ട്വന്‍റി-ട്വന്‍റി യുഡിഎഫ് വോട്ട് ചോര്‍ത്തും, എല്‍ഡിഎഫിന് സഹായകരമാവും; മറുപടിയുമായി സാബു ജേക്കബ്
എറണാകുളം: തദ്ദേശ തിരഞ്ഞെടുപ്പില്‍ കിഴക്കമ്പലത്തിന് പുറമെ നാല് പഞ്ചായത്തുകളിലായി നടത്തിയ മികച്ച മുന്നേറ്റത്തിന്‍റെ ആത്മവിശ്വാസത്തിലാണ് കിറ്റക്സ് ഗ്രൂപ്പിന്‍റെ കീഴിലുള്ള ട്വന്‍റി-ട്വന്‍റി നിയമസഭാ പോരാട്ടത്തിന് ഇറങ്ങുന്നത്. കിഴക്കമ്പലം പഞ്ചായത്ത് സ്ഥിതി ചെയ്യുന്ന കുന്നത്തുനാട് ഉള്‍പ്പടെ എട്ട് മണ്ഡലങ്ങളിലാണ് കന്നിയങ്കത്തില്‍ ട്വന്‍റി-ട്വന്‍റി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിരിക്കുന്നത്. സ്ഥാനാര്‍ത്ഥികള്‍ എല്ലാവരും തന്നെ പ്രചാരണ രംഗത്തും സജീവമായി കഴിഞ്ഞു.
കേരളത്തില്‍ തെരഞ്ഞെടുപ്പ് ചൂടുകൂടുന്നു, ചിത്രങ്ങള്‍ കാണാം

കുന്നത്തുനാട് മണ്ഡലത്തില്‍
കുന്നത്തുനാട് മണ്ഡലത്തില്‍ വലിയ സ്വാധീനം ഉള്ള കൂട്ടായ്മയാണ് ട്വന്‍റി-ട്വന്‍റി. തദ്ദേശ തിരഞ്ഞെടുപ്പില്‍ മൂന്ന് മുന്നണികളേയും ഞെട്ടിച്ചുകൊണ്ട് നാല്‍പ്പതിനായിരത്തോളം വോട്ടുകള്‍ പിടിക്കാന്‍ മണ്ഡലത്തില്‍ കൂട്ടായ്മയ്ക്ക് സാധിച്ചിരുന്നു. എല്‍ഡിഎഫിന് 53272 വോട്ടും യുഡിഎഫിന് 55234 വോട്ടുമാണ് തദ്ദേശപോരാട്ടത്തില്‍ ലഭിച്ചത്.

നിയമസഭ തിരഞ്ഞെടുപ്പിലേക്ക്
തദ്ദേശത്തിന് പിന്നാലെ നിയമസഭയിലേക്കും ട്വന്‍റി-ട്വന്‍റി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചപ്പോള്‍ മൂന്ന് മുന്നണികളിലും അത് ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. സിറ്റിങ് സീറ്റായതിനാല്‍ കുന്നത്ത് നാട്ടിലെ മത്സരം കൂടുതല്‍ വെല്ലുവിളി ഉയര്‍ത്തുന്നത് യുഡിഎഫിനാണ്. വിരുദ്ധ വോട്ടുകള്‍ വിഭജിച്ചു പോയാല്‍ കുന്നത്തുനാട് പിടിച്ചെടുക്കാന്‍ കഴിയുമെന്നാണ് ഇടത് കണക്ക് കൂട്ടല്‍.
Recommended Video

എല്‍ഡിഎഫ് പ്രതീക്ഷ
മറ്റ് മണ്ഡലങ്ങളിലും ട്വന്‍റി-ട്വന്‍റി ചോര്‍ത്തുക ഭരണ വിരുദ്ധ വോട്ടുകളാണെന്നാണ് ഇടതുപക്ഷം കണക്ക് കൂട്ടുന്നത്. അത്തരമൊരു സാഹചര്യം ഉണ്ടായാല്‍ ജില്ലയില്‍ ഇത്തവണ കൂടുതല്‍ മികച്ച മുന്നേറ്റവും അവര്‍ പ്രതീക്ഷിക്കുന്നു. ഇത്തരമൊരു അപകടം യുഡിഎഫും മുന്നില്‍ കാണുന്നുണ്ട്.

