മത്സ്യലഭ്യത കുറയുന്നു: മംഗലാപുരത്തുനിന്ന് ഒഴുകുന്നത് രാസവസ്തുക്കള്‍ ചേര്‍ത്ത മത്സ്യം!!
കൊച്ചി: വേനൽച്ചൂടിന്റെ കാഠിന്യത്തിൽ ജില്ലയിലെ മത്സ്യ മേഖലയ്ക്കു പൊള്ളുന്നു. മത്സ്യലഭ്യത കുറഞ്ഞതോടെ വില മേൽപ്പോട്ട് തന്നെ. സാധാരണ കുറഞ്ഞ വിലയ്ക്കു കിട്ടുന്ന മത്തിയുടെ വില പോലും കുതിച്ചുയരുകയാണ്. കേരളത്തിലെ മത്സ്യമേഖല നേരിടുന്ന പ്രതിസന്ധി മുതലെടുത്തു കർണാടകയിൽ നിന്നും രാസ വസ്തുക്കൾ കലർത്തിയ മത്സ്യം വൻതോതിൽ കൊച്ചിയിലെ തുറമുഖങ്ങളിൽ എത്തിത്തുടങ്ങി.
പരമ്പരാഗത മത്സ്യത്തൊഴിലാളികളെ ആണു വേനൽച്ചൂട് ഏറ്റവും കൂടുതൽ ബാധിച്ചത്. മത്സ്യം കുറഞ്ഞതോടെ സൊസൈറ്റിയുടെ വള്ളങ്ങൾ പകൽനേരത്തു കടലിൽ പോകാതെ കരയിൽ തന്നെ കെട്ടിയിട്ടിരിക്കുകയാണ്. തൊഴിലാളികൾക്കു വരുമാനവും കുറഞ്ഞു. വൈപ്പിൻ കാളമുക്ക്, മുനമ്പം, ചെല്ലാനം തുറമുഖങ്ങൾ കേന്ദ്രീകരിച്ചു കടലിൽ പോകുന്ന ഇൻബോർഡ്, ഔട്ട്ബോർഡ് വള്ളങ്ങൾ കരയിൽ തന്നെ കിടക്കുന്നു. മത്സ്യബന്ധനത്തിനു പോകുന്ന ബോട്ടുകളുടെ എണ്ണവും കുറഞ്ഞു. ഈ വള്ളങ്ങളിലും ബോട്ടുകളിലും പണിയെടുക്കുന്ന തമിഴ്നാട് സ്വദേശികളായ തൊഴിലാളികൾ നാട്ടിലേക്കു മടങ്ങി. സാധാരണ ട്രോളിങ് നിരോധന കാലയളവിലാണ് ഇവർ നാട്ടിൽ പോകുന്നത്. തദ്ദേശീയരായ തൊഴിലാളികൾ മറ്റു ജോലികൾ ചെയ്യുന്ന തിരക്കിലാണ്. ട്രോളിങ് നിരോധന കാലയളവിൽ ഫിഷറീസ് വകുപ്പു പഞ്ഞമാസക്കാലമായി പരിഗണിച്ചു സൗജന്യ റേഷൻ വിതരണം ചെയ്യാറുണ്ടെങ്കിലും ഇപ്പോഴത്തെ അപ്രതീക്ഷിത സാഹചര്യം നേരിടാൻ നടപടിയൊന്നും സ്വീകരിച്ചിട്ടില്ല.

ഇതിനിടെയാണു മംഗലാപുരം ബോട്ടുകൾ മത്സ്യവുമായി മുനമ്പത്തും വൈപ്പിനിലും എത്തിത്തുടങ്ങിയത്. അയല, ചാള, മത്തി, കേര, നെയ്മീൻ, ചൂര തുടങ്ങി എല്ലാ ഇനത്തിലും പെട്ട മത്സ്യങ്ങൾ മംഗലാപുരത്ത് നിന്നും എത്തുന്നുണ്ട്. അമിത രാസപ്രയോഗത്തിനു വിധേയമായ മത്സ്യങ്ങളാണ് ഇങ്ങനെയെത്തുന്നത്. നേരത്തെ ഫിഷറീസ് വകുപ്പും ആരോഗ്യവകുപ്പും സംയുക്തമായി നടത്തുന്ന പരിശോധനകൾ നിലച്ച മട്ടാണ്. രാസവസ്തുക്കൾ കലർന്ന മീൻ കഴിക്കുന്നതു ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് ഇടയാക്കുമെന്ന് ആശങ്കയുണ്ട്.
ബോട്ടുകളും വള്ളങ്ങളും കടലിൽ പോകാതായത് അനുബന്ധ വ്യവസായങ്ങളേയും ബാധിച്ചു. ഐസ് ഉത്പാദനം കാര്യമായി കുറഞ്ഞു. ചെമ്മീനും കിളിമീനും കിട്ടാത്തതു മത്സ്യ സംസ്കരണ ഫാക്റ്ററികൾക്കും തിരിച്ചടിയായി. മുനമ്പം, വൈപ്പിൻ എന്നിവിടങ്ങളിൽ നിന്നും പോകുന്ന ചുരുക്കം ചില ബോട്ടുകൾക്ക് പോലും ചെമ്മീൻ ഇനങ്ങൾ കിട്ടാത്ത സ്ഥിതിയാണ്.












Click it and Unblock the Notifications