കൊച്ചിയിൽ ഫോൺ ചെയ്ത് നിന്നിരുന്ന യുവാവിനെ വെട്ടി വീഴ്ത്തി: അക്രമികൾക്കായി വലവീശി പോലീസ്
കൊച്ചി: വഴിയരികിൽ ഫോൺ ചെയ്ത് നിൽക്കുകയായിരുന്ന യുവാവിനെ വെട്ടിവീഴ്ത്തി. ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് യുവാവിനെ വെട്ടിവീഴ്ത്തിയിട്ടുള്ളത്. കൂനമ്മാവ് സ്വദേശി നിഖിൽ രവിക്കാണ് വെട്ടേറ്റിട്ടുള്ളത്. പരിക്കേറ്റതിനെ തുടർന്ന് ആദ്യം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവിനെ പിന്നീട് എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. വ്യാഴാഴ്ച വൈകിട്ട് കാമോത്ത് വായനാശാലയ്ക്ക് സമീപത്ത് വെച്ചാണ് സംഭവമുണ്ടായത്.
റോഡരികിൽ ബൈക്ക് നിർത്തിയിട്ട് പോസ്റ്റിൽ ചാരി നിന്ന് ഫോണിൽ സംസാരിക്കുകയായിരുന്നു നിഖിൽ. നിഖിലിനെ കണ്ട് ബൈക്കിൽ തിരിച്ചെത്തിയ ശേഷം നീയിനിയും പോയില്ലെയാ എന്ന് ചോദിച്ചുകൊണ്ടായിരുന്നു ആയുധം വെച്ച് ആക്രമിച്ചതെന്നായിരുന്നു ദൃക്സാക്ഷികൾ നൽകുന്ന വിവരം. ബൈക്കിലെത്തിയ ആക്രമികൾ പനങ്ങാട് ഭാഗത്തേക്കാണ് പോയതെന്ന വിവരത്തെ തുടർന്ന് പോലീസ് ഈ മേഖലയിൽ പരിശോധന ശക്തമാക്കിയിരുന്നു.

എന്നാൽ പ്രതികളെ കണ്ടെത്താനായിട്ടില്ല. പോലീസ് പരിശോധന നടത്തിയതോടെ കാമോത്ത് പരിസരം വഴിയുള്ള ഗതാഗതം തടസ്സപ്പെടുകയായിരുന്നു. പനങ്ങാട് പോലീസും ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി തെളിവ് ശേഖരിച്ചിട്ടുണ്ട്. ആക്രമണത്തിന് പിന്നിൽ വ്യക്തിവൈരാഗ്യമാണെന്ന് കരുതുന്നതായി പോലീസ് പറയുന്നു.












Click it and Unblock the Notifications