റോജി എം ജോണ്‍ വേണ്ട; പിറവത്തിന് പുറമെ അങ്കമാലി സീറ്റും തങ്ങള്‍ക്ക് വേണമെന്ന് ജേക്കബ് ഗ്രൂപ്പ്
തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പിലേക്കുള്ള യുഡിഎഫിന്റെ സീറ്റ് വിഭജന ചര്‍ച്ചകള്‍ക്ക് കഴിഞ്ഞ ദിവസത്തോടെ തുടക്കമായിരിക്കുകയാണ്. മലപ്പുറത്ത് എത്തി മുസ്ലിം ലീഗ് നേതാക്കളുമായി ചര്‍ച്ച നടത്തിയാണ് കോണ്‍ഗ്രസ് നേതൃത്വം സീറ്റ് വിഭജന ചര്‍ച്ചകള്‍ക്ക് ഔദ്യോഗികമായി തുടക്കം കുറിച്ചിരിക്കുന്നത്. വരും ദിവസങ്ങളിള്‍ മറ്റ് ഘടകക്ഷികളുമായുള്ള ചര്‍ച്ചകളും കോണ്‍ഗ്രസ് നേതൃത്വം നടത്തും. മത്സരിക്കുന്ന സീറ്റുകള്‍, സീറ്റ് വെച്ച് മാറല്‍ ഉള്‍പ്പടേയുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗവും കഴിഞ്ഞ ദിവസം തൊടുപുഴയില്‍ യോഗം ചേര്‍ന്നിരുന്നു. മുന്നണിയിലെ എല്ലാ ഘടകക്ഷികളും കൂടുതല്‍ സീറ്റുകള്‍ ചോദിക്കുന്നതാണ് കോണ്‍ഗ്രസിനെ കുഴക്കുന്നത്.

എല്‍ജെഡിയും ജോസും ബാക്കിയാക്കിയത്
2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ ഭാഗമായി കേരള കോണ്‍ഗ്രസ് എമ്മും ലോക് താന്ത്രിക് ദളും മത്സരിച്ച 22 സീറ്റുകളിലാണ് എല്ലാവരുടേയും കണ്ണ്. കേരള കോണ്‍ഗ്രസ് എം 15 സീറ്റിലും എല്‍ജെഡി 7 സീറ്റിലുമായിരുന്നു കഴിഞ്ഞ തവണ യുഡിഎഫില്‍ മത്സരിച്ചത്. ഇരുകക്ഷികളും ഇപ്പോള്‍ എല്‍ഡിഎഫില്‍ ആണ്. ഇതില്‍ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന് വിട്ടുകൊടുക്കേണ്ട സീറ്റുകള്‍ ഒഴിച്ചുള്ളവ ലക്ഷ്യമിട്ടാണ് മുന്നണിയിലെ ഘടകക്ഷികള്‍ എല്ലാം തന്നെ നീങ്ങുന്നത്.

അധികം ചോദിക്കുന്നവര്‍
കഴിഞ്ഞ തവണ കേരള കോണ്‍ഗ്രസ് മത്സരിച്ച 15 സീറ്റുകളും ഇത്തവണ വിട്ട് നല്‍കണമെന്ന് ജോസഫ് വിഭാഗം അവശ്യപ്പെടുന്നുണ്ടെങ്കിലും ഏഴ് അല്ലെങ്കില്‍ എട്ട് സീറ്റുകള്‍ മാത്രമാണ് കോണ്‍ഗ്രസ് വാഗ്ദാനം. കഴിഞ്ഞ തവണ 24 സീറ്റില്‍ മത്സരിച്ച മുസ്ലിം ലീഗ് ആവട്ടെ ഇത്തവണ പത്തോളം സീറ്റുകളാണ് ഇത്തവണ ലക്ഷ്യമിടുന്നത്. ഏറ്റവും കുറഞ്ഞത് മുപ്പത് സീറ്റുകളിലെങ്കിലും മത്സരിക്കുക എന്നതാണ് ലീഗിന്റെ നീക്കം.

