കൊച്ചിയിൽ പൂക്കാലം വരവായി ; ഫ്‌ളവര്‍ ഷോ ഡിസംബര്‍ 22 മുതല്‍
എറണാകുളം ജില്ല അഗ്രി ഹോര്‍ട്ടികള്‍ച്ചര്‍ സൊസൈറ്റിയും ഗ്രേറ്റര്‍ കൊച്ചിന്‍ ഡെവലപ്പ്‌മെന്റ് അതോറിറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന 40-ാമത് കൊച്ചിന്‍ ഫ്‌ളവര്‍ ഷോ എറണാകുളം മറൈന്‍ ഡ്രൈവില്‍ ഡിസംബര്‍ 22 മുതല്‍ 2024 ജനുവരി 1 വരെ. കൊച്ചിന്‍ ഫ്‌ളവര്‍ ഷോ സ്വാഗതസംഘം ഓഫീസ് ജില്ലാ കളക്ടറും എറണാകുളം ജില്ല അഗ്രി ഹോര്‍ട്ടികള്‍ച്ചര്‍ സൊസൈറ്റി ചെയര്‍മാനുമായ എന്‍.എസ്.കെ ഉമേഷ് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ജിസിഡിഎ ചെയര്‍മാന്‍ കെ ചന്ദ്രന്‍ പിള്ള അധ്യക്ഷത വഹിച്ചു. എറണാകുളം ജില്ല അഗ്രി ഹോര്‍ട്ടികള്‍ച്ചര്‍ സൊസൈറ്റി വൈസ് ചെയര്‍മാന്‍ വി കെ കൃഷ്ണന്‍ ആമുഖപ്രസംഗം നടത്തി. 40 വര്‍ഷങ്ങളായി കൊച്ചി ഫ്‌ളവര്‍ ഷോയുടെ സംഘാടകനും ലാന്‍ഡ്‌സ്‌കെപ്പറുമായ പ്രൊഫ. വി ഐ ജോര്‍ജ് സന്നിഹിതനായി.
പൂക്കളുടെ അത്ഭുതലോകം കുറച്ച് ദിവസങ്ങള്‍ക്കപ്പുറം പൊതുജനങ്ങള്‍ക്ക് ആസ്വദിക്കാനാകും. കൊച്ചി നാളിതുവരെ കാണാത്ത വ്യത്യസ്ത തരം പൂക്കള്‍ കൊണ്ടും പൂക്കളുടെ വൈവിധ്യമാര്‍ന്ന നിറസുഗന്ധ ബാഹുല്യം കൊണ്ടും അവിസ്മരണീയത തീര്‍ക്കുന്ന വര്‍ണ പ്രപഞ്ചമാണ് മറൈന്‍ ഡ്രൈവിന്റെ മണ്ണില്‍ ഒരുങ്ങുന്നത്. കൊച്ചിയുടെ ചരിത്രത്തിലെ ഏറ്റവും വിപുലമായ ഫ്‌ളവര്‍ ഷോ ആയിരിക്കും ഇത്.

5000 നുമേല്‍ ഓര്‍ക്കിഡുകള്‍, 1000 അഡീനിയം, ഗ്രാഫ്റ്റ് ചെയ്ത പല വര്‍ണ്ണത്തിലുള്ള മൂണ്‍ ക്യാക്ടസ്, ആകര്‍ഷകമായ ഡിസൈനുകളില്‍ ക്രമീകരിച്ച 30000 വാര്‍ഷിക പൂച്ചെടികള്‍, 6000 ചതു.അടിയില്‍ തയ്യാറാക്കിയ പുഷ്പാലങ്കാരം, 10 അടി വലുപ്പത്തിലുള്ള വെജിറ്റബിള്‍ കാര്‍വിങ്, പല തരം പ്രാണിപിടിയന്‍ ചെടികള്‍, റോസാ ചെടികള്‍, മിനി ആന്തൂറിയം, മാതൃക പൂന്തോട്ടം, ടോപിയറി മരങ്ങള്‍ കൊണ്ടുള്ള ഉദ്യാനം, വിദേശി പഴചെടികളുടെ ഉദ്യാനം എന്നിങ്ങനെ വിപുലവും കൂടുതല്‍ ആകര്‍ഷകവുമായിരിക്കും ഈ വര്‍ഷത്തെ കൊച്ചിന്‍ ഫ്‌ളവര്‍ ഷോ. ഉദ്യാന ചെടികളുടെ വിപണത്തിനായി കേരളത്തിന് പുറത്തുനിന്നും ഉള്ള നഴ്‌സറികള്‍ ഉള്‍പ്പടെ നഴ്‌സറികളുടെ നീണ്ട നിരയുണ്ട്. സന്ദര്‍ശകരുടെ ഉദ്യാനസംബന്ധിയായ സംശയനിവാരണത്തിനായി സംസ്ഥാന കൃഷിവകുപ്പിന്റെ 'അഗ്രി ക്ലിനിക്' ഷോഗ്രൗണ്ടില്‍ പ്രവര്‍ത്തിക്കും. കൊച്ചിന്‍ ഷിപ്പ് യാര്‍ഡ്, കൊക്കോനട്ട് ഡെവലൊപ്‌മെന്റ് ബോര്‍ഡ്, കയര്‍ ബോര്‍ഡ്, എം. പി.ഇ.ഡി.എ, സ്പൈസസ് ബോര്‍ഡ് തുടങ്ങി വിവിധ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളും മേളയുടെ ഭാഗമാകുന്നു.
ജിസിഡിഎ സെക്രട്ടറി ടി.എന്‍ രാജേഷ് ചടങ്ങില്‍ സ്വാഗതം പറഞ്ഞു. ജിസിഡിഎ സീനിയര്‍ ടൗണ്‍ പ്ലാനര്‍ എം.എം ഷീബ, ടൗണ്‍ പ്ലാനര്‍ എസ്.സുഭാഷ്, അഗ്രി ഹോര്‍ട്ടികള്‍ച്ചര്‍ സൊസൈറ്റി സെക്രട്ടറി ടി.എന്‍ സുരേഷ്, ജോയിന്റ് സെക്രട്ടറി എന്‍.കെ ശശികല, ട്രഷറര്‍ ഏര്‍ണി ഇ പോള്‍, ജിസിഡിഎ ഉദ്യോഗസ്ഥര്‍, സൊസൈറ്റി ഭാരവാഹികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.












Click it and Unblock the Notifications