മുനമ്പം ഹാർബറിൽ നിന്നു കടന്നത് ശ്രീലങ്കൻ തമിഴ് വംശജർ; തീരത്ത് പരിശോധന ശക്തമാക്കി പോലീസ്, ഒരാൾ കസ്റ്റഡിയിലെന്ന് സൂചന
കൊച്ചി: മത്സ്യബന്ധന ബോട്ടിൽ മുനമ്പം ഹാർബറിൽ നിന്നു കടന്നത് ശ്രീലങ്കൻ തമിഴ് വംശജരാണെന്ന് പോലീസ് സ്ഥിരീകരിച്ചു. ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ബാഗുകളിലെ സൂചനകളും ഇവർ താമസിച്ച ഹോം സ്റ്റേയിലെ സിസി ടിവി ദൃശ്യങ്ങളും പരിശോധിച്ചതിൽ നിന്നാണ് ഇത്തരമൊരു നിഗമനത്തിൽ പൊലീസ് എത്തിയത്. ബോട്ട് വാങ്ങാൻ സാഹായിച്ച തിരുവനന്തപുരം സ്വദേശി കസ്റ്റഡിയിലെന്നു സൂചന.
സംഘം ഓസ്ട്രേലിയയുടെ അധികാര പരിധിയിലുള്ള ക്രിസ്മസ് ദ്വീപ് കേന്ദ്രീകരിച്ച് നീങ്ങുന്നതായും വ്യക്തമായിട്ടുണ്ട്. രാജ്യത്തിന്റെ സമുദ്രാതിർത്തി പിന്നിടും മുൻപ് പിന്തുടർന്ന് പിടിക്കാനുള്ള ശ്രമം ശക്തം. എന്നാൽ, മത്സ്യബന്ധന മേഖലകൾ കേന്ദ്രീകരിച്ച് സംഘം നീങ്ങുന്നതിനാൽ വിശദമായ പരിശോധനകൾക്ക് തടസം നേരിടുന്നു. സംഘത്തെ കണ്ടെത്താൻ നാല് കപ്പലുകളാണ് നിയോഗിച്ചിരിക്കുന്നത്. പുറംകടലിൽ നങ്കൂരമിട്ടിരിക്കുന്ന നേവിയുടെ സുരക്ഷാ കപ്പലുകൾക്കും ജാഗ്രതാ നിർദേശം നൽകി.

ഇതിനിടെ, രാജ്യം വിടാൻ എത്തിയവരിൽ മറ്റൊരു സംഘം ഇപ്പോഴും നാട്ടിലുണ്ടെന്ന സൂചനകളും ലഭിച്ചതായി ഐജി വിജയ് സാഖറെ അറിയിച്ചു. ഇവർക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇവർ കേരളത്തിൽ തന്നെയുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്. കടൽ കടന്ന സംഘം ചെറായി, ചോറ്റാനിക്കര പ്രദേശങ്ങളിൽ താമസിച്ച റിസോർട്ടുകളിലും ഹോട്ടലുകളിലും ഇന്നലെ അന്വേഷണ സംഘം പരിശോധന നടത്തി. ഇവിടങ്ങളിലെ സിസി ടിവി ദൃശ്യങ്ങളും സാക്ഷി മൊഴികളും ശേഖരിച്ചിട്ടുണ്ട്.
മനുഷ്യക്കടത്തിനായി സംഘം വാങ്ങിയ ബോട്ടിനു ലൈസൻസ് ഇല്ലെന്നും അന്വേഷണത്തിൽ ബോധ്യമായിട്ടുണ്ട്.തിരുവനന്തപുരം സ്വദേശിയും മുനമ്പം സ്വദേശിയും പങ്ക് ചേർന്ന് മൂന്നു വർഷം മുൻപ് നിർമിച്ച ബോട്ട് മറിച്ചു വിൽക്കുകയായിരുന്നു. ഇവർക്ക് സംഘത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാമോ എന്നതും പരിശോധിക്കുന്നുണ്ട്. സംഭവത്തിൽ ദേശീയ, അന്താരാഷ്ട്ര അന്വേഷണ ഏജൻസികളും പൊലീസിൽ നിന്നും വിവരം തേടി.
