ആവശ്യങ്ങൾ നിറവേറ്റിയില്ല: തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് നോട്ടയ്ക്കെന്ന് 25 കുടുംബങ്ങൾ, പ്രതിസന്ധി
കൊച്ചി: തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തതോടെ ജനങ്ങളുടെ ആവശ്യങ്ങൾ പൂർത്തിയാക്കാത്ത രാഷ്ട്രീയ പാർട്ടികൾക്ക് തിരിച്ചടി നൽകാനുള്ള നീക്കത്തിലാണ് വോട്ടർമാർ. വഴി വീതി കൂട്ടി നൽകാത്തതിൽ പ്രതിഷേധിച്ച് രാഷ്ട്രീയ പാർട്ടികൾക്ക് വോട്ട് നൽകില്ലെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് നാട്ടുകാർ. മൂവാറ്റുപുഴ നെല്ലിക്കുഴി പഞ്ചായത്തിലെ ഏഴാം വാർഡിലെ 25 ഓളം കുടുംബങ്ങളാണ് വോട്ട് ബഹിഷ്കരിക്കുന്നതായി പരസ്യമായി പ്രഖ്യാപിച്ചിട്ടുള്ളത്.
ഉമ്മന്‍ ചാണ്ടിയ്ക്കെതിരെ കളിക്കുന്നതാര്? വീണ്ടും സോളാര്‍ ഓര്‍മിപ്പിച്ചത് ഗുണത്തേക്കളേറെ ദോഷം

വഴി വീതി കൂട്ടി നൽകാത്തതിൽ പ്രതിഷേധിച്ച് തങ്ങളുടെ വോട്ട് നോട്ടയ്ക്ക് നൽകാനാണ് ഈ കുടുംബങ്ങളിലെ വോട്ടർമാരുടെ തീരുമാനം. 27 വർഷം മുമ്പ് സ്ഥലം വിട്ടുനൽകിയതിനെ തുടർന്ന് നിർമിച്ച നിലവിലെ വഴിയിലൂടെ ഇരുചക്രവാഹനം ഒഴികെ മറ്റൊരു വാഹനങ്ങൾക്കും കടന്നുപോകാനാവില്ല. ഇത് തന്നെയാണ് വോട്ടർമാരുടെ പ്രതിഷേധത്തിനുള്ള കാരണവും.
പ്രായമായവർ, കിടപ്പ് രോഗികൾ എന്നിവരുൾപ്പെടുന്ന കുടുംബങ്ങളാണ് ഈ ഭാഗത്തുള്ളവയിൽ മിക്കതും. ആരെങ്കിലും അസുഖബാധിതരായാൽ വഴിയിലൂടെ ചുമന്നുകൊണ്ടുപോയി വേണം ആശുപത്രിയിലേക്ക് എത്തിക്കാൻ. മഴക്കാലത്ത് വെള്ളം കയറുന്നതോടെ ഈ കുടുംബങ്ങൾക്ക് വഴിയിലൂടെയുള്ള യാത്രയും ദുഷ്കരമാണ്. ഈ വഴിയുടെ വീതി കൂട്ടുന്നതിനും തുടർനിർമാണ പ്രവർത്തനങ്ങൾക്കും അധികൃതർ നടപടികൾ സ്വീകരിക്കാതായതോടെയാണ് നാട്ടുകാരുടെ പ്രതിഷേധം. ഇക്കാര്യം വ്യക്തമാക്കി പ്രദേശത്ത് നോട്ടീസുകളും പതിച്ചിട്ടുണ്ട്. ഇവിടുത്തെ വോട്ട് നോട്ടയ്ക്കെന്ന പോസ്റ്ററാണ് ഈ വഴിയരികിലുള്ള മതിലിൽ പതിച്ചിട്ടുള്ളത്.