പ്രണയവിവാഹം, ഒടുവില്‍ അകന്നു; അഷല്‍ നീനുവിനെ ആക്രമിച്ചത് പിറകിലൂടെ വണ്ടിയോടിച്ചെത്തി: ദൃക്‌സാക്ഷി
എറണാകുളം: കൊച്ചി കളമശേരിയില്‍ നടുറോഡില്‍ ഭര്‍ത്താവിന്റെ ആക്രമണത്തിന് ഇരയായ യുവതിക്ക് ഗുരുതര പരിക്ക്. 26 കാരിയും എറണാകുളം സ്വദേശിയുമായ നീനുവാണ് ഭര്‍ത്താവ് അഷലിന്റെ ആക്രമണത്തിനിരയായത്. നീനുവിനെ അഷല്‍ പെട്ടെന്ന് വന്ന് ആക്രമിക്കുകയായിരുന്നു എന്നാണ് സംഭവത്തിലെ ദൃക്‌സാക്ഷിയായ മനോജ് പറയുന്നത്. പിറകിലൂടെ വണ്ടി ഓടിച്ച് വന്നായിരുന്നു അഷലിന്റെ ആക്രമണം.
പ്രണയിച്ച് വിവാഹം കഴിച്ച ഇരുവരും ഏറെ നാളായി അകന്ന് കഴിയുകയാണ്. നീനുവിന്റെ വീട്ടിലെത്തി അഷല്‍ വഴക്കുണ്ടാക്കാറുണ്ട് എന്നാണ് മനോജ് പറയുന്നത്. നീനുവിന്റെ കഴുത്തിലേറ്റിരിക്കുന്നത് ആഴത്തിലുള്ള മുറിവാണ് എന്നും മനോജ് പ്രതികരിച്ചു. ഇന്ന് രാവിലെ നീനു ജോലി സ്ഥലത്തേക്ക് പോകാനായി ഇറങ്ങിയപ്പോഴായിരുന്നു ആക്രമണം. ഇടപ്പള്ളി ടോള്‍ എകെജി റോഡ് അക്ഷയ സെന്ററിന് സമീപത്ത് വെച്ചായിരുന്നു സംഭവം.

സംസാരം പിന്നീട് തര്‍ക്കത്തിലേക്ക് നീങ്ങിയതോടെ അഷല്‍ കൈയിലുണ്ടായിരുന്ന കത്തിയെടുത്ത് നീനുവിന്റെ കഴുത്തിന് കുത്തുകയായിരുന്നു. ആക്രമിക്കപ്പെട്ട നീനു പ്രാണരക്ഷാര്‍ത്ഥം സമീപത്തെ കടയിലേക്കു ഓടിക്കയറുകയായിരുന്നു. കഴുത്തിലേറ്റ മുറിവ് കൈകൊണ്ട് അമര്‍ത്തിപ്പിടിച്ച് നിലവിളിച്ചു കൊണ്ടാണ് നീനു ഇവിടേക്കെത്തിയതെന്നും രക്തം വാര്‍ന്നൊലിക്കുന്നുണ്ടായിരുന്നു എന്നുമാണ് കടയുടമ പറഞ്ഞത്.
നീനുവിനെ ഉടന്‍ തന്നെ നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. കിന്‍ഡര്‍ ഹോസ്പിറ്റലില്‍ പ്രാഥമിക ചികിത്സയ്ക്കു ശേഷം അമൃത ആശുപത്രിയിലേക്കു മാറ്റിയിരിക്കുകയാണ്. അതേസമയം സംഭവത്തിനു പിന്നാലെ അഷല്‍ കളമശേരി പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. കോമ്പാറ സ്വദേശിയാണ് ഇയാള്‍. എട്ടു വര്‍ഷം മുന്‍പായിരുന്നു നീനുവിന്റേയും അഷലിന്റേയും വിവാഹം.
ഏഴ് വയസുള്ള ഒരു മകനുണ്ട്. നിലവില്‍ ജോലിക്കൊന്നും പോകാത്ത അഷല്‍ നേരത്തെ രണ്ടു തവണ ഇയാള്‍ ആത്മഹത്യാശ്രമം നടത്തിയതായി വിവരമുണ്ട്. സംഭവത്തില്‍ വിശദമായ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് അറിയിച്ചു. അഷലിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുകയാണ്. കുടുംബപ്രശ്‌നമാണ് കൊലപാതകശ്രമത്തിന് പിന്നിലെന്നാണ് സൂചന.
അഷലിനെ പൊലീസ് വിശദമായി ചോദ്യം ചെയ്യുന്നുണ്ട്. പ്രദേശത്തെ സി സി ടി വി ദൃശ്യങ്ങള്‍ അടക്കം പൊലീസ് പരിശോധിക്കുന്നുണ്ട്. കഴിഞ്ഞ ഒരു വര്‍ഷമായി ഇരുവരും അകന്നു കഴിയുകയായിരുന്നു എന്നാണ് വിവരം.












Click it and Unblock the Notifications