ഫോണിലൂടെ കടം പറഞ്ഞ് ലോട്ടറിയെടുത്തു; അതേ ടിക്കറ്റിന് അടിച്ചത് 70 ലക്ഷം, ഇതാണ് ഭാഗ്യം
കൊച്ചി: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ നിര്‍മല്‍ ലോട്ടറിയുടെ ഫലം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ജേതാക്കള്‍ ആരാണെന്ന ചോദ്യവും ഇതിന് പിന്നാലെ ഉയര്‍ന്നിരുന്നു. എന്നാല്‍ ജേതാക്കള്‍ ആരാണെന്ന് പരസ്യമായി പ്രഖ്യാപിക്കില്ലെന്ന് നേരത്തെ തന്നെ കേരള ലോട്ടറി നിലപാടെടുത്തതാണ്.
പക്ഷേ ഇവിടെ ജേതാക്കള്‍ തന്നെ തങ്ങളുടെ പേരും വ്യക്തിവിവരങ്ങളും വെളിപ്പെടുത്തിയിരിക്കുകയാണ്. എന്നാല്‍ ഈ സമ്മാനത്തിന് പിന്നില്‍ വലിയൊരു കഥ കൂടിയുണ്ട്. 40 രൂപയുടെ ലോട്ടറി ടിക്കറ്റ് ഫോണിലൂടെ കടം പറഞ്ഞ് വാങ്ങിയ തമിഴ്‌നാട് സ്വദേശിയായ ലോറി ഡ്രൈവര്‍ക്കാണ് സമ്മാനം അടിച്ചിരിക്കുന്നത്. മഹാഭാഗ്യം എന്നൊക്കെ പറഞ്ഞാല്‍ ഇത് തന്നെയാണ് എന്ന് പറയേണ്ടി വരും.

സമ്മാനം എത്രയാണെന്ന് കേട്ടാല്‍ ആരും ഒന്ന് അമ്പരന്ന് പോകും. 70 ലക്ഷം രൂപയാണ് തമിഴ്‌നാട് സ്വദേശിക്ക് സമ്മാനമായി അടിച്ചത്. എന്‍പി 205122 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 70 ലക്ഷം രൂപ അടിച്ചത്. ബുള്ളറ്റ് ടാങ്കര്‍ ഡ്രൈവറായ തെങ്കാശി സ്വദേശി ചിന്ന ദുരൈക്കാണ് ഈ സമ്മാനം ലഭിച്ചിരിക്കുന്നത്. ഭാഗ്യദേവത തേടിവന്ന് അനുഗ്രഹിക്കുകയായിരുന്നുവെന്ന് വേണം പറയാന്‍.
ലോട്ടറി ശരിക്കുമൊരു ആവേശമാണ് ചിന്നദുരൈക്ക്. തന്റെ ജീവിതം എന്നെങ്കിലും മാറി മറിയുന്നുണ്ടെങ്കില്‍ അത് ലോട്ടറിയിലൂടെയായിരിക്കും എന്ന് അദ്ദേഹം ഉറച്ച് വിശ്വസിച്ചിരുന്നു. ആഴ്ച്ചയില്‍ അഞ്ച് ദിവസവും കരിമുകളില്‍ നിന്ന് ചിന്നദുരൈ ലോട്ടറി എടുക്കാറുമുണ്ട്.ചിന്നദുരൈയുടെ കൈവശം സമ്മാനം അടിച്ച ടിക്കറ്റെത്തുന്നതും വലിയ ഭാഗ്യം പോലെയാണ്.
വെള്ളിയാഴ്ച്ച രാവിലെ ലോട്ടറി വില്‍പ്പനക്കാരന്‍ ഷിജുവിന് വിളിച്ച് ടിക്കറ്റുകള്‍ ഏതൊക്കെയാണ് ഉള്ളതെന്ന് ചോദിച്ചിരുന്നു അദ്ദേഹം. ഒരു ടിക്കറ്റ് മാത്രമല്ല ചിന്നദുരൈ എടുത്തത്. 5122ല്‍ അവസാനിക്കുന്ന നാല് ടിക്കറ്റുകള്‍ എടുത്തു. ഒപ്പം എട്ട് ടിക്കറ്റ് വേറെയുമെടുത്തു. വൈകീട്ടാണ് ഫലം വന്നത്.
സമ്മാനം അടിച്ച കാര്യം ചിന്നദുരൈയെ ഫോണില്‍ വിളിച്ച് അറിയിക്കുകയായിരുന്നു. എന്നാല്‍ ആ സമയം ജോലിയിലായിരുന്നു ചിന്നദുരൈ. പിന്നീട് സമ്മാനം അടിച്ചതിന്റെയും മറ്റും വിവരങ്ങള്‍ അറിയാനുള്ള ആകാംക്ഷയായിരുന്നു ചിന്നദുരൈയ്ക്ക്.
ജോലി കഴിഞ്ഞ് രാത്രി ഒന്‍പത് മണിക്കാണ് ചിന്നദുരൈ എത്തിയത്. എന്നാല്‍ അവിടെയും ലോട്ടറി കട നടത്തുന്നവര്‍ അദ്ദേഹത്തിന് സര്‍പ്രൈസുമായി നില്‍ക്കുന്നുണ്ടായിരുന്നു. ചിന്നദുരൈയുടെ ലോറി പാര്‍ക്ക് ചെയ്യുന്ന സ്ഥലമായ അമ്പലമുകളില്‍ എത്തിയിരുന്നു ലോട്ടറി കട നടത്തുന്ന പിവി ഷിജുവും ധനേഷ് ചന്ദ്രനും.
കരിമുകള്‍ കാവിലമ്മ ലക്കി സെന്റര്‍ ഉടമയാണ് ധനേഷ് ചന്ദ്രന്‍. ലോട്ടറി വില്‍പ്പനക്കാരനാണ് പിവി ഷിജു. ഇവര്‍ രണ്ട് പേരും ഒരുമിച്ചെത്തിയാണ് സമ്മാനം നേടിയ ടിക്കറ്റ് കൈമാറിയത്. അതോടൊപ്പം ലോട്ടറിയുടെ തുകയായ നാല്‍പ്പത് രൂപയും കൈപ്പറ്റി. ചിന്നദുരൈയോട് ലോട്ടറി അടിച്ച കാര്യം മറച്ച് വെക്കാതെയാണ് ഇവര്‍ സമ്മാനാര്‍ഹമായ ടിക്കറ്റ് കൈമാറിയത്. ഇതിന് സോഷ്യല്‍ മീഡിയ നിറയെ അഭിനന്ദനമാണ്.












Click it and Unblock the Notifications