കെഎസ്‌യു പ്രവര്‍ത്തകയെ തട്ടിക്കൊണ്ട് പോയ സംഭവം; 3 എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍
കൊച്ചി: കെഎസ്‌യു പ്രവര്‍ത്തകയെ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ മൂന്ന് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍. ശ്രീനാരായണ ലോ കോളേജിലെ വിദ്യാര്‍ത്ഥികളായ രാജേശ്വരി, അതുല്‍ ദേവ്, സിദ്ധാര്‍ത്ഥ് ഷാജി എന്നിവരാണ് അറസ്റ്റിലായത്. യൂണിയന്‍ ഭാരവാഹി തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാതിരിക്കാനാണ് തട്ടിക്കൊണ്ട് പോയെതന്നാണ് ആരോപണം.
യൂണിയന്‍ പിടിക്കാനാണ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ഇവരെ തട്ടിക്കൊണ്ട് പോയതെന്നായിരുന്നു പരാതി. വോട്ടെടുപ്പ് തുടങ്ങാനിരിക്കെ വിദ്യാര്‍ത്ഥിയെ ആശുപത്രിയിലേക്ക് എന്ന് പറഞ്ഞ് കൊണ്ടുപോവുകയും, പിന്നീട് തിരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം മാത്രം തിരികെ കൊണ്ടുവിടുകയുമായിരുന്നു.

പെണ്‍കുട്ടിയെ കാണാനില്ല എന്ന് പറഞ്ഞാണ് കോളേജ് അധികൃതര്‍ പോലീസിന് പരാതി നല്‍കിയത്. എന്നാല്‍ തന്നെ തട്ടിക്കൊണ്ടുപോയതാണെന്ന് പെണ്‍കുട്ടി മൊഴി നല്‍കുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് കോളേജ് തിരഞ്ഞെടുപ്പ് നടന്നത്.
ഇതില്‍ ക്ലാസ് പ്രതിനിധിയും കെഎസ്‌യു പ്രവര്‍ത്തകയുമായ പ്രവീണയ്ക്ക് വോട്ട് ചെയ്യാന്‍ സാധിച്ചിരുന്നില്ല. ഇത് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തട്ടിക്കൊണ്ട് പോയതിനെ തുടര്‍ന്നായിരുന്നു. ഇതോടെയാണ് പ്രവീണ പോലീസില്‍ പരാതിപ്പെട്ടത്.
അതേസമയം തനിക്ക് അസുഖമാണെന്ന് പറഞ്ഞ് സുഹൃത്തായ രാജേശ്വരി തന്നെ വിളിച്ച് കൊണ്ടുപോവുകയും, പിന്നീട് തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ തന്നെ തിരികെ കൊണ്ടുവരാന്‍ തയ്യാറാവാതിരിക്കുകയുമായിരുന്നുവെന്നും പ്രവീണയുടെ മൊഴിയിലുണ്ട്.
കാറില്‍ കയറിയ പ്രവീണയുമായി ആശുപത്രിയില്‍ പോകാതെ മറ്റിടങ്ങളില്‍ കറങ്ങി വീണ്ടും കോളേജില്‍ തിരിച്ചെത്തിക്കുകയായിരുന്നു. ഇതോടെ തിരഞ്ഞെടുപ്പ് പൂര്‍ത്തിയാവുകയും ഫലം അട്ടിമറിക്കപ്പെടുകയും ചെയ്തതായി പെണ്‍കുട്ടി പറഞ്ഞു. നേരത്തെ ഈ വിഷയത്തില്‍ ചിലരെ കസ്റ്റഡിയിലെടുത്തിരുന്നു. ഇവരുടെ അറസ്റ്റാണ് ഇപ്പോള്‍ രേഖപ്പെടുത്തിയിരിക്കുന്നത്.












Click it and Unblock the Notifications