തദ്ദേശ തിരഞ്ഞെടുപ്പ്: മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി എറണാകുളം ജില്ലാ കളക്ടർ
കൊച്ചി: തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രക്രിയയും മൽസരാർത്ഥികളുടെ പ്രചാരണവും പരിസ്ഥിതി സൗഹൃദമാവുന്നതിനായി താഴെ പറയുന്ന നിർദേശങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശമനുസരിച്ചു പാലിക്കേണ്ടതുണ്ട്.
തദ്ദേശ തെരഞ്ഞെടുപ്പിന് തിരുവനന്തപുരത്ത് 28.26 ലക്ഷം വോട്ടർമാർ, 1727 വാര്ഡുകളില് തെരഞ്ഞെടുപ്പ്
തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പരിസ്ഥിതി സൗഹൃദവും മണ്ണിൽ അലിഞ്ഞ് ചേരുന്നതുമായ വസ്തുക്കൾ മാത്രമേ ഉപയോഗിക്കാവൂ. തിരഞ്ഞെടുപ്പ് പരസ്യങ്ങളിൽ പ്ലാസ്റ്റിക് പേപ്പർ, പ്ലാസ്റ്റിക് നൂൽ, പ്ലാസ്റ്റിക് റിബ്ബൺ എന്നിവ പാടില്ല. പ്രചാരണങ്ങളിൽ പ്ലാസ്റ്റിക്, പിവിസി തുടങ്ങിയവ കൊണ്ടുള്ള ബോർഡുകൾ, ബാനറുകൾ, കൊടിതോരണങ്ങൾ എന്നിവ പാടില്ലെന്നും ജില്ലാകളക്ടർ പുറത്തിറക്കിയ നിർദേശത്തിൽ പറയുന്നു.
തിരഞ്ഞെടുപ്പ് നടത്തിപ്പുമായി ബന്ധപ്പെട്ട എല്ലാ ഔദ്യോഗിക ആവശ്യങ്ങൾക്കും കോട്ടൺ തുണി, പേപ്പർ, പോളി എത്തിലീൻ എന്നിവയിലടങ്ങിയ വസ്തുക്കൾ മാത്രമേ പാടുള്ളൂ. വോട്ടെടുപ്പിന് ശേഷം പോളിംഗ് സ്റ്റേഷനുകളിൽ അവശേഷിക്കുന്ന പേപ്പറും മറ്റ് പാഴ് വസ്തുക്കളും നീക്കം ചെയ്യുന്നതിനും നശിപ്പിക്കുന്നതിനും അതാത് തദ്ദേശ സ്ഥാപന സെക്രട്ടറിമാർ നടപടി സ്വീകരിക്കണം.
പോളിങ്ങ് സ്റ്റേഷനുകളിലും വിതരണ സ്വീകരണ കേന്ദ്രങ്ങളിലും ഉണ്ടാവുന്ന ജൈവ അജൈവ മാലിന്യങ്ങൾ വെവ്വേറെ നിക്ഷേപിക്കാൻ ക്യാരി ബാഗുകൾ സ്ഥാപിക്കുവാനും ആയത് ശാസ്ത്രീയമായി സംസ്കരിക്കുവാനും തദ്ദേശ സ്ഥാപന സെക്രട്ടറിമാർ നടപടി സ്വീകരിക്കേണ്ടതുണ്ടെന്നും കളക്ടർ ചൂണ്ടിക്കാണിക്കുന്നു.
മാസ്ക്, ഗ്ലൗസ് എന്നിവ പ്രത്യേകം ശേഖരിച്ച് സംസ്കരിക്കാൻ മഞ്ഞ, ചുവപ്പ് നിറങ്ങളിലുള്ള ക്യാരിബാഗുകൾ ഒരുക്കലും മേൽ പറഞ്ഞ സെക്രട്ടറിമാരുടെ ചുമതലയാണെന്നും കളക്ടർ അടിവരയിടുന്നു. വോട്ടെടുപ്പ് കഴിഞ്ഞാൽ പരസ്യം സ്ഥാപിച്ചവർ തന്നെ ആയത് നീക്കം ചെയ്യണം. ചെയ്യാത്തവ 5 ദിവസത്തിനുള്ളിൽ തദ്ദേശ സ്ഥാപന സെക്രട്ടറി നീക്കം ചെയ്ത് ചെലവ് പ്രസ്തുത സ്ഥാനാർത്ഥിയിൽ നിന്നും ഈടാക്കണം.
ഈ മേഖലയിൽ നിലവിലുള്ള എല്ലാ സർക്കാർ, കോടതി ഉത്തരവും നിർദ്ദേശവും സ്ഥാനാർത്ഥികൾ, മറ്റ് ഉത്തരവാദിത്വപ്പെട്ടവർ എന്നിവർ പാലിക്കേണ്ടതാണ്. മേൽ നിർദ്ദേശങ്ങൾ പരിഗണിച്ച് വരാനിരിക്കുന്ന തദ്ദേശ ഭരണ തെരഞ്ഞെടുപ്പ് പരിസ്ഥിതി സൗഹൃദ തിരഞ്ഞെടുപ്പായി മാറാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ എല്ലാ സ്ഥാനാർത്ഥികളും ഉദ്യോഗസ്ഥരും മുന്നോട്ട് വരണമെന്ന് നിർദ്ദേശിക്കുന്നു.