മൂവാറ്റുപുഴയിൽ മിന്നലേറ്റ് ഒരാൾ മരിച്ചു: പരിക്കേറ്റവരിൽ രണ്ട് പേരുടെ നില ഗുരുതരം
കൊച്ചി: മൂവാറ്റുപുഴയിൽ മിന്നലേറ്റ് ഒരാൾ മരിച്ചു. ആറ് പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. പരിക്കേറ്റ ആറ് പേരിൽ രണ്ട് പേരുടെ നില ഗുരുതരമാണ്. ആട്ടായത്ത് തച്ചിലുകുടിയിൽ മനൂപ് (34) ആണ് മിന്നലേറ്റ് മരിച്ചിട്ടുള്ളത്. മനൂപിനൊപ്പം തന്നെയുണ്ടായിരുന്ന മഠത്തിക്കുന്നേൽ എംഎം ജിജോ(42), കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിഞ്ഞുവരികയാണ്.
മഠത്തിക്കുന്നേൽ എംഎം ജോജോ (36), എംഎം ജിജി (39), പാപ്പനേത്ത് നിതേഷ് കുമാർ (29), തെരുവംകുന്നേൽ ജോബി (40)സ വാഴക്കാലായിൽ രാജു (52) എന്നിവരെ പൊള്ളലേറ്റതിനെ തുടർന്ന് മൂവാറ്റുപുഴയിലെ എംസിഎസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ജോലി കഴിഞ്ഞ് മടങ്ങുംവഴിയാണ് ഇവർക്ക് മിന്നലേറ്റത്.

അതേ സമയം സംസ്ഥാനത്ത് ഉച്ചയ്ക്ക് രണ്ട് മുതൽ രാത്രി പത്ത് മണി വരെ ശക്തമായ ഇടിമിന്നലിന് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരുന്നു. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പിന് പിന്നാലെ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഇടിമിന്നലിൽ നിന്ന് മനുഷ്യർക്കും കന്നുകാലികൾക്കും രക്ഷനേടുന്നതിനുള്ള മാർഗ്ഗങ്ങളും നിർദേശിച്ചിട്ടുണ്ട്.
ഇടിമിന്നൽ പ്രകടമല്ല എന്നതുകൊണ്ട് മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ വിമുഖത കാണിക്കരുതെന്നും ഇടിമിന്നൽ സാധ്യത മനസ്സിലാക്കുന്നതിന് വേണ്ടി കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ ദാമിനി മൊബൈൽ ആപ്പ് ഉപയോഗപ്പെടുത്താമെന്നും ദുരന്തനിവാരണ അതോറിറ്റി വ്യക്തമാക്കി.












Click it and Unblock the Notifications