ആര്‍ത്തവ പരിശോധന; മൂന്നു ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍
കൊച്ചി: വനിതാ ജീവനക്കാരില്‍ ആര്‍ക്കാണ് ആര്‍ത്തവമുള്ളതെന്ന് കണ്ടെത്താന്‍ വസ്ത്രമഴിച്ച് പരിശോധിച്ച കൊച്ചിയിലെ സ്വകാര്യ സ്ഥാപനത്തിലെ മൂന്നു ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍. കൊച്ചി പ്രത്യേക സാമ്പത്തിക മേഖലയിലെ സ്ഥാപനമായ അസ്മ റബ്ബര്‍ പ്രൊഡക്ട്‌സിലെ സൂപ്പര്‍വൈസര്‍ ബീന, ജീവനക്കാരായ ബിജിമോള്‍, പ്രമീള എന്നിവരെയാണ് അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്.
ടോയ്‌ലറ്റില്‍ ഉപയോഗിച്ച നാപ്കിന്‍ ഉപേക്ഷിച്ച രീതിയില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ജീവനക്കാരികളില്‍ പരിശോധന നടത്തിയത്. ഏകദേശം 30 വനിതാ ജീവനക്കാരുടെ വസ്ത്രമഴിച്ച് പരിശോധിച്ചെന്നാണ് ആരോപണം. സ്ഥാപനത്തിലെ സൂപ്പര്‍വൈസര്‍ ഭീഷണിപ്പെടുത്തി നിര്‍ബന്ധ പൂര്‍വം പരിശോധന നടത്തുകയായിരുന്നെന്ന് ജീവനക്കാരികള്‍ പരാതി നല്‍കിയിരുന്നു.

സംഭവത്തില്‍ സെസ് ഡെവലപ്പ്‌മെന്റ് ഓഫീസര്‍ നിയോഗിച്ച സമിതിയും അന്വേഷണം നടത്തുകയാണ്. സ്ഥാപനത്തിലെ വനിതാ ജീവനക്കാരികള്‍ കൂടുതല്‍ പീഡനത്തിനിരയായതായും വെളിപ്പെടുത്തിയിരുന്നു. ആവശ്യത്തിന് വെള്ളം കുടിക്കാനോ ടോയ്‌ലറ്റില്‍ പോകാനോ ജീവനക്കാരികള്‍ക്ക് സ്ഥാപനത്തില്‍ അനുമതിയുണ്ടായിരുന്നില്ല. ജോലി സമയം നഷ്ടപ്പെടുത്തുമെന്ന് ആരോപിച്ചായിരുന്നു പ്രാഥമിക കൃത്യങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്.
സ്ഥാപനത്തിനെതിരെ പരാതി ഉയര്‍ന്നതോടെ വിവിധ വനിതാ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. കമ്പനി എംഡിക്ക് നാപ്കിന്‍ അയച്ചു കൊടുക്കുന്നതുപോലുള്ള പുതുമയാര്‍ന്ന പ്രതിഷേധവുമായി സോഷ്യല്‍ മീഡിയയും ജീവനക്കാരികള്‍ക്ക് ഐക്യദാര്‍ഢ്യവുമായി രംഗത്തെത്തി.












Click it and Unblock the Notifications