അതേസമയം, കൊടുങ്ങല്ലൂർ, മുനമ്പം, മാല്യങ്കര എന്നിവിടങ്ങളിൽ നിന്നും ലഭിച്ച 73 ബാഗുകൾ പൊലീസ് പരിശോധിച്ചു. ശ്രീലങ്കൻ സ്വദേശികളായ രണ്ടുപേരുടെ ജനന സർട്ടിഫിക്കറ്റ് ലഭിച്ചിട്ടുണ്ട്. ഇതിൽ സിംഹള ഭാഷയിലാണ് എഴുത്ത്. ചെറായിയിലെ റിസോട്ടിൽ സംഘം നൽകിയ മേൽവിലാസം ഡൽഹിയിലേയാണ്. ഇത് യഥാർഥ മേൽവിലാസമാണെന്ന് പൊലീസ് പറഞ്ഞു. എന്നാൽ, ഇതിനായി നൽകിയ രേഖകൾ യഥാർഥമാണോ എന്നു സ്ഥിരീകരിച്ചിട്ടില്ല.
സംഘം ശ്രീലങ്കയിൽ നിന്നു ഡൽഹിയിലെത്തി ചെന്നൈ വഴി മുനമ്പത്തെത്തിയെന്നാണ് നിഗമനം. സംഘം കടന്നുവെന്ന് സംശയിക്കുന്ന ദയമാത ബോട്ട് സൂക്ഷിച്ചിരുന്ന മുനമ്പത്തെ യാർഡിൽ പൊലീസ് പരിശോധന നടത്തി. ഉപേക്ഷിക്കപ്പെട്ട ഒരു ബാഗ് കണ്ടെത്തിയ സഹായമാത ബോട്ടിന്റെ ഉടമയെയും ചോദ്യം ചെയ്തു. ഇരു ബോട്ടുകളും ഒരുമിച്ചാണ് യാർഡിൽ സൂക്ഷിച്ചിരുന്നതെന്ന് ഉടമ ലാൽ പൊലീസിനോട് പറഞ്ഞു.
പുതുവത്സരത്തോടനുബന്ധിച്ച് വിനോദ സഞ്ചാരികളെന്ന വ്യാജേന ചെറായിയിലെത്തിയത് 66 പേരാണെന്നാണ് കണക്കുകൂട്ടുന്നത്. ക്ഷേത്ര ദർശനത്തിനെന്ന പേരിൽ 82 പേർ ചോറ്റാനിക്കരയിലുമെത്തി. ഇവർ ഇരു കൂട്ടരും ഒരേ സംഘത്തിൽപെട്ടവരാണോ എന്നും എത്രപേർ ബോട്ടിൽ പോയിട്ടുണ്ട് എന്നതും പൂർണമായും വ്യക്തമായിട്ടില്ല. ആർഭാട ജീവിതം നയിച്ച ഇവർ ഒരുമിച്ച് പിരിവെടുത്തായിരിക്കും മത്സ്യബന്ധന ബോട്ട് വാങ്ങിയതെന്നും സൂചനയുണ്ട്. ദയമാത ബോട്ട് 1.20 കോടി രൂപയ്ക്കാണ് വാങ്ങിയത്. 12,000 ലിറ്റർ ഡീസലും വാങ്ങി.
സംഘത്തിലെ പൂജയെന്ന യുവതി ചോറ്റാനിക്കരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രസവിച്ചിരുന്നു. വളകൾ നവജാത ശിശുവിന് സമ്മാനമായി നൽകിയതാകാമെന്ന് കരുതുന്നു. 28നാണ് ചോറ്റാനിക്കരയിൽ സംഘമെത്തിയത്. യുവതി 31ന് ആശുപത്രിയിൽ പ്രവേശിച്ചു. ഒന്നിന് പ്രസവിച്ചു. നാലിന് ഡിസ്ചാർജ് ആയി. തുടർന്ന് ചെറായിയിലെത്തി ഒരുമാസത്തെ മരുന്നു വാങ്ങിയതായി കണ്ടെത്തിയിട്ടുണ്ട്.
