'മന്ത്രിമാര്‍ ഫോണ്‍ എടുക്കില്ലെന്ന പരാതിയുള്ളപ്പോള്‍ മുഖ്യമന്ത്രി തിരിച്ച് വിളിച്ചു: കൗതുകം'
എറണാകുളം: സംസ്ഥാനത്തെ മഴക്കെടുതി രക്ഷാപ്രവര്‍ത്തനങ്ങളില്‍ മുഖ്യമന്ത്രിയുടേയും സര്‍ക്കാറിന്റെയും ഇടപെടലുകളെ പ്രശംസിച്ച് കോണ്‍ഗ്രസ് എംഎല്‍എ മാത്യു കുഴല്‍നാടന്‍. വിഷയത്തിന്റെ ഗൗരവവും പ്രദേശത്തെ ആളുകളുടെ ആശങ്കയും കണക്കിലെടുത്ത് ഉന്നത കേന്ദ്രങ്ങളിൽ ഇത് എത്തിക്കാൻ പരിശ്രമിക്കുന്നതിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയനെ വിളിച്ചപ്പോഴുണ്ടായ അനുഭവം തുറന്ന് പറഞ്ഞാണ് അദ്ദേഹം സര്‍ക്കാറിനെ അഭിനന്ദിച്ചിരിക്കുന്നത്.
മുഖ്യമന്ത്രിയെ ഫോണില്‍ വിളിച്ചിട്ട് കിട്ടിയില്ലെങ്കിലും മുഖ്യമന്ത്രി തന്നെ നേരിട്ട് തിരിച്ചുവിളിച്ച് കാര്യങ്ങള്‍ അന്വേഷിച്ചെന്നാണ് മാത്യു കുഴല്‍നാടന്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കുന്നത്. മന്ത്രിമാർ ഫോൺ എടുക്കുന്നില്ല എന്ന പരാതി എംഎൽഎമാർ തന്നെ ഉന്നയിക്കുന്ന ഈ കാലത്ത് മുഖ്യമന്ത്രി തന്നെ തിരിച്ചു വിളിച്ചതിൽ കൗതുകമുണ്ടെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂര്‍ണ്ണം രൂപം ഇങ്ങനെ..

മൂവാറ്റുപുഴ ആറിലെ വെള്ളപ്പൊക്കം നിയന്ത്രിക്കാൻ കൂട്ടായ പരിശ്രമമാണ് നടന്നുവരുന്നത്. വിഷയത്തിന്റെ ഗൗരവം ഉന്നതതലങ്ങളിൽ അറിയിക്കുവാനും നടപടികൾ എടുപ്പിക്കുവാനും സാധിച്ചിട്ടുണ്ട്. മലങ്കര ഡാമിൽ നിന്നും ഇപ്പോൾ ഒഴുക്കിവിടുന്നതിനപ്പുറം ഒരു അടി വെള്ളം പോലും കൂടുതലായി ഈ രാത്രിയിൽ ഒഴുക്കില്ല എന്ന് റവന്യൂ മന്ത്രിയും എറണാകുളം ജില്ലാ കളക്ടറും ഇടുക്കി ജില്ലാ കളക്ടറും ഉറപ്പുനൽകിയിട്ടുണ്ട്.

റവന്യൂ മന്ത്രിയും കളക്ടറും അടങ്ങുന്ന സംഘം നേരിട്ട് മൂവാറ്റുപുഴയിൽ എത്തുകയും സ്ഥിതിവിവരങ്ങൾ നേരിട്ട് വിലയിരുത്തുകയും ചെയ്തതിന് പ്രത്യേകം നന്ദി പറയുന്നു. ദുരന്തനിവാരണ സേനയുടെ ഒരു പ്രത്യേക ദൗത്യസംഘം മൂവാറ്റുപുഴയിൽ ക്യാമ്പ് ചെയ്യുകയാണ്.ഈ പരിശ്രമങ്ങൾക്കിടയിൽ അപ്രതീക്ഷിതമായ ഒരു സംഭവം ഉണ്ടായി. വിഷയത്തിന്റെ ഗൗരവവും പ്രദേശത്തെ ആളുകളുടെ ആശങ്കയും കണക്കിലെടുത്ത് ഉന്നത കേന്ദ്രങ്ങളിൽ ഇത് എത്തിക്കാൻ പരിശ്രമിക്കുന്നതിന്റെ ഭാഗമായി ചീഫ് സെക്രട്ടറിയോട് നേരിട്ട് വിഷയം ധരിപ്പിച്ചിരുന്നു.

