ഒന്നരപതിറ്റാണ്ടിന് ശേഷം കേരളത്തില്‍ ജൂതവിവാഹം; റബായിയെത്തി ഇസ്രായേലില്‍ നിന്ന്, വീഡിയോ
കൊച്ചി: ഒന്നര പതിറ്റാണ്ടിന് ശേഷം കേരളത്തില്‍ വീണ്ടും ജൂതക്കല്യാണം. ക്രൈംബ്രാഞ്ച് മുന്‍ എസ് പി ബിനോയ് മലാഖൈയുടെയും ക്ലിനിക്കല്‍ സൈക്കോളജിസ്റ്റായ മഞ്ജുഷ മിറിയം ഇമ്മാനുവേലിന്റെയും മകളായ റേച്ചല്‍ മലാഖൈയും അമേരിക്കക്കാരനായ റിച്ചാര്‍ഡ് സാക്കറി റോവുമാണ് കൊച്ചിയില്‍ പരമ്പരാഗതമായ ജൂത ആചാരങ്ങളോടെ ഞായറാഴ്ച വിവാഹിതരായത്.
ആചാര പ്രകാരം വിവാഹത്തിന് കാര്‍മികത്വം വഹിക്കാനുള്ള റബായി (പുരോഹിതന്‍) ആരിയല്‍ സിയോണിനെ ഇസ്രയേലില്‍ നിന്നും ആണ് എത്തിച്ചത്. റബായിയുടെ സാന്നിധ്യത്തില്‍ റേച്ചല്‍ മലാഖൈയേയും റിച്ചാര്‍ഡ് സാക്കറി റോവിനേയും കെത്തുബ (വിവാഹ ഉടമ്പടി) വായിച്ച് കേള്‍പ്പിച്ചു. ജീവിതാവസാനം വരെ പരസ്പരം സ്‌നേഹിച്ച് മക്കള്‍ക്കൊപ്പം ഈ ലോകത്ത് ജീവിച്ചുകൊള്ളാമെന്ന് ഇരുവരും ഹൃദയത്തില്‍ തൊട്ട് പ്രതിജ്ഞ ചെയ്തു.

ഇതിന് പിന്നാലെ മുന്തിരിവീഞ്ഞ് നിറച്ച സ്വര്‍ണക്കാസയില്‍ സൂക്ഷിച്ച മോതിരം പരസ്പരം അണിയിച്ച് കൊണ്ടായിരുന്നു വിവാഹം. പരമ്പരാഗത ജൂത സമ്പ്രദായങ്ങളുടെ എല്ലാ ചിട്ടകളോടെയുമായിരുന്നു റേച്ചല്‍ മലാഖൈയും റിച്ചാര്‍ഡ് സാക്കറി റോവും വിവാഹിതരായത്. 15 വര്‍ഷത്തിന് ശേഷം ഇതാദ്യമായാണ് കേരളം ഒരു ജൂതക്കല്യാണത്തിന് സാക്ഷിയാകുന്നത്. കേരളത്തിലെ ജൂതപ്പള്ളികളെല്ലാം ഇപ്പോള്‍ സംരക്ഷിത പൈതൃക മേഖലകളാണ്.
അതിനാല്‍ എറണാകുളത്തെ റിസോര്‍ട്ടില്‍ ജൂത ആചാരപ്രകാരമുള്ള സംവിധാനങ്ങള്‍ ഒരുക്കി. കേരളത്തിന്റെ മനോഹാരിതയില്‍ വിവാഹം വേണമെന്നാിരുന്നു റിച്ചാര്‍ഡ് റോവുവിന്റെ ആഗ്രഹം. അതിനാല്‍ തന്നെ ആചാരവും ആഗ്രഹവും ഒരുപോലെ സമ്മേളിക്കുന്ന വേദിയായും കല്യാണവേജി മാറി. കേരളത്തില്‍ ജൂതപ്പള്ളിക്കു പുറത്ത് നടക്കുന്ന ആദ്യ ജൂത വിവാഹമാണിത് എന്ന പ്രത്യേകതയുമുണ്ട്.
#WATCH | Kerala: Kochi witnessed its first Jewish wedding in 15 years on 21st May, when Rachel and Richard tied the knot at a resort. The marriage was officiated by a Rabbi from Israel.
— ANI (@ANI) May 22, 2023
Rachel is the daughter of former Crime Branch Superintendent Binoy Malakhai while Richard is… pic.twitter.com/UNEroILNOb
ജൂതവിവാഹത്തിലെ ചടങ്ങുകളില്‍ കുറഞ്ഞത് പത്ത് ജൂതന്‍മാരുടെയെങ്കിലും സാന്നിധ്യം വേണം എന്നാണ് പറയുന്നത്. പരമ്പരാഗത ചിട്ടയോടെയുള്ള വിവാഹമായതിനാല്‍ തന്നെ അതിനുള്ള അനുമതികളെല്ലാം നേരത്തേ തന്നെ വാങ്ങിയിരുന്നു എന്ന് മഞ്ജുഷ പറയുന്നു. അമേരിക്കന്‍ പ്രസിഡന്റിന്റെ നിയന്ത്രണത്തിലുള്ള ഓര്‍ഗനൈസേഷനില്‍ ഡേറ്റ അനലിസ്റ്റായി ജോലി ചെയ്യുകയാണ് റേച്ചല്‍. വിര്‍ജീനയിലാണ് താമസം.
റിച്ചാര്‍ഡ് നാസയില്‍ എന്‍ജിനീയറാണ്. അമേരിക്കയിലെ ഇന്ത്യാനപോളിസില്‍ ആണ് താമസിക്കുന്നത്. കുറച്ച് കാലം റേച്ചല്‍ ഇംഗ്ലണ്ടില്‍ താമസിച്ചിരുന്നു. അന്ന് തൊട്ടെ ആരിയലിനെ അറിയാമായിരുന്നു. ഈ പരിചയം കാരണമാണ് റബായിയായി കേരളത്തിലേക്ക് വരാന്‍ ആരിയല്‍ തയ്യാറായത്. കേരളത്തിന്റെ മനോഹരമായ കായല്‍ തീരത്ത് ഒരുക്കിയ വിവാഹ ചടങ്ങുകള്‍ അവിസ്മരണീയമാണ് എന്നാണ് വിവാഹ ചടങ്ങുകള്‍ക്ക് ശേഷം റബായി പറഞ്ഞത്.












Click it and Unblock the Notifications