മഴക്കെടുതി; കളമശ്ശേരിയിൽ മണ്ണിനടിയിൽപ്പെട്ട് ലോറി ഡ്രൈവർ മരിച്ചു; മരിച്ചത് തിരുവനന്തപുരം സ്വദേശി
കൊച്ചി: സംസ്ഥാനത്ത് മഴക്കെടുതിയിൽ കൊച്ചി ജില്ലയിൽ ഒരു മരണം. കളമശ്ശേരിയിൽ മണ്ണിനടിയിൽപെട്ട് ലോറി ഡ്രൈവർ മരിച്ചു. തിരുവനന്തപുരം ഉദിയൻകുളങ്ങര സ്വദേശി തങ്കരാജ് ആണ് മരിച്ചത്. ഇന്ന് രാവിലെ ഒൻപത് മണിയോടെ കൊച്ചി കണ്ടെയ്നർ റോഡിലായിരുന്നു അപകടം. ലോറി നിർത്തി പുറത്തിറങ്ങിയ തങ്കരാജിനു മേൽ ആഴത്തിലുള്ള ശബ്ദത്തിൽ കല്ലും മണ്ണും ഇടിഞ്ഞു വീഴുകയായിരുന്നു.
നാട്ടുകാരും സമീപത്തുണ്ടായിരുന്ന ലോറി ഡ്രൈവർമാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി പുറത്തെടുത്തു. ആശുപത്രിയിലെത്തിച്ചെങ്കിലും തങ്കരാജിനെ രക്ഷിക്കാനായില്ല. മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പൊലീസെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി വിട്ടുകൊടുക്കും. ഇതിനുശേഷമായിരിക്കും സംസ്കാരചടങ്ങുകൾ.

ഇന്നലെ രാത്രി മുതൽ തുടർച്ചയായി കൊച്ചി ജില്ലയിൽ കനത്ത മഴയാണ് ലഭിക്കുന്നത്. മധ്യകേരളത്തിലും തെക്കൻ കേരളത്തിലും വെള്ളിയാഴ്ച മുതൽ കനത്ത മഴ തുടർച്ചയായി പെയ്യുകയാണ്. കേരളത്തിൽ വരും ദിവസങ്ങളിലും അതിശക്തമായ മഴ തുടരുമെന്നാണ് റിപ്പോർട്ടുകൾ. തിരുവനന്തപുരം ജില്ലയിൽ ഇന്നലെ ശക്തമായ മഴയാണ് പെയ്തത്. വിവിധ ജില്ലകളിൽ ജാഗ്രതയും മഴ മുന്നറിയിപ്പും പ്രഖ്യാപിച്ചിട്ടുണ്ട്. കനത്ത മഴയും നാശ നഷ്ടങ്ങളുമുണ്ടായ തിരുവനന്തപുരം ജില്ലയിൽ അതീവ ജാഗ്രതയാണ് പുറപ്പെടുവിച്ചിട്ടുള്ളത്. എല്ലാ ജില്ലകളിലും റെഡ് അലർട്ടിന് സമാനമായ മുന്നൊരുക്കങ്ങൾക്ക് ദുരന്ത നിവാരണ അതോറിറ്റി നിർദേശം നൽകിയിട്ടുണ്ട്.
പുതിയ മേക്കോവറില്‍ ആരാധകരെ ഞെട്ടിച്ച് മഡോണ സെബാസ്റ്റിയന്‍; വൈറല്‍ ചിത്രങ്ങള്‍ കാണാം
അതേസമയം, സംസ്ഥാനത്ത് ഏഴ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണുള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടാണ്. ഏറ്റവും ഒടുവിലായി പുറത്തുവന്ന മഴ മുന്നറിയിപ്പിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. പുതുക്കിയ മഴ മുന്നറിയിപ്പും മത്സ്യത്തൊഴിലാളികൾക്കുള്ള ജാഗ്രത നിർദ്ദേശവും ഉച്ചയ്ക്ക് രണ്ടു മണിയോടെ കാലാവസ്ഥാ വകുപ്പ് പുറത്തിറക്കും.












Click it and Unblock the Notifications