ജോസഫ് വാഴക്കൻ ഔട്ട്, മൂവാറ്റുപുഴയിൽ സീറ്റുറപ്പിച്ച് മാത്യു കുഴൽനാടൻ..എഐസിസി സർവ്വേ തുണച്ചു..ജോസഫിനും സീറ്റില്ല
എറണാകുളം; നിയമസഭ തിരഞ്ഞെടുപ്പിനുള്ള അന്തിമ സ്ഥാനാർത്ഥി പ്രഖ്യാപനം നാളെ നടത്താനാണ് കോൺഗ്രസ് ഒരുങ്ങുന്നത്. രണ്ട് തവണ മത്സരിച്ചവരേയും തുടർച്ചയായ പരാജയപ്പെട്ടവരേയും ഒഴിവാക്കുമെന്നാണ് കോൺഗ്രസ് നേരത്തേ അറിയിച്ചിരിക്കുന്നത്. എന്നാൽ ഇത് പാലിക്കപ്പെടാനുള്ള സാധ്യതയില്ലെന്നാണ് പുറത്തുവരുന്ന സൂചനകൾ. ഏറെ തവണ മത്സരിച്ചവർക്ക് വേണ്ടി തന്നെയുള്ള ചരടുവലികൾ ശക്തമായിട്ടുണ്ടെന്നാണ് ദില്ലിയിലെ രാഷ്ട്രീയ കേന്ദ്രങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ.
അതിനിടെ സ്ഥാനാർത്ഥി നിർണയത്തെ ചൊല്ലി തർക്കം നിലനിൽക്കുന്ന മണ്ഡലങ്ങളിലൊന്നായ മൂവാറ്റുപുഴയിൽ സംസ്ഥാന നേതൃത്വത്തിന്റെ ആവശ്യത്തെ തള്ളി മാത്യു കുഴൽനാടൻ തന്റെ സീറ്റ് ഉറപ്പിച്ചിരിക്കുകയാണെന്നാണ് റിപ്പോർട്ട്.
തിരാത് സിംഗ് റാവത്ത് ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായി ചുമതലയേറ്റു, ചിത്രങ്ങള്‍ കാണാം
Recommended Video

യുഡിഎഫ് ശക്തി കേന്ദ്രം
യുഡിഎഫിൽ കോൺഗ്രസിനും കേരള കോൺഗ്രസിനും ഒരുപോലെ സ്വാധീനമുള്ള മണ്ഡലമാണ് മൂവാറ്റുപുഴ. എന്നാൽ കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പിലും കോൺഗ്രസ് ആണ് ഇവിടെ നിന്ന് മത്സരിക്കുന്നത്. 2011 ൽ ജോസഫ് വാഴയ്ക്കനായിരുന്നു ഇവിടെ നിന്ന് മത്സരിച്ചത്. അന്ന് സിറ്റിംഗ് എംഎൽഎയായ സിപിഐയിലെ ബാബു പോളിനെ പരാജയപ്പെടുത്തി അദ്ദേഹം മണ്ഡലം പിടിച്ചു.

കനത്ത തിരിച്ചടി
2016 ലും വിജയം ആവർത്തിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും കനത്ത തിരിച്ചടിയായിരുന്നു ജോസഫ് വാഴയ്ക്കൻ ഇവിടെ നേരിട്ടത്. അന്ന് കന്നി അങ്കത്തിനിറങ്ങിയ സിപിഐയിലെ എൽദോ എബ്രാഹം ജോസഫ് വാഴയ്ക്കനെ പരാജയപ്പെടുത്തി മണ്ഡലം പിടിച്ചു. 9,375 വോട്ടുകളുടെ ഭൂരിപക്ഷത്തിനായിരുന്നു വിജയം.
ഇത്തവണയും എൽദോ എബ്രഹാമിനെ തന്നെ മത്സരിപ്പിക്കാനാണ് എൽഡിഎഫ് ഒരുങ്ങുന്നത്.

ജോസഫ് പക്ഷം
അതേസമയം യുഡിഎഫിൽ ആരാകും മത്സരിക്കുകയെന്ന ചർച്ച ശക്തമാണ്. കേരള കോൺഗ്രസിന് ശക്തമായ സ്വാധീനം ഉള്ള മൂവാറ്റുപുഴയ്ക്കായി ജോസഫ് വിഭാഗം രംഗത്തെത്തിയിരുന്നു. മുൻ ജനാധിപത്യ കേരള കോൺഗ്രസ് നേതാവായ ഫ്രാൻസിസ് ജോർജിന് വേണ്ടിയായിരുന്നു ജോസഫ് പക്ഷം സീറ്റ് ചോദിച്ചത്. ഇതോടെ മൂവാറ്റുപുഴ വിട്ട് നൽകി ചങ്ങനാശേരി ഏറ്റെടുക്കാനുള്ള ചർച്ചകൾ കോൺഗ്രസിൽ ആരംഭിക്കുകയും ചെയ്തു.

ജോസഫ് വാഴയ്ക്കനെ
എന്നാൽ നേതൃത്വത്തിന്‍റെ നീക്കം മൂവാറ്റുപുഴയിലെ വിജയസാധ്യത അട്ടിമറിക്കുമെന്ന് കാണിച്ച് യൂത്ത് കോൺഗ്രസ് നേതൃത്വം ദേശീയ നേതൃത്വത്തിന് പരാതി നൽകി. ഇതോടെ ആ നീക്കം കോൺഗ്രസ് ഉപേക്ഷിച്ചു. പിന്നാലെ ജോസഫ് വാഴയ്ക്കനെ തന്നെ മത്സരിപ്പിക്കാനുള്ള നീക്കവും കോൺഗ്രസ് ആരംഭിച്ചു. മണ്ഡലത്തിൽ അദ്ദേഹം തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ തുടങ്ങുകയും ചെയ്തു.

