'ജനിച്ചുവീണയുടൻ കുഞ്ഞിന്റെ വായിൽ തുണിതിരുകി, കഴുത്തിൽ ഷാളിട്ട് മുറുക്കി മരണം ഉറപ്പാക്കി'; അതിക്രൂരം
കൊച്ചി: പനമ്പിള്ളി നഗറിലെ നവജാത ശിശുവിന്റെ കൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. അതിക്രൂരമായ കൊലപാതകമാണ് നടന്നതെന്നാണ് പോലീസ് പറയുന്നത്. കുഞ്ഞിനെ കൊന്നത് ശ്വാസം മുട്ടിച്ചാണെന്ന് യുവതി പോലീസിന് മാെഴി നൽകി. ജനിച്ചുവീണതിന് പിന്നാലെ കുഞ്ഞിന്റെ വായിൽ യുവതി തുണിതിരുകി.
പിന്നാലെ കഴുത്തിൽ ഷാളിട്ട് മുറുക്കി മരണം ഉറപ്പാക്കി. മൃതദേഹം ഉപേക്ഷിക്കാനാണ തീരുമാനിച്ചതെങ്കിലും യുവതിയുടെ അമ്മ വാതിൽ മുട്ടിയതോടെ മൃതദേഹം കയ്യിൽ കിട്ടിയ കവറിൽ പാെതിഞ്ഞ് ഫ്ലാറ്റിൽ നിന്ന് റോഡിലേക്ക് വലിച്ചെറിയുകയായിരുന്നു എന്നാണ് പോലീസിൽ നൽകുന്ന വിവരം.

ജനിച്ചയുടൻ കുഞ്ഞ് കരഞ്ഞ് ശബ്ദം ഉണ്ടാക്കാതിരിക്കാനാണ് ആ സമയം തന്നെ കൊലപ്പെടുത്തിയത് എന്നാണ് പോലീസ് പറയുന്നത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കുഞ്ഞിന്റെ തലയോട്ടി തകർന്നതായി കണ്ടെത്തിയിരുന്നു. എട്ട് മാസം മുൻപാണ് ഗർഭിണി ആണെന്ന വിവരം താൻ മനസ്സിലാക്കിയതെന്നും ആൺസുഹൃത്തിനോട് ഇക്കാര്യം പറഞ്ഞിരുന്നുവെന്നും യുവതി പോലീസിനോട് പറഞ്ഞു. ഗർഭം അലസ്സിപ്പിക്കാൻ പല തവണ ശ്രമിച്ചിരുന്നെങ്കിലും പരാജയപ്പെടുകയായിരുന്നു.
കഴിഞ്ഞ രണ്ട് മാസമായി യുവാവുമായി യാതൊരു ബന്ധവും യുവതിക്ക് ഉണ്ടായിരുന്നില്ല. ഈ ഘട്ടത്തിലാണ് കുഞ്ഞിനെ ഉപേക്ഷിക്കാൻ യുവതി തീരുമാനിച്ചതെന്നാണ് പോലീസ് നൽകുന്ന സൂചന. കുഞ്ഞ് ജനിക്കുമ്പോൾ ഒഴിവാക്കേണ്ടതിനുള്ള മുൻകരുതലുകൾ യുവതി സ്വീകരിച്ചിരുന്നുവെന്നാണ് പോലീസ് പറയുന്നത്. 23 കാരിയായ യുവതിയെ പോലീസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. ഇന്ന് യുവതിയുടെ വിശദമായി രേഖപ്പെടുത്തും. പ്രസവത്തെ തുടർന്ന് അവശയായ യുവതി നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. പ്രസവ ശേഷമുള്ള അവശതകൾ ഉള്ളത് കാരണം യുവതിയെ ഇന്ന് കോടതിയിൽ ഹാജരാക്കിയേക്കില്ല.
അതേ സമയം യുവതി ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട തൃശൂർ സ്വദേശിയും നർത്തകനുമായ ആൺ സുഹൃത്തിന്റെ മൊഴി പോലീസ് രേഖപ്പെടുത്തി. നവജാതശിശുവിനെ കൊലപ്പെടുത്തിയ സംഭവുമായി യുവാവിന് പങ്കില്ലെന്ന് പോലീസ് വ്യക്തമാക്കി. യുവാവുമായി സൗഹൃദം മാത്രമായിരുന്നു എന്ന് യുവതി പറഞ്ഞു. എന്നാല് താൻ പീഡിപ്പിക്കപ്പെട്ടു എവന്ന് യുവതി പോലീസിന് ആദ്യം മൊഴി നൽകിയിരുന്നു. ഇതുവരെ യുവതി പീഡന പരാതി നൽകിയിട്ടില്ല. പരാതി ലഭിക്കാതെ ഇതിൽ കേസെടുക്കാൻ കഴിയില്ലെന്നാണ് പോലീസ് വ്യക്തമാക്കിയത്.
വെള്ളിയാഴ്ച രാവിലെ എട്ടേകാലോടെയാണ് പനമ്പള്ളി നഗറിലെ ഫ്ലാറ്റിന് സമീപത്ത് ഉള്ളവർ റോഡിൽ ഒരു കെട്ട് കിടക്കുന്നത് കണ്ടത്. ആരെങ്കിലും സഞ്ചിയലാക്കി മാലിന്യം ഉപേക്ഷിച്ചതാകാം എന്നാണ് ആദ്യം കരുതിയതെങ്കിലും ശുചീകരണ തൊഴിലാളികൾ തൊട്ടുമുമ്പ് വൃത്തിയാക്കി പോയ സ്ഥലത്ത് എങ്ങനെ ഇത്ര പെട്ടെന്ന് ഒരു മാലിന്യക്കെട്ടു വന്നത് എന്ന് സംശയം തോന്നി നോക്കിയപ്പോഴായിരുന്നു അത് കുഞ്ഞിന്റെ മൃതദേഹമാണെന്ന് മനസ്സിലാവുന്നത് എന്നാണ് സമീപവാസികൾ പറഞ്ഞത്.
രാവിലെ ധാരാളം ആളുകൾ നടക്കുകയും മറ്റും ചെയ്യുന്ന സ്ഥലമായതുകൊണ്ട് തന്നെ അവരുടെ ആരുടെയെങ്കിലും നഷ്ടപ്പെട്ട കെട്ടാകുമെന്ന് കരുതി. ഒരു കൊറിയർ സർവീസ് കമ്പനിയുടെ പാക്കറ്റായിരുന്നു റോഡിൽ വീണുകിടന്നത്. അടുത്തെത്തി പരിശോധിച്ചപ്പോഴാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടത്. ഉടൻ നാട്ടുകാർ പോലീസിനെ അറിയിച്ചു. സമീപത്തെ സി സി ടി വിയിൽ കുഞ്ഞിനെ വലിച്ചെറിയുന്നത് വ്യക്തമാണ്..












Click it and Unblock the Notifications