എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൊച്ചിയുടെ ശബ്ദത്തില്‍ സാംസ്കാരിക വൈവിധ്യത്തിന്‍റെ പ്രതിഫലനം: ലീസ പ്രെംക

  • By Desk
Google Oneindia Malayalam News

കൊച്ചി: കൊച്ചിയുടെ സാംസ്കാരിക വൈവിദ്ധ്യം ഇവിടുത്തെ ശബ്ദങ്ങളിലൂടെ പ്രതിഫലിക്കുന്നുണ്ടെന്ന് പ്രശസ്ത ജര്‍മ്മന്‍ കലാകാരി ലീസ പ്രെംക. കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ ഫോര്‍ട്ട് കൊച്ചി പെപ്പര്‍ ഹൗസില്‍ സംഘടിപ്പിച്ച സംഭാഷണ പരിപാടിയായ ലെറ്റ്സ് ടോക്കില്‍ സംസാരിക്കുകയായിരുന്നു അവര്‍.

പ്രകൃതിയുടെ ഭാഗമെന്ന നിലയില്‍ അതിന്‍റെ ചംക്രമണം തന്നെ എന്നും അത്ഭുതപ്പെടുത്തിയിട്ടുണ്ടെന്ന് അവര്‍ പറഞ്ഞു. കൊച്ചിയുടെ തെരുവുകളിലൂടെ ശബ്ദവൈവിദ്ധ്യം തേടി അലഞ്ഞു നടക്കുമ്പോള്‍ ഭിന്നമായ നിരവധി സ്വരങ്ങളാണ് കേള്‍ക്കാന്‍ കഴിഞ്ഞത്. ഈ പ്രദേശത്തിന്‍റെ സാംസ്കാരിക വൈവിദ്ധ്യത്തെയാണ് ഇത് സൂചിപ്പിക്കുന്നതെന്ന് അവര്‍ പറഞ്ഞു.

news

കഴിഞ്ഞ ഒരു മാസമായി കൊച്ചി ബിനാലെ ഫൗണ്ടേഷന്‍റെ പെപ്പര്‍ഹൗസ് ആര്‍ട്ട് റെസിഡന്‍സി പരിപാടിയുടെ ഭാഗമായി ലീസ കൊച്ചിയിലുണ്ട്. ബംഗളുരുവിലെ ഗോയിഥെ ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ റെസിഡന്‍സി പരിപാടിയ്ക്കായാണ് അവര്‍ ഇന്ത്യയിലെത്തിയത്.
news


ശബ്ദപ്രതിഷ്ഠാപനത്തിലൂടെ കൊച്ചിയുടെ സാംസ്കാരിക പൈതൃകത്തെ അടയാളപ്പെടുത്താന്‍ ശ്രമിച്ച ലീസ, സിങ്ങിംഗ് പാറ്റേണ്‍സ് എന്നാണ് തന്‍റെ സൃഷ്ടിയ്ക്ക് പേര് നല്‍കിയിരിക്കുന്നത്. ഉപേക്ഷിക്കപ്പെട്ട ശബ്ദോപകരണങ്ങളെ തന്‍റെ പ്രതിഷ്ഠാപനത്തില്‍ ലീസ സമന്വയിപ്പിച്ചിരിക്കുന്നു. ഓരോ പ്രദേശത്തിനുമനുസരിച്ചാണ് ഇവ ഒരുക്കിയിരിക്കുന്നത്.

എല്ലാ കാഴ്ചയിലും തനിക്ക് ശബ്ദം കേള്‍ക്കാന്‍ കഴിയുന്നുണ്ടെന്നവര്‍ പറഞ്ഞു. മഴയുടെ ശബ്ദം തന്നെ ഏറെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. പ്ലാസ്റ്റിക്, സ്റ്റീല്‍, അലുമിനിയം, എന്നിവ കൊണ്ടാണ് ഈ പ്രതിഷ്ഠാപനം നിര്‍മ്മിച്ചിരിക്കുന്നത്.

കൊച്ചിയുടെ പരിഛേദമാണ് പെപ്പര്‍ ഹൗസ്. സന്ദര്‍ശനത്തിനായെത്തുന്നവര്‍ ഇവിടെ അവശേഷിപ്പിക്കുന്ന സാംസ്കാരിക പൈതൃകത്തെയാണ് താന്‍ തിരിച്ചറിയാന്‍ ശ്രമിച്ചത്. ഇതിലെ സങ്കലനം അത്ഭുതപ്പെടുത്തുന്നതാണ്. വളരെ ശക്തമായ പൈതൃകം കാണാന്‍ സാധിക്കുമ്പോള്‍ തന്നെ സ്ഥായിയായ മാറ്റവും ഇതില്‍ ദര്‍ശിക്കാനാകാം. എല്ലാ മതങ്ങളുടെയും സംസ്കാരങ്ങളുടെയും വലിയ മിശ്രണമാണ് കൊച്ചി. ആധുനിക കാലത്ത് മുന്നോട്ടു പോകുമ്പോള്‍ തന്നെ എല്ലാവരും താന്താങ്ങളുടെ ചരിത്രവും സാംസ്കാരിക പൈതൃകവും ഒപ്പം കരുതുന്നു. ഇതെത്ര മാത്രം ഈ പ്രതിഷ്ഠാപനത്തില്‍ കൊണ്ടുവരാന്‍ സാധിച്ചുവെന്നുറപ്പില്ലെന്ന് അവര്‍ പറഞ്ഞു. സാവധാനം മാത്രം അവസ്ഥാന്തരം വരുന്ന ശേഷിപ്പുകളിലാണ് താന്‍ ശ്രദ്ധയൂന്നിയിട്ടുള്ളതെന്നും അവര്‍ പറഞ്ഞു.

കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ പ്രസിഡന്‍റ് ബോസ് കൃഷ്ണമാചാരി, കൊച്ചി-മുസിരിസ് ബിനാലെ നാലാം ലക്കത്തിന്‍റെ ക്യൂറേറ്റര്‍ അനിത ദുബെ എന്നിവരും ലെറ്റ്സ് ടോക്ക് പരിപാടിയില്‍ സംബന്ധിച്ചു. ഡിസംബര്‍ 12 ന് തുടങ്ങുന്ന ബിനാലെ നാലാം ലക്കത്തിന്‍ററെ സമാന്തരമായി റെസിഡന്‍സി പരിപാടികളില്‍ തയ്യാറാക്കിയ സൃഷ്ടികള്‍ക്കൊപ്പം ലീസ പ്രെംകയുടെ ശബ്ദപ്രതിഷ്ഠാപനവും പ്രദര്‍ശിപ്പിക്കുന്നുണ്ട്.

Ernakulam
English summary
Leesa Premka in kochi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X