അതിലും തൃപ്തി വരാതെ മുഖ്യമന്ത്രിയെ വിഷയം ധരിപ്പിക്കാൻ ഒരു പരിശ്രമം നടത്തുകയുണ്ടായി. ഫോണിൽ വിളിക്കാൻ ശ്രമിച്ചെങ്കിലും കിട്ടിയില്ല. എന്നാൽ ഏകദേശം മുക്കാൽ മണിക്കൂർ കഴിഞ്ഞപ്പോൾ മുഖ്യമന്ത്രി തന്നെ നേരിട്ട് തിരിച്ചുവിളിച്ചു. കാര്യങ്ങൾ ധരിപ്പിക്കാൻ ആയി. വിഷയത്തിന്റെ ഗൗരവം മനസ്സിലായെന്നും വേണ്ടത് ചെയ്യാമെന്നും മറുപടി നൽകി. മന്ത്രിമാർ ഫോൺ എടുക്കുന്നില്ല എന്ന പരാതി എംഎൽഎമാർ തന്നെ ഉന്നയിക്കുന്ന ഈ കാലത്ത് മുഖ്യമന്ത്രി തന്നെ തിരിച്ചു വിളിച്ചതിൽ ഉള്ള കൗതുകം കൊണ്ട് സൂചിപ്പിച്ചു എന്ന് മാത്രം. ഏതായാലും ഇതുവരെയുള്ള നടപടികളിൽ ആശ്വാസവും സംതൃപ്തിയുമുണ്ട്.- എംഎല്‍എ കുറിച്ചു.

അതേസമയം, കനത്ത മഴയെ തുടർന്നുള്ള ജില്ലയിലെ സാഹചര്യം കളക്ടറേറ്റിലെ ഡിസ്ട്രിക്ട് എമർജൻസി ഓപ്പറേഷൻസ് സെന്റർ നിരന്തരം നിരീക്ഷിച്ചു വരികയാണെന്ന് എറണാകുളം ജില്ലാ കളക്ടര്‍ അറിയിച്ചു. കേന്ദ്ര- സംസ്ഥാന ദുരന്ത പ്രതികരണ വിഭാഗങ്ങൾ, കാലാവസ്ഥ മുന്നറിയിപ്പ് സംവിധാനങ്ങൾ എന്നിവയുമായി നിരന്തര സമ്പർക്കം പുലർത്തുന്നുണ്ട്.

ജില്ലയിൽ റെഡ് അലർട്ട് പിൻവലിച്ചിട്ടില്ലെങ്കിലും കാര്യമായ മഴ നിലവിൽ പെയ്യുന്നില്ലെന്നാണ് താലൂക്കുകളിൽ നിന്നുള്ള റിപ്പോർട്ടുകൾ. പെരിയാർ, ചാലക്കുടിപ്പുഴ എന്നീ നദികളിലെ ജലനിരപ്പ് ക്രമാതീതമായി ഉയർന്നിട്ടില്ല. മലങ്കര ഡാമിലെ ഷട്ടറുകൾ ഉയർത്തിയതിനെ തുടർന്ന് മൂവാറ്റുപുഴയാറിൽ ഇന്ന് പകൽ ജലനിരപ്പ് ഉയർന്നെങ്കിലും നിലവിൽ സ്ഥിതി നിയന്ത്രണാധീനമാണ്. ആലുവ, മൂവാറ്റുപുഴ, കൊച്ചി, കോതമംഗലം താലൂക്കുകളിൽ ഓരോ ദുരിതാശ്വാസ ക്യാമ്പ് വീതം ആകെ നാല് ക്യാമ്പുകളാണ് ഇന്ന് തുറന്നത്. 25 കുടുംബങ്ങളിൽ നിന്നായി 86 പേർ ക്യാമ്പുകളിൽ കഴിയുന്നു. മറ്റ് സ്ഥലങ്ങളിലും ആവശ്യമെങ്കിൽ ക്യാമ്പുകൾ തുറക്കാൻ എല്ലാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു












Click it and Unblock the Notifications