പിന്നിലൂടെ വന്ന് വായില്‍ തുണി തിരുകി; സ്ത്രീയെ കുളിമുറിയില്‍ പൂട്ടിയിട്ട് കവര്‍ച്ച
പട്ടാപ്പകല്‍ വന്‍ കവര്‍ച്ച നടന്നത് പോലീസിനെയും അമ്പരപ്പിച്ചിട്ടുണ്ട്. സിസിടിവികള്‍ പരിശോധിച്ചുവരികയാണ് പോലീസ്

കൊച്ചി: പട്ടാപ്പകല്‍ വീട്ടില്‍ കള്ളന്‍ കയറി. വീട് വൃത്തിയാക്കി കൊണ്ടിരുന്ന സ്ത്രീയെ പിന്നിലൂടെ എത്തി ബലമായി വായില്‍ തുണി തിരുകിയായിരുന്നു അക്രമം. യുവതിയെ കുളുമുറിയില്‍ പൂട്ടിയിട്ട ശേഷം അലമാറ കുത്തിത്തുറന്ന് സ്വര്‍ണവും പണവും കവര്‍ന്നു. യുവതിയുടെ കഴുത്തിലുണ്ടായിരുന്ന മാലയും പൊട്ടിച്ചു. പട്ടാപ്പകല്‍ ഇത്തരത്തില്‍ കവര്‍ച്ച നടത്തണമെങ്കില്‍ പ്രദേശത്തെ കുറിച്ച് വ്യക്തമായ ധാരണയുള്ള വ്യക്തിയാകണം എന്നാണ് പോലീസ് സംശയിക്കുന്നത്. മൂവാറ്റുപുഴ നഗരത്തിലാണ് സംഭവം. ഡിവൈഎസ്പി ഉള്‍പ്പെടെ സംഭവസ്ഥലത്തെത്തി അന്വേഷണം തുടങ്ങി. വിശദാംശങ്ങള്‍ ഇങ്ങനെ...
മൂവാറ്റുപുഴ കിഴക്കേക്കരയില്‍ പകല്‍ പതിന്നരയോടെയാണ് സംഭവം. കളരിക്കല്‍ മോഹനന്റെ വീട്ടിലാണ് മോഷ്ടാവ് അതിക്രമിച്ച് കടന്നത്. ബന്ധുവായ പത്മിനി വീട് വൃത്തിയാക്കുന്നതിനിടെയാണ് മോഷ്ടാവ് അകത്ത് കടന്നത്. പത്മിനിയെ പിന്നിലൂടെ വന്ന് ബലമായി പിടിച്ച് വായില്‍ തുണി തിരുകുകയായിരുന്നു. ശേഷം കുളിമുറിയില്‍ തള്ളി പൂട്ടിയിട്ടു.
കിടപ്പ് മുറിയില്‍ കയറി അലമാറി കുത്തി തുറന്നിട്ടുണ്ട്. ഇവിടെ സൂക്ഷിച്ച സ്വര്‍ണവും പണവും കവര്‍ന്നു. 20 പവന്‍ സ്വര്‍ണം മോഷണം പോയി എന്നാണ് ആരോപണം. 20000 രൂപയും കാണാതായിട്ടുണ്ട്. മോഹനന്റെ ഭാര്യ നേരത്തെ മരിച്ചിരുന്നു. ഇവരുടെ മക്കളുടെയും കൊച്ചുമക്കളുടെയും ആഭരണങ്ങളാണ് മോഷ്ടാവ് അപഹരിച്ചത്. ബല പ്രയോഗത്തിനിടെ പത്മിനിയുടെ കഴുത്തിലുണ്ടായിരുന്ന മാലയും കള്ളന്‍ പൊട്ടിച്ചു.
മൂവാറ്റുപുഴ ഡിവൈഎസ്പി ഉള്‍പ്പെടെയുള്ള പോലീസ് ഓഫീസര്‍മാര്‍ വീട്ടിലെത്തി പരിശോധിച്ചു. പ്രദേശത്തെയും വീട്ടുകാരെയും കുറിച്ച് വ്യക്തമായ ധാരണയുള്ള ആളാണ് മോഷണം നടത്തിയത് എന്ന് സംശയിക്കുന്നു. പ്രദേശത്തെ സിസിടിവികള്‍ പോലീസ് പരിശോധിക്കുന്നുണ്ട്. മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുകയാണ്. അടുത്ത കാലത്തായി മൂവാറ്റുപുഴയില്‍ മോഷണം പെരുകുന്നു എന്ന ആക്ഷേപം ഉയരുന്നതിനിടെയാണ് പുതിയ സംഭവം.
നഗരത്തോട് ചേര്‍ന്ന പ്രദേശത്ത് ഇത്തരത്തില്‍ മോഷണം നടത്തിയത് പോലീസിനെയും അമ്പരപ്പിച്ചിട്ടുണ്ട്. വൈകാതെ കള്ളനെ പിടികൂടാന്‍ സാധിക്കുമെന്ന് പോലീസ് പറയുന്നു. ഡോഗ് സ്‌ക്വഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവ് ശേഖരിച്ചു. സമാനമായ സംഭവം ജില്ലയിലെ മറ്റെവിടെയെങ്കിലും റിപ്പോര്‍ട്ട് ചെയ്തിരുന്നോ, ആ കേസിലെ പ്രതികള്‍ ആരാണ് എന്നിവയെല്ലാം പോലീസ് പരിശോധിക്കുന്നുണ്ട്.












Click it and Unblock the Notifications