കേരള കോണ്‍ഗ്രസ് ജേക്കബ്
സിഎംപി, കേരള കോണ്‍ഗ്രസ് ജേക്കബ്, ആര്‍എസ്പി, ഫോര്‍വേഡ് ബ്ലോക്ക് തുടങ്ങിയ മുന്നണിയിലെ മറ്റ് കക്ഷികളും കൂടുതല്‍ സീറ്റുകള്‍ ചോദിക്കുന്നുണ്ട്. യുഡിഎഫില്‍ കേരള കോണ്‍ഗ്രസ് ജേക്കബ് സ്ഥിരമായി മത്സരിക്കുന്ന സീറ്റാണ്. ഈ സീറ്റിന് പുറമെ ഒരു സീറ്റ് കൂടി അധികം വേണമെന്നാണ് അവരുടെ ആവശ്യം. ജോസ് കെ മാണി മുന്നണി വിട്ട സാഹചര്യത്തില്‍ കൂടുതല്‍ സീറ്റുകള്‍ അവശേഷിക്കുന്നത് ചൂണ്ടിക്കാട്ടിയാണ് ജേക്കബ് ഗ്രൂപ്പിന്റെ നീക്കം.

പിറവം മണ്ഡലം
പാര്‍ട്ടി സ്ഥാപകനായ ടിഎം ജേക്കബ് 1991 മുതല്‍ മത്സരിക്കുന്ന മണ്ഡലമാണ് പിറവം. 1991, 1996, 2001, 2011 വര്‍ഷങ്ങളിലും അദ്ദേഹം വിജയം തുടര്‍ന്നു. ഇതിനിടയില്‍ 2006 ല്‍ എംജെ ജേക്കബിലൂടെ മണ്ഡലത്തില്‍ സിപിഎം വിജയിക്കുകയും ചെയ്തിരുന്നു. ടിഎം ജേക്കബിന്റെ മരണത്തെ തുടര്‍ന്ന് 2012 ല്‍ നടന്ന ഉപതിരഞ്ഞെടുപ്പിലാണ് പിറവത്ത് നിന്ന് അദ്ദേഹത്തിന്റെ മകന് അനൂപ് ജേക്കബ് ആദ്യമായി വിജയിക്കുന്നത്. 2016 ലും അദ്ദേഹത്തിന് വിജയിക്കാന്‍ സാധിച്ചു.

സിപിഎമ്മിലെ എംജെ ജേക്കബ്
സിപിഎമ്മിലെ എംജെ ജേക്കബിനെ 6195 വോട്ടുകള്‍ക്ക് പരാജയത്തപ്പെടുത്തിയായിരുന്ന അനൂപ് ജേക്കബിന്റെ വിജയം. അനൂപ് ജേക്കബിന് 73770 വോട്ടുകള്‍ ലഭിച്ചപ്പോള്‍ എംജെ ജേക്കബിന് 67575 വോട്ടുകള്‍ ലഭിച്ചു. എന്‍ഡിഎയില്‍ ബിഡിജെഎസിനായിരുന്നു സീറ്റ്. ബിഡിജെഎസിലെ സിപി സത്യന് 17503 വോട്ടുകള്‍ നേടി മൂന്നാം സ്ഥാനത്തും എത്തി. പിറവത്ത് ഇത്തവണയും സീറ്റ് അനൂപ് ജേക്കബിന് തന്നെയായിരിക്കും.

അങ്കമാലി ലക്ഷ്യം
പിറവത്തിന് പുറമെ അങ്കമാലിയാണ് അനൂപ് ജേക്കബ് ലക്ഷ്യമിടുന്നത്. ജോണി നെല്ലൂർ അടക്കമുള്ള ഒരു വിഭാഗം വിട്ടുപോയെങ്കിലും പാർട്ടിയുടെ ശക്തി ചോർന്നിട്ടില്ലെന്ന് കാട്ടാനാണ് ജേക്കബ് വിഭാഗത്തിന്റെ ശ്രമം. എന്നാല്‍ ഇതേ കാരണം ചൂട്ടിക്കാട്ടി അധിക സീറ്റ് എന്ന അവകാശവാദം നിരാകരിക്കാനാണ് കോണ്‍ഗ്രസ് ശ്രമം. പിറവത്ത് യാക്കോബായ സഭ ഇടതുമുന്നണിക്ക് അനുകൂലമായ നിലപാട് എടുക്കുമോയെന്ന ആശങ്ക പാർട്ടിയിൽ ഉണ്ട്.

