ധനവകുപ്പിന്റേത് ക്യാപ്സ്യൂൾ, ഔദ്യോഗികമായി മറുപടിക്കത്ത് ലഭിച്ചില്ലെന്ന് മാത്യു കുഴൽനാടൻ
എറണാകുളം : മുഖ്യമന്ത്രിയുടെ മകൾ വീണാവിജയൻ ഉൾപ്പെട്ട മാസപ്പടി വിവാദത്തിൽ വീണ്ടും ആരോപണങ്ങളുന്നയിച്ച് മാത്യു കുഴൽനാടൻ. ധനവകുപ്പ് ക്യാപ്സൂൾ മാത്രമാണ് ഇറക്കുന്നത്. താൻ ചോദിച്ച ചോദ്യത്തിനല്ല മറുപടി ലഭിച്ചതെന്നും ധനമന്ത്രിയാണ് മാപ്പ് പറയേണ്ടതെന്നും അദ്ദേഹം പ്രതികരിച്ചു. വീണാ വിജയന്റെ കമ്പനി ജിഎസ്ടി രജിസ്ട്രേഷൻ എടുക്കും മുമ്പ് എങ്ങനെ നികുതി അടച്ചുവെന്ന് വ്യക്തമാക്കേണ്ടത് ധനമന്ത്രിയാണ്.
ജി എസ് ടി ആരോപണം താൻ ഉപയോഗിക്കാൻ കാരണമായ പശ്ചാത്തലം സി എം ആർ എൽ കമ്പനിയിൽ നിന്നും 1.72 കോടി രൂപ മുഖ്യമന്ത്രിയുടെ മകൾ കൈപ്പറ്റി എന്ന ഇന്റരിം സെറ്റിൽമെന്റ് ബോർഡിന്റെ റിപ്പോർട്ട് വന്നപ്പോഴാണ്. ആ സമയത്ത് സി പി എം സംസ്ഥാന സെക്രട്ടറിയേറ്റാണ് വീണാ വിജയനെ സംരക്ഷിക്കാനായി മുന്നോട്ട് വന്നത്. അവർ പറഞ്ഞത് അന്ന് ഇത് രണ്ട് കമ്പനികൾ തമ്മിലുള്ള നിയമപരമായ ഇടപാടാണെന്നാണ് എന്നും മാത്യു കുഴൽനാടൻ പറഞ്ഞു.

ഈ ഇടപാടുമായി ബന്ധപ്പെട്ട് കൃത്യമായ നികുതി അടച്ചിട്ടുണ്ടെന്നാണ് അവർ പറഞ്ഞത്. എന്നാൽ അതിനു തൊട്ടുപിന്നാലെ സി പി എം എനിക്കെതിരെ ജി എസ് ടി ആരോപണം ഉന്നയിക്കുകയുണ്ടായി. എന്നാൽ എനിക്ക് പറയാനുള്ളത് മുഖ്യമന്ത്രിയുടെ മകൾ വാങ്ങിയത് മാസപ്പടി തന്നെയാണ്. ഇത് രാഷ്ട്രീയപരമായ സഹായങ്ങൾ ലഭിക്കുന്നതിനായി കരിമണൽ കമ്പനിയായ സി എം ആർ നൽകിയതാണ്. കരിമണൽ കമ്പനിയെ സംബന്ധിച്ച് അവർക്ക് മലിനീകരണ ബോർഡുമായി ബന്ധപ്പെട്ട് ഒരുപാട് ആവശ്യങ്ങൾ വരാം. എന്നാൽ ഈ വകുപ്പ് കൈകാര്യം ചെയ്യുന്നത് മുഖ്യമന്ത്രിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഇവിടെ പ്രധാന വിഷയം പിണറായി വിജയന്റെ മകൾ മാസപ്പടി വാങ്ങി എന്നതു തന്നെയാണ്. എന്നാൽ ജിഎസ്ടി അടച്ചെന്ന് കണ്ടാൽ താൻ മാപ്പ് പറയാം എന്നതിനെയാണ് സിപിഎം ഇപ്പോൾ ആയുധമായി ഉപയോഗിക്കുന്നത്. എന്നാൽ ഞാൻ മാപ്പ് പറയാൻ മാത്രം ഇപ്പോഴുണ്ടായ സാഹചര്യം എന്താണ് ? ധനമന്ത്രി ഞാൻ നൽകിയ കത്തിനു മേൽ മറുപടി പറഞ്ഞിരിക്കുന്നു എന്നത് മാത്രമാണ്. എന്നാൽ ആ കത്ത് തനിക്ക് ലഭിച്ചിട്ടില്ലെന്നും മാത്യു കുഴൽനാടൻ ആരോപിച്ചു.
എന്റെ ഓഫീസിൽ ഈ മറുപടിക്കത്ത് ഇതുവരെ എത്തിച്ചേർന്നിട്ടില്ല. അതു പോലെ മറ്റു മാർഗങ്ങളിലൂടെ എനിയ്ക്ക് ലഭിച്ച മറുപടിക്കത്തിൽ മാസപ്പടി വിവാദത്തിന്റെ പൂർണമായ വിവരമല്ല ഉള്ളതെന്നും 1.72 കോടിയുടെ നികുതിയടച്ചതിന്റെ കൃത്യമായ വിവരം നൽകിയിട്ടില്ലെന്നും മാത്യു കുഴൽനാടൻ ആരോപിച്ചു.












Click it and Unblock the Notifications