കൊച്ചി സീറ്റില്‍ സ്വപ്‌ന പാട്രോണിസ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി? രൂപതയുടെ പിന്തുണ, ദേശീയ നേതാവ്
കൊച്ചി: വലത്തോട്ട് ചാഞ്ഞ് നില്‍ക്കുന്ന നിയമസഭാ മണ്ഡലമാണ് കൊച്ചി. 2016ല്‍ വളരെ പ്രതീക്ഷയോടെ ഇറങ്ങിയ യുഡിഎഫിന് പക്ഷേ തിരിച്ചടിയായിരുന്നു ഫലം. സിപിഎം നേതാവ് കെജെ മാക്‌സി വിജയിച്ചു. എന്നാല്‍ മണ്ഡലം ഇത്തവണ തിരിച്ചുപിടിക്കണമെന്ന ആവശ്യം കോണ്‍ഗ്രസില്‍ ശക്തമാണ്. ഇതിനുള്ള പ്രചാരണം കോണ്‍ഗ്രസ് തുടങ്ങിക്കഴിഞ്ഞു. അതേസമയം, വനിതാ സ്ഥാനാര്‍ഥിയെ മല്‍സരിപ്പിക്കണമെന്നാണ് കെവി തോമസ് ആവശ്യപ്പെട്ടിരിക്കുന്നത്.

ഓരോ ജില്ലയിലും ഒരു വനിതയെ മല്‍സരിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് എഐസിസി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആരാണ് സ്ഥാനാര്‍ഥി എന്ന കാര്യത്തില്‍ ചര്‍ച്ചകള്‍ സജീവമാണ്. അതിനിടെയാണ് എഐസിസി വിചാര്‍ വിഭാഗം അംഗം സ്വപ്‌ന പാട്രോണിസ് മല്‍സരിക്കുമെന്ന പ്രചാരണമുള്ളത്. മല്‍സരിക്കാനുള്ള താല്‍പ്പര്യം അവര്‍ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. പാര്‍ട്ടി തീരുമാനത്തിനായി കാത്തിരിക്കുകയാണ്.
കൊച്ചി മണ്ഡലത്തില്‍ തന്നെ താമസിക്കുന്ന വ്യക്തിയാണ് സ്വപ്‌ന. ഇവര്‍ മണ്ഡലത്തില്‍ സജീവമല്ലെന്ന് കോണ്‍ഗ്രസിലെ ഒരു വിഭാഗം പറയുന്നു. എന്നാല്‍ അത്തരം ആരോപണത്തില്‍ കഴമ്പില്ലെന്നാണ് സ്വപ്‌നയുടെ പ്രതികരണം. താന്‍ ജനിച്ചതും വളര്‍ന്നതും തന്റെ മാതാപിതാക്കളും വര്‍ഷങ്ങളായി കൊച്ചിയില്‍ താമസിക്കുന്നവരാണെന്നും ഡിസിസി ജനറല്‍ സെക്രട്ടറിയായി മണ്ഡലത്തിലും ജില്ലയിലും സജീവമാണ് എന്നും സ്വപ്‌ന പറയുന്നു.
അതേസമയം, എറണാകുളം ജില്ലയില്‍ കോണ്‍ഗ്രസിന് ഒരു വനിതാ സ്ഥാനാര്‍ഥിയുണ്ടാകുമെന്നാണ് വിവരം. കൊച്ചി, വൈപ്പിന്‍, തൃപ്പൂണിത്തുറ എന്നീ മണ്ഡലങ്ങളിലാണ് വനിതാ സ്ഥാനാര്‍ഥികള്‍ക്ക് സാധ്യത കല്‍പ്പിക്കുന്നത്. എല്ലാം സിപിഎമ്മിന്റെ സിറ്റിങ് മണ്ഡലങ്ങളാണ്. ജില്ലയിലെ 14 സീറ്റില്‍ ഒന്ന് വനിതയ്ക്ക് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് മഹിളാ കോണ്‍ഗ്രസ്. രൂപത നേതൃത്വം മുന്നോട്ടുവച്ച സ്ഥാനാര്‍ഥികളില്‍ സ്വപ്‌ന പാട്രോണിസിന്റെ പേരുമുണ്ട് എന്നാണ് കേള്‍ക്കുന്നത്.












Click it and Unblock the Notifications