മുനമ്പം തുറമുഖം കേന്ദ്രീകരിച്ച് ഫിഷറീസ് വകുപ്പ് പരിശോധന ശക്തമാക്കി. കഴിഞ്ഞ ദിവസം കടലിൽ നടത്തിയ പരിശോധനകളിൽ രണ്ടു മത്സ്യബന്ധന ബോട്ടുകൾ കസ്റ്റഡിയിലെടുത്തു. കേരളത്തിൽ രജിസ്റ്റർ ചെയ്ത മത്സ്യബന്ധന ബോട്ടുകൾക്കുള്ള ഏകീകൃത നിറം (കളർ കോഡിങ്) ഇല്ലാതെ മത്സ്യബന്ധനം നടത്തിയ ബോട്ടും നിയമം ലംഘിച്ചു മത്സ്യക്കുഞ്ഞുങ്ങളെ പിടികൂടിയ ബോട്ടുമാണ് കസ്റ്റഡിയിലെടുത്തത്.
പള്ളിപ്പുറം സ്വദേശി ഔസോയുടെ ഉടമസ്ഥതയിലുള്ള വ്യാകുലമാതാ രണ്ട് എന്ന ബോട്ടാണ് ഏകീകൃത നിറം അടിക്കാതെ മത്സ്യബന്ധനത്തിൽ ഏർപ്പെട്ടത്. കേരളത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ബോട്ടുകൾ വീൽഹൗസിന് ഓറഞ്ച് നിറവും ഹള്ളിന് നീലനിറവുമാണ് കളർ കോഡിങ്. പകരം തമിഴ്നാട്ടിൽ രജിസ്റ്റർ ചെയ്യുന്ന മത്സ്യബന്ധന ബോട്ടുകൾക്കുള്ള പച്ചനിറമാണു വ്യാകുലമാതാ ബോട്ടിൽ അടിച്ചിരുന്നത്. കെഎംഎഫ്ആർ ആക്റ്റ് പ്രകാരം പിഴ ചുമത്തുകയും ബോട്ടിലെ മത്സ്യം ലേലം ചെയ്തു തുക സർക്കാരിൽ ഒടുക്കുകയും ചെയ്തു.
മുനമ്പം സ്വദേശി എ.ടി.അജിയുടെ തിരുവചനം എന്ന ബോട്ടാണ് മത്സ്യക്കുഞ്ഞുങ്ങളുമായി പിടിയിലായത്. 3500 കിലോ കിളിമീൻ കുഞ്ഞുങ്ങൾ ബോട്ടിലുണ്ടായിരുന്നു. കേരള തീരത്തെ മത്സ്യസമ്പത്ത് സംരക്ഷിക്കുന്നതിന്റെ ഭാഗമായി മത്സ്യക്കുഞ്ഞുങ്ങളെ പിടികൂടുന്നതിന് സർക്കാർ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. 58 ഇനം മത്സ്യങ്ങൾക്കാണു വിലക്ക്. പിടിച്ചെടുത്ത കിളിമീൻ കുഞ്ഞുങ്ങളെ നശിപ്പിക്കുകയും മറ്റു മത്സ്യങ്ങൾ ലേലം ചെയ്തു പണം സർക്കാരിൽ ഒടുക്കി. പിഴ ചുമത്തിയ ശേഷമാണ് വിട്ടയച്ചത്. ഫിഷറീസ് അസിസ്റ്റന്റ് ഡയറക്റ്റർ ഡോ.ജോയ്സ് എബ്രഹാം, എസ്ഐ ജയേഷ്, നിപ്റ്റിൻ, സിപിഒ സിജു, സുബീഷ്, രാജൻ എന്നിവരടങ്ങിയ സംഘമാണു പിടികൂടിയത്.












Click it and Unblock the Notifications