പ്രചരണം
ട്വന്‍റി-ട്വന്‍റിയുടെ മത്സരം എറണാകുളം ജില്ലയിലെ യുഡിഎഫ് ആധിപത്യം ഇല്ലാതാക്കി ഇടതു മുന്നണിയെ കൂടുതല്‍ സീറ്റില്‍ ജയിപ്പിക്കാനാണെന്ന പ്രചരണം ഇതോടെ ശക്തമാവുകും ചെയ്തു. എന്നാല്‍ അത്തരത്തില്‍ യാതൊരു നീക്കവും കൂട്ടായ്മയുടെ ഭാഗത്ത് നിന്നും ഇല്ലെന്നാണ് ട്വൻ്റി ട്വൻ്റി ചീഫ് കോർഡിനേറ്റർ സാബു ജേക്കബ് അഭിപ്രായപ്പെടുന്നത്.

സാബു ജേക്കബ് പറയുന്നത്
ഏതെങ്കിലും ഒരു മുന്നണിയെ ശക്തിപ്പെടുത്താനോ ദുര്‍ബലപ്പെടുത്താനോ അല്ല ട്വന്‍റി-ട്വന്‍റി നിലകൊള്ളുന്നതെന്നാണ് സാബു ജേക്കബ് പറയുന്നത്. ട്വന്‍റി ട്വന്‍റി സ്ഥാനാര്‍ത്ഥികള്‍ ജയിച്ചാല്‍ ഏത് മുന്നണിയെ സഭയില്‍ പിന്തുണക്കണമെന്ന് അപ്പോള്‍ തീരുമാനിക്കും. വരാന്‍ പോകുന്ന നിയമസഭയില്‍ ട്വന്‍റി ട്വന്‍റി പ്രതിനിധികള്‍ നിയമസഭയില്‍ ഉണ്ടാവുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

പലരും പലതും പറയും
ട്വന്‍റി-ട്വന്‍റി ഇടതുമുന്നണിയെ സഹായിക്കാനാണെന്ന് ചിലര്‍ പറയുമ്പോള്‍ മറ്റ് ചിലര്‍ പറയുന്നു യുഡിഎഫിനെ സഹായിക്കാനാണ്. വേറെ ചിലരുടെ അഭിപ്രായം ബിജെപിയെ സഹായിക്കാനാണെന്നാണ്. എന്നാല്‍ ഇതെല്ലാം ജനങ്ങളില്‍ ആശയക്കുഴപ്പം ഉണ്ടാക്കാനും അത് വഴി വോട്ട് പിടിക്കാനുള്ള തന്ത്രവുമാണെന്നും സാബു ജേക്കബ് പറയുന്നു.

നാട് വികസിക്കണം
നാട് വികസിക്കണമെന്നും മുന്നോട്ട് പോകണമെന്നും ആഗ്രഹിക്കുന്ന ആളുകളാണ് ട്വൻ്റി ട്വൻ്റിക്ക് വോട്ട് ചെയ്യുന്നത്. എന്തായാലും കൂട്ടായ്മയുടെ പ്രതിനിധികള്‍ നിയമസഭയില്‍ ഉണ്ടാവും. വരുന്നത് തൂക്ക് സഭയാണെങ്കില്‍ ആരെ പിന്തുണയ്ക്കണമെന്ന കാര്യം അപ്പോള്‍ ആലോചിച്ച് തീരുമാനിക്കുമെന്നും സാബു ജേക്കബ് വ്യക്തമാക്കി. ഏഷ്യാനെറ്റ് ന്യൂസിന് അനുവദിച്ച് പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബ്ലൂ ടോപ്പിൽ തിളങ്ങി ശ്രുതി ഹരിഹരൻ.. ചിത്രങ്ങൾ കാണാം..












Click it and Unblock the Notifications