോസഫ്, അനിത പ്രതാപ് തുടങ്ങിയവരെല്ലാം ആം ആദ്മിയില്‍ ഇപ്പോള്‍ ഇല്ല.












Click it and Unblock the Notifications