എറണാകുളത്ത് മഴക്കൊപ്പം ശക്തമായ കാറ്റും; ബെവ്കോ ഔട്ട്ലെറ്റില്‍ അലമാരകള്‍ മറിഞ്ഞ് കുപ്പികള്‍ താഴെ വീണു
കൊച്ചി: എറണാകുളത്ത് മഴക്ക് പിന്നാലെ ആഞ്ഞടിച്ച ശക്തമായ കാറ്റില്‍ വ്യാപക നാശനഷ്ടം. കാക്കനാട് മേഖലയില്‍ ആണ് കാറ്റ് ആഞ്ഞ് വീശിയത്. ഇന്‍ഫോ പാര്‍ക്ക് മേഖലയില്‍ 25-ഓളം വൈദ്യുത പോസ്റ്റുകളും തകര്‍ന്ന് വീണിട്ടുണ്ട്. കാറ്റിനെ തുടര്‍ന്ന് ഇന്‍ഫോ പാര്‍ക്ക് ബെവ്കോ ഔട്ട്ലെറ്റില്‍ അലമാരകള്‍ മറിഞ്ഞ് മൂവായിരത്തോളം കുപ്പികളും താഴെ വീണ് നശിച്ചിട്ടുണ്ട്.
മദ്യം വാങ്ങാനെത്തിയവരും ജീവനക്കാരും തലനാരിഴയ്ക്കാണ് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്. വെള്ളിയാഴ്ച വൈകീട്ട് നാല് മണിക്ക് ശേഷമായിരുന്നു കാറ്റ് ആഞ്ഞുവീശിയത്. ശക്തമായ കാറ്റില്‍ തൃക്കാക്കരയിലും ചുങ്കത്ത് ലൈനിലും നാശനഷ്ടമുണ്ടായിട്ടുണ്ട്.

പലയിടത്തും ഗതാഗതവും തടസപ്പെട്ടിട്ടുണ്ട്. വൈദ്യുതി പോസ്റ്റുകള്‍ തകര്‍ന്ന് വീണാണ് ഗതാഗത തടസം നേരിട്ടത്. ചിലയിടങ്ങളില്‍ വൈദ്യുതി ബന്ധം തടസ്സപ്പെട്ടിട്ടുണ്ട്. വരും മണിക്കൂറിലും മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഏറ്റവും പുതിയ റഡാര്‍ ചിത്രം പ്രകാരം എറണാകുളം ജില്ലയില്‍ ഒറ്റപ്പെട്ടിയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മിതമായ മഴയ്ക്കാണ് സാധ്യത കല്‍പിച്ചിരിക്കുന്നത്.
മണിക്കൂറില്‍ 40 കിലോ മീറ്റര്‍ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യത ഉണ്ട്. കേരള തീരത്ത് 1.0 മുതല്‍ 1.3 വരെ ഉയരത്തില്‍ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത ഉണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. തെക്കന്‍ തമിഴ്‌നാട് തീരത്ത് 1.0 മുതല്‍ 1.4 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാല ഉയരും. ഇവിടേയും കടലാക്രമണത്തിന് സാധ്യത ഉണ്ട്.












Click it and Unblock the Notifications