100 ഓക്സിജൻ ബെഡുകളുളള ആശുപത്രി സജ്ജീകരിക്കുവാനുളള ഒരുക്കങ്ങള്‍ ആരംഭിച്ച് കൊച്ചി കോര്‍പ്പറേഷന്‍
കൊച്ചി; കോവിഡ് വ്യാപനം നേരിടുന്നതിനായി സി.എഫ്.എല്‍.ടി.സി. കള്‍ക്ക് പുറമേ 100 ഓക്സിജന്‍ ബെഡുകളുളള ആശുപത്രി സജ്ജീകരിക്കുവാനുളള ഒരുക്കങ്ങള്‍ കോര്‍പ്പറേഷന്‍ ഇന്നാരംഭിച്ചു. കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റുമായി സഹകരിച്ച് പോര്‍ട്ടിന്‍റെ ഉടമസ്ഥതയില്‍ വില്ലിംഗ്ടണ്‍ ഐലന്‍റിലുളള സാമുദ്രിക ഹാളിലാണ് ഓക്സിജന്‍ ബെഡുകളുളള ആശുപത്രി ഒരുക്കുന്നത്. ഇന്ന് കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ് ചെയര്‍മാന്‍ ഡോ. ബീന ഐ.എ.എസ്.-നൊപ്പം സാമുദ്രിക ഹാള്‍ സന്ദര്‍ശിച്ചു. ഹാള്‍ വിട്ടുനല്‍കുവാന്‍ ഒരുക്കമാണെന്ന് ഡോ. ബീന അറിയിച്ചിട്ടുണ്ട്. ജില്ലാ കളക്ടര്‍ക്കു വേണ്ടി ഡോ. മാത്യൂസ് മറ്റ് ആരോഗ്യ പ്രവര്‍ത്തകര്‍, നഗരസഭ ഹെല്‍ത്ത് ഓഫീസര്‍ എന്നിവര്‍ സന്ദര്‍ശനത്തില്‍ ഒപ്പമുണ്ടായിരുന്നു.
ഹാളില്‍ ഓക്സിജന്‍ സൗകര്യം ഒരുക്കുന്നതിനുളള പ്ലാന്‍റ്, പാനല്‍ വര്‍ക്കുകള്‍ ജില്ലാ ഭരണകൂടം ആരംഭിക്കും. ഓക്സിജന്‍ ലഭ്യമാക്കുന്നതിനുളള സൗകര്യം ഒരുക്കുന്ന മുറയ്ക്ക് ആശുപത്രി പ്രവര്‍ത്തമാരംഭിക്കുവാനാണ് കോര്‍പ്പറേഷന്‍ തയ്യാറെടുക്കുന്നത്. ആശുപത്രിയില്‍ തുറമുഖ മേഖലയിലുളളവര്‍ക്ക് പ്രത്യേക പരിഗണന നല്‍കും.

നഗരത്തില്‍ കോവിഡ് രോഗികള്‍ക്കും, ക്വാറന്‍റൈനിലുളളവര്‍ക്കുമായി കോര്‍പ്പറേഷന്‍ നടത്തിവരുന്ന ഭക്ഷണ വിതരണത്തിന്‍റെ 5-ാം നാളായ ഇന്ന് വിതരണം എം.എല്‍.എ. ശ്രീ. ടി.ജെ. വിനോദ് ഉദ്ഘാടനം ചെയ്തു. ഇന്ന് 1922 ഭക്ഷണ പൊതികളാണ് വിതരണം ചെയ്തത്. എറണാകുളം കരയോഗത്തിന്‍റെ സഹകരണത്തോടെ ടി.ഡി.എം. ഹാളില്‍ വച്ച് പാചകം ചെയ്താണ് ഭക്ഷണ വിതരണം നടന്നു വരുന്നത്.
ഇതു വരെ ദിവസേന രണ്ട് നേരങ്ങളിലായി 16,800 ഭക്ഷണ പൊതികള്‍ വിതരണം ചെയ്തു കഴിഞ്ഞു. ഇന്ന് ടി.ഡി.എം. ഹാളില്‍ മേയറോടൊപ്പം നഗരസഭ ചെയപേഴ്സണ്‍മാരയ ഷീബലാല്‍, സുനിത ഡിക്സണ്‍, കൗണ്‍സിലര്‍മാരായ ആന്‍റണി കുരീത്തറ, മനുജേക്കബ്, കരയോഗം സെക്രട്ടറി രാമചന്ദ്രന്‍ (വേണു), കെ.വി.പി. കൃഷ്ണകുമാര്‍, രാജഗോപാല്‍, നഗരസഭ ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു. ഇന്ത്യയിലാദ്യമായാണ് ഒരു നഗരസഭ ഓക്സിജൻ ബെഡുകളുളള ആശുപത്രി സജ്ജീകരിക്കുവാൻ തയ്യാറെടുക്കുന്നത്. ഏത്ര പ്രതികൂല സാഹചര്യമായാലും നേരിടാന്‍ പൊതുജനങ്ങള്‍ക്കൊപ്പം കോര്‍പ്പറേഷനുണ്ടാകുമെന്നും മേയര്‍ അനില്‍ കുമാര്‍ വ്യക്തമാക്കി.












Click it and Unblock the Notifications