എടിഎം തകർത്തു കവർച്ച നടത്താൻ ശ്രമിച്ചത് പതിനാറുകാരൻ; പ്രതി' പിടിയിലായപ്പോൾ ഞെട്ടി പൊലീസ്
കൊച്ചി: എടിഎം തകർത്തു കവർച്ച നടത്താൻ ശ്രമിച്ച കേസിൽ "പ്രതി' പിടിയിലായപ്പോൾ പൊലീസ് ഞെട്ടി. പൊലീസുകാരെയും ബാങ്ക് അധികൃതരെയും നാട്ടുകാരെയും ആശങ്കയിലാഴ്ത്തിയ മോഷ്ടാവിനു പ്രായം കഷ്ടിച്ചു പതിനാറ്. കഴിഞ്ഞ ദിവസമാണ് ഇടപ്പള്ളി ടോളിന് സമീപം ആക്സിസ് ബാങ്കിന്റെ എടിഎം യന്ത്രം തകർത്തു പണം കവരാൻ ശ്രമം നടന്നത്. ഏതാനും ദിവസം മുമ്പു പത്തടിപ്പാലത്തെ പെയിന്റ് കടയിലും മോഷണം നടന്നിരുന്നു. മൊബൈൽ ഫോണും ലാപ്ടോപ്പ് മോണിറ്ററുമാണു കടയിൽ നിന്നും കവർന്നത്. ഈ കേസിന്റെ അന്വേഷണത്തിലാണ് ഇന്നലെ രാവിലെ മലപ്പുറം കൊണ്ടോട്ടി സ്വദേശിയായ പതിനാറുകാരൻ കളമശേരി പൊലീസിന്റെ പിടിയിലായത്. പയ്യനെ ചോദ്യം ചെയ്തപ്പോൾ എടിഎം മോഷണത്തിനു പിന്നിലും താനാണെന്നു സമ്മതിച്ചു.
ഒരാഴ്ച മുമ്പാണ് കുട്ടിക്കുറ്റവാളി മലപ്പുറത്ത് നിന്നും വീടു വിട്ടിറങ്ങിയത്. മാസങ്ങൾ മുമ്പു തുണിക്കട കുത്തിത്തുറന്നു കവർച്ച നടത്തിയ കേസിൽ മലപ്പുറം ജില്ലയിലെ വേങ്ങര പൊലീസ് പിടികൂടിയിരുന്നു. ഇതുൾപ്പെടെ മൂന്നു മോഷണങ്ങൾ മലപ്പുറത്ത് നടത്തിയിട്ടുണ്ട്. ജുവനൈൽ കോടതിയിൽ ഹാജരാക്കിയ ബാലനെ പ്രായപൂർത്തിയായില്ലെന്ന പരിഗണനയിൽ മാതാപിതാക്കൾക്കൊപ്പം വിട്ടയച്ചു. ഇതിനു ശേഷം വീട്ടിൽ നിന്നും പുറത്തു പോകാൻ മാതാപിതാക്കൾ അനുവദിച്ചിരുന്നില്ല. ഇതിനിടെയാണു വീട്ടുകാരുടെ കണ്ണുവെട്ടിച്ചു കടന്നത്.

എറണാകുളത്ത് വന്നിറങ്ങിയ കുട്ടിക്കുറ്റവാളി ലുലുമാൾ സന്ദർശിച്ച ശേഷം ഇടപ്പള്ളി ടോളിൽ എത്തി. ഇവിടെ ആളൊഴിഞ്ഞ ഭാഗത്തു സ്ഥിതി ചെയ്യുന്ന വീടിന്റെ ഒന്നാംനിലയിലാണ് ഇത്രയും ദിവസം ഒളിവിൽ തങ്ങിയത്. വീടിന്റെ താഴത്തെ നിലയിൽ വാടകയ്ക്ക് താമസക്കാരുണ്ട്. ഒന്നാംനില ഒഴിഞ്ഞു കിടക്കുകയാണ്. ഇവിടെ നിർമാണപ്രവർത്തനങ്ങൾ പൂർത്തിയാകാനുണ്ട്. രാത്രി വീടിന്റെ മതിൽ ചാടി കടന്നു മുകളിലെത്തും. രാവിലെ വീട്ടുകാർ എഴുന്നേൽക്കുന്നതിനു മുമ്പു സ്ഥലം വിടും. പകൽനേരത്തു കറങ്ങി നടന്നു മിക്ചർ വിൽപ്പന നടത്തിയിരുന്നതായും പൊലീസ് അറിയിച്ചു.
ഇതിനിടെയാണു പത്തടിപ്പാലത്തെ കടയിൽ കവർച്ച നടത്തിയത്. ജനലഴി പൊളിച്ചാണ് അകത്തു കടന്നത്. കടയിൽ നിന്നും കവർന്ന മൊബൈൽ ഫോണിന്റെ ലൊക്കേഷൻ സൈബർ സെല്ലിന്റെ സഹായത്തോടെ കണ്ടെത്തിയ പൊലീസിന് "കള്ളൻ' ഇടപ്പള്ളി ഭാഗത്തു തന്നെയുണ്ടെന്നു കണ്ടെത്തി. ഇതിനിടെ ഏതാനും സിസിടിവി ദൃശ്യങ്ങൾ ലഭിച്ചതോടെയാണെന്ന് മോഷ്ടാവ് കുട്ടിക്കുറ്റവാളിയാണെന്നു സൂചന ലഭിച്ചത്. തുടർന്നു നടത്തിയ അന്വേഷണത്തിൽ ബാലൻ ജോലി അന്വേഷിച്ച് ഏതാനും കടകളിൽ എത്തിയിരുന്നതായി വിവരം ലഭിച്ചു. പൊലീസ് നടത്തിയ നിരീക്ഷണത്തിൽ ഈ കടകളിലൊന്നിൽ ഇന്നലെ വീണ്ടും ജോലി അന്വേഷിച്ച് എത്തിയപ്പോഴാണ് കസ്റ്റഡിയിലെടുത്തത്.
വെള്ളിയാഴ്ച അർധരാത്രിയാണ് എടിഎമ്മിൽ കവർച്ചാ ശ്രമം നടന്നത്. യന്ത്രം പൊളിക്കാൻ ഉപയോഗിച്ച കമ്പിയും ഉളിയും ബാലന്റെ കൈവശമുണ്ടായിരുന്നു. ഒളിവിൽ പാർത്ത വീട്ടിലും തെളിവെടുപ്പു നടത്തി. ഇന്നലെ വൈകിട്ടോടെ ജുവൈനൽ ജസ്റ്റിസ് ബോർഡ് മുമ്പാകെ ഹാജരാക്കി. കളമശേരി ഇൻസ്പെക്റ്റർ പ്രസാദ്, എസ്ഐ മധു എന്നിവരടങ്ങിയ സംഘമാണ് അന്വേഷിച്ചത്. എടിഎം കവർച്ചയ്ക്ക് പിന്നിൽ ഇതര സംസ്ഥാന സംഘമാണെന്നു സംശയിച്ച പൊലീസിന് കുട്ടിക്കുറ്റവാളി പിടിയിലായതോടെ ആശ്വാസമായി.












Click it and Unblock the Notifications