എറണാകുളം ജില്ല പിടിക്കാന്‍ ട്വന്റി ട്വന്റി; പ്രമുഖര്‍ സ്ഥാനാര്‍ഥികള്‍, യുഡിഎഫിനും എല്‍ഡിഎഫിനും നെഞ്ചിടിപ്പ്
കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിനൊപ്പം നില്‍ക്കുന്നതാണ് ഏറെകാലമായുള്ള എണറാകുളം ജില്ലയുടെ ചരിത്രം. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പക്ഷേ, ഇടതുപക്ഷം നേരിയ മുന്നേറ്റമുണ്ടാക്കി. ഇക്കഴഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പ് ഇടതുപക്ഷത്തിന് കൂടുതല്‍ പ്രതീക്ഷ നല്‍കുന്നു. ശക്തരായ സ്ഥാനാര്‍ഥികളെ കളത്തിലിറക്കാനാണ് ഇരുമുന്നണികളും ശ്രമിക്കുന്നത്. സിറ്റിങ് എംഎല്‍എമാര്‍ക്ക് പുറമെ യുവ മുഖങ്ങളും രണ്ടു പ്രബല മുന്നണികളുടെയും സ്ഥാനാര്‍ഥികളാകും.
ഇതിനിടെയാണ് ട്വന്റി ട്വിന്റി ജില്ലയിലെ 14 മണ്ഡലങ്ങളിലും മല്‍സരിക്കാന്‍ ഒരുങ്ങുന്നത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ മികച്ച വിജയമായിരുന്നു ഇവര്‍ക്ക്. കൂടുതല്‍ വിവരങ്ങള്‍ ഇങ്ങനെ....
എട്ട് പേരുടെ ജീവനെടുത്ത് തമിഴ്നാട്ടിലെ പടക്ക നിർമ്മാണ ശാലയിലെ തീപിടുത്തം- ചിത്രങ്ങൾ കാണാം

14 മണ്ഡലങ്ങളിലും മല്‍സരിക്കും
എറണാകുളം ജില്ലയില്‍ 14 നിയമസഭാ മണ്ഡലങ്ങളാണുള്ളത്. ഈ മണ്ഡലങ്ങളിലെല്ലാം സ്ഥാനാര്‍ഥികളെ നിര്‍ത്താന്‍ ട്വന്റി ട്വിന്റി ആലോചിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി അഭിപ്രായ സര്‍വ്വെയും മെംബര്‍ഷിപ്പ് കാമ്പയിനും സംഘടിപ്പിക്കുകയാണ് സംഘടന. ഇതിന്റെ പ്രതികരണം അടിസ്ഥാനമാക്കിയാകും മല്‍സരിക്കാനിറങ്ങുക.

മാനദണ്ഡം ഇതാണ്
വിജയസാധ്യത എത്രത്തോളം എന്ന് പരിശോധിക്കുന്നതിനാണ് സര്‍വ്വെ നടത്തുന്നത്. എല്ലാ മണ്ഡലങ്ങളിലും ശുഭ സൂചന ലഭിച്ചാല്‍ എല്ലാ മണ്ഡലങ്ങളിലും സ്ഥാനാര്‍ഥികളെ ഇറക്കുമെന്ന് ട്വന്റി ട്വന്റി പ്രസിഡന്റ് സാബു ജേക്കബ് പറുന്നു. വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചവരാകും സ്ഥാനാര്‍ഥികള്‍.

ആരാണ് സ്ഥാനാര്‍ഥികള്‍
വിരമിച്ച ജഡ്ജിമാര്‍, ഐഎഎസ് ഓഫീസര്‍മാര്‍, അധ്യാപകര്‍, വ്യവസായികള്‍ തുടങ്ങി വിവിധ മേഖലകളില്‍ നിന്നുള്ളവരെ സ്ഥാനാര്‍ഥകളാക്കാനാണ് ട്വന്റി ട്വന്റി ആലോചിക്കുന്നത്. ഓരോ മണ്ഡലത്തിലും മൂന്ന് വീതം സ്ഥാനാര്‍ഥി പട്ടിക തയ്യാറാക്കുകയാണ്. അവരില്‍ നിന്ന് കൂടുതല്‍ ജയസാധ്യതയുള്ള വ്യക്തിയെ സ്ഥാനാര്‍ഥിയാക്കും.