പ്രതിഷേധം ശക്തമായി
എന്നാൽ വാഴയ്ക്കനെ സ്ഥാനാർത്ഥിയാക്കുന്നതിനെതിരെ പ്രാദേശിക തലത്തിൽ പ്രതിഷേധങ്ങൾ ശക്തമായി.
സാഹചര്യം അനുകൂലമാണെന്നിരിക്കെ വാഴയ്ക്കനെ മത്സരിപ്പിച്ചാൽ തിരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ നിന്ന് വിട്ടുനിൽക്കുമെന്ന മുന്നറിയിപ്പ് വരെ നേതാക്കൾ ഉയർത്തിയിരുന്നു.
എന്നാൽ എതിർപ്പുകളെയെല്ലാം അവഗണിച്ച് ജോസഫ് വാഴയ്കക്ന്റെ പേരാണ് ദില്ലിയിൽ സംസ്ഥാന നേതാക്കൾ മുന്നോട്ട് വെച്ചതത്രേ.

തള്ളി ഹൈക്കമാന്റ്
അതേസമയം സംസ്ഥാന നേതൃത്വത്തിന്റെ ആവശ്യം ഹൈക്കമാന്റ് തള്ളിയെന്നാണ് ഏറ്റവും ഒടുവിലായി ലഭിക്കുന്ന വിവരം. പകരം മാത്യു കുഴൽനാടൻ സീറ്റുറപ്പിച്ചുവെന്നാണ് റിപ്പോർട്ട്. നേരത്തേ എഐസിസി മണ്ഡലത്തിൽ നടത്തിയ സർവ്വേയിൽ കുഴൽനാടനായിരുന്നു മുൻതൂക്കം ലഭിച്ചത്. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് തിരുമാനമെന്നാണ് സൂചന.

കാഞ്ഞിരപ്പള്ളിയിൽ
അതിനിടെ കാഞ്ഞിരപ്പള്ളി സീറ്റിനായി കെസി ജോസഫിന് വേണ്ടി ഉമ്മൻചാണ്ടി ശക്തമായ സമ്മർദ്ദം ചെലുത്തുന്നുണ്ടെങ്കിലും അദ്ദേഹത്തിന് ഇത്തവണ സീറ്റ് ലഭിക്കാൻ സാധ്യത ഇല്ലെന്നാണ് വിവരം. 2016 ൽ തന്നെ കെസി ജോസഫ് മത്സരിക്കുന്നതിനെതിരെ അദ്ദേഹത്തിന്റെ മണ്ഡലമായ ഇരിക്കൂറിൽ കടുത്ത എതിർപ്പുകൾ ഉയർന്നിരുന്നു.

ഉമ്മൻചാണ്ടി ചരടുവലിച്ചു
യുവാക്കൾക്ക് വേണ്ടി ജോസഫ് മാറി നിൽക്കണമെന്നതായിരുന്നു ആവശ്യം. എന്നാൽ അന്നും ജോസഫിന് വേണ്ടി രംഗത്തെത്തിയിത് ഉമ്മൻചാണ്ടിയായിരുന്നു. എല്ലാ എതിർപ്പുകളേയും മറികടന്ന് ജോസഫ് സ്ഥാനാർത്ഥിത്വം ഉറപ്പിക്കുകയും ചെയ്തു. അതേസമയം ഇത്തവണയും ഇരിക്കൂറിൽ പ്രതിഷേധം ഉയരുമെന്ന് വ്യക്തമായതോടെ മണ്ഡലം മാറി മത്സരിക്കാനുള്ള നീക്കത്തിലായിരുന്നു ജോസഫ്.

മണ്ഡലം മാറാൻ
ചങ്ങനാശേരിയിൽ മത്സരിക്കാനായിരുന്നു അദ്ദേഹത്തിന് താത്പര്യം. എന്നാൽ കേരള കോൺഗ്രസ് സീറ്റ് വിട്ടുകൊടുക്കാൻ തയ്യാറാകാതിരുന്നതോടെ കാഞ്ഞിരപ്പള്ളി സീറ്റിൽ ജോസഫിനെ മത്സരിപ്പിക്കാനായിരുന്നു ഉമ്മൻചാണ്ടി ചരടുവലിച്ചത്. എന്നാൽ ഈ നീക്കം പാടെ പാളിയെന്നാണ് റിപ്പോർട്ട്.

കാഞ്ഞിരപ്പള്ളിയിൽ
പകരം കാഞ്ഞിരപ്പള്ളിയിൽ ലതിക സുഭാഷിനേയോ കെആർ രാജനേയോ ആണ് കോൺഗ്രസ് പരിഗണിക്കുന്നതെന്നാണ് സൂചന. അതിനിടെ സ്ഥാനാർത്ഥി നിർണയ ചർച്ചകളിൽ ഗ്രൂപ്പിസം ബാധിച്ചുവെന്ന് ആരോപിച്ച് ചർച്ചകളിൽ നിന്നും വിട്ട് നിൽക്കുന്ന കെ സുധാകരനോടും കെ മുരളീധരനോടും ഹൈക്കമാന്റ് നേരിട്ട് ചർച്ച നടത്തിയേക്കുമെന്ന് റിപ്പോർട്ടുണ്്. ഇതിന്റെ അടിസ്ഥാനത്തിൽ കൂടിയാകും സ്ഥാനാർത്ഥി പ്രഖ്യാപനം.












Click it and Unblock the Notifications