യാക്കോബായ സഭ
സെമിത്തേരി ബില്‍ ഉള്‍പ്പടേയുള്ള കാര്യങ്ങളില്‍ യാക്കോബായ സഭ സര്‍ക്കാറിന് അനുകൂലമായ നിലപാടാണ് ഇപ്പോള്‍ സ്വീകരിക്കുന്നത്. എന്നാല്‍ തന്റെ വോട്ട് ബാങ്കായ യാക്കോബായ സഭ ഒപ്പം ഉറച്ചുനിൽക്കുമെന്നാണ് അനൂപ് ജേക്കബിന്റെ പ്രതീക്ഷ. തന്റെ സഹോദരി അമ്പിളി ജേക്കബ് മത്സരിക്കുന്ന കാര്യം ഇത് വരെ ചര്‍ച്ച ചെയ്തിട്ടില്ലെന്നും അനൂപ് ജേക്കബ് വ്യക്തമാക്കിയിട്ടുണ്ട്.

ജോണി നെല്ലൂര്‍ പാര്‍ട്ടി വിട്ടത്
അനൂപ് ജേക്കബ് മാത്രം മത്സരിക്കുന്നതില്‍ പാര്‍ട്ടിയില്‍ അതൃപ്തിയുണ്ട്. പിറവത്തിന് പുറമെ അധിക സീറ്റ് യുഡിഎഫ് അനുവദിക്കുന്നില്ലെന്നത് മുന്നില്‍ കണ്ടാണ് ജോണി നെല്ലൂരിന്റെ നേതൃത്വത്തിലുള്ള വലിയൊരു വിഭാഗം കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിലേക്ക് പോയത്. ഈ സാഹചര്യത്തില്‍ ഒരു സീറ്റ് കൂടി അധികമായി കിട്ടേണ്ടത് അനുപ് ജേക്കബിന്റെയും പാര്‍ട്ടിയുടേയും നിലനില്പിന്റെ പ്രശ്നം കൂടിയാവുന്നു.

വിജയി റോജി എം ജോണ്‍
എന്നാല്‍ അനൂപ് ജേക്കബ് ലക്ഷ്യമിടുന്ന അങ്കമാലി സീറ്റ് കോണ്‍ഗ്രസ് വിട്ട് നല്കാന് സാധ്യതയില്ല. 2006 ലും 2011 ലും ജെഡിഎസിലൂടെ എല്‍ഡിഎഫ് പിടിച്ച സീറ്റ് 2016 ലാണ് കോണ്‍ഗ്രസ് തിരികെ പിടിക്കുന്നത്. റോജി എം ജോണ്‍ ആയിരുന്നു വിജയി. ജെഡിഎസിലെ ബെന്നിക്കെതിരെ 9186 വോട്ടുകള്‍ക്കായിരുന്നു റോജി എം ജോണിന്റെ വിജയം. ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ ഒമ്പതിനായിരത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷം യുഡിഎഫിനുണ്ട്.

കുന്നംകുളവും നെന്മാറയും
കേരള കോണ്‍ഗ്രസ് ജേക്കബിന് പുറമെ 3 സീറ്റ് ആവശ്യപ്പെടാനാന്‍ സിഎംപിയും തീരുമാനിച്ചിട്ടുണ്ട്. 2011 ൽ കുന്നംകുളം, നെന്മാറ, നാട്ടിക സീറ്റുകളിൽ മത്സരിച്ച സിഎംപിക്ക് പാര്‍ട്ടി പിളര്‍ന്നത് ചൂണ്ടിക്കാട്ടി കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഒരു സീറ്റ് മാത്രമാണു നൽകിയത്. കുന്നംകുളത്തിനു പകരം സിപി ജോണിനു മത്സരിക്കാൻ ജയസാധ്യതയുള്ള മണ്ഡലമാണ് അവര്‍ ലക്ഷ്യമിടുന്നത്.

തൃശൂരിലെ നാട്ടിക
തൃശൂരിലെ നാട്ടിക അല്ലെങ്കിൽ കണ്ണൂർ ജില്ലയിൽ ഒരു മണ്ഡലം, നെന്മാറ എന്നിവയാണ് ഇക്കുറി സിഎംപി ആവശ്യപ്പെടുന്നത്. സിപി ജോണിനായി
എറണാകുളം, തിരുവനന്തപുരം ജില്ലകളിൽ ജയസാധ്യതയുള്ള മണ്ഡലമാണു സിഎംപി ആവശ്യപ്പെടുന്നത്. മുസ്ലിം ലീഗ് സിഎംപിയുടെ ആവശ്യത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. 2011ൽ എം.വി. രാഘവൻ മത്സരിച്ച മണ്ഡലമായിരുന്നു നെന്മാറ. സീറ്റ് ലഭിക്കുകയാണെങ്കിൽ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സി എൻ വിജയകൃഷ്ണനാണ് സാധ്യത.