കെമാല്‍ പാഷ സ്ഥാനാര്‍ഥിയാകുമോ
വിരമിച്ച ഹൈക്കോടതി ജഡ്ജിയാണ് കെമാല്‍ പാഷ. അദ്ദേഹവുമായി ഇതുവരെ സ്ഥാനാര്‍ഥി ചര്‍ച്ചകള്‍ നടത്തിയിട്ടില്ല എന്ന് സാബു ജേക്കബ് പറഞ്ഞു. സമകാലിക രാഷ്ട്രീയ വിഷയങ്ങളില്‍ പരസ്യമായി നിലപാട് പറയുന്ന വ്യക്തിയാണ് കെമാല്‍ പാഷ. ഇടതുപക്ഷത്തിന്റെ പല നിലപാടുകളോടുമുള്ള വിയോജിപ്പ് അദ്ദേഹം പരസ്യമാക്കിയിരുന്നു.

എന്തുകൊണ്ട് ജനം പിന്തുണയ്ക്കുന്നു
ട്വന്റി ട്വന്റി അധ്യക്ഷന്‍ സാബു ജേക്കബ് വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കില്ല. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കും. അഴിമതി നടത്തില്ല എന്ന് ജനങ്ങള്‍ക്ക് വിശ്വാസമുള്ളത് കൊണ്ടാണ് ജനങ്ങള്‍ ഞങ്ങളെ പിന്തുണയ്ക്കുന്നതെന്നും രാഷ്ട്രീയം ഉപജീവന മാര്‍ഗമല്ല എന്നും സാബു ജേക്കബ് ഏഷ്യാനെറ്റിനോട് പറഞ്ഞു.

കര്‍ഷക സമരത്തില്‍ ഇപ്പോള്‍ ഒന്നും പറയുന്നില്ല
പിന്തുണ തേടി എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ട്വന്റി ട്വന്റിയെ സമീപിച്ചിട്ടുണ്ട്. എല്ലാ മതസ്ഥരോടും ഒരേ നിലപാടാണ് തങ്ങള്‍ക്കുള്ളത് എന്ന പറഞ്ഞ സാബു ജേക്കബ് കര്‍ഷക സമരത്തില്‍ ഇപ്പോള്‍ നിലപാട് പറയുന്നില്ലെന്നും പ്രതികരിച്ചു. ഒരു മതത്തിന്റെ പാര്‍ട്ടിയല്ല ഇത്. മനുഷ്യരുടെ പാര്‍ട്ടിയാണ്. രണ്ടാഴ്ച്ചക്കകം സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുമെന്നും സാബു ജേക്കബ് പറഞ്ഞു.

രാഷ്ട്രീയ നേതാക്കള്‍ തള്ളിയവര്‍
അരാഷ്ട്രീയ വാദികളെന്ന് പറഞ്ഞ് നേരത്തെ രാഷ്ട്രീയ നേതാക്കള്‍ എഴുതി തള്ളിയവരാണ് ട്വന്റി ട്വന്റി. തദ്ദേശ തിരഞ്ഞെടുപ്പില്‍ മികച്ച വിജയമാണ് ഇവര്‍ നേടിയത്. എറണാകുളം ജില്ലയില്‍ ഇവര്‍ കേന്ദ്രീകരിച്ചതു കൊണ്ടുതന്നെ നഷ്ടം കൂടുതല്‍ കോണ്‍ഗ്രസിനായിരുന്നു. കിഴക്കമ്പലം മാത്രമാണ് 2015ല്‍ ട്വന്റി ട്വന്റിക്കൊപ്പമുണ്ടായിരുന്നത്. ഇത്തവണ സമീപ പഞ്ചായത്തുകളെല്ലാം പിടിച്ചു.

ഓരോ പഞ്ചായത്തിലും ഉയര്‍ന്ന വോട്ടുകള്‍
കുന്നത്തുനാട്, മഴുവന്നൂര്‍, ഐക്കരനാട് തുടങ്ങി കോണ്‍ഗ്രസ് കോട്ടകളിലെല്ലാം ട്വന്റി ട്വന്റി ഇടിച്ചുകയറുന്നതായിരുന്നു ഇത്തവണത്തെ തദ്ദേശ തിരഞ്ഞെടുപ്പ് ഫലം വന്നപ്പോഴുള്ള കാഴ്ച. കുന്നത്തുനാട് പഞ്ചായത്തില്‍ ട്വന്റി ട്വന്റിക്ക് 8005 വോട്ടുകളാണ് ലഭിച്ചത്. ഐക്കരനാട്ടില്‍ 7692 വോട്ട് കിട്ടിയിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ സാഹചര്യം മാറുമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്.
163 മില്യൺ ഡോളർ ജയിക്കാം; യൂറോമില്യൺസ് ലോട്ടറിയെ കുറിച്ച് അറിയേണ്ടതെല്ലാം