വീട് കയറി ആക്രമണം: പെരുമ്പാവൂരില്‍ വെട്ടേറ്റ് ചികിത്സയിലായിരുന്ന നഴ്‌സിംഗ് വിദ്യാര്‍ത്ഥിനി മരിച്ചു
പെരുമ്പാവൂര്‍: രായമംഗലത്ത് യുവാവിന്റെ വെട്ടേറ്റ് ചികിത്സയിലായിരുന്ന നഴ്‌സിംഗ് വിദ്യാര്‍ത്ഥിനി മരിച്ചു. രായമംഗലം മുരിങ്ങാമ്പിയില്‍ അല്‍ക്ക അന്ന ബിനുവാണ് മരിച്ചത്. യുവാവ് വീട്ടില്‍ കയറിയായിരുന്നു പെണ്‍കുട്ടിയെ വെട്ടിപ്പരിക്കേല്‍പ്പിച്ചത്. പെണ്‍കുട്ടി ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഏഴ് ദിവസത്തോളം അതിതീവ്ര പരിചരണ വിഭാഗത്തിലായിരുന്നു യുവതി.
ഈ മാസം അഞ്ചാം തിയതിയായിരുന്നു ആക്രമണം നടന്നത്. സംഭവ ദിവസം ഉച്ചയോടെ ആയുധവുമായി അല്‍ക്കയുടെ വീട്ടിലെത്തിയ പ്രതി പെണ്‍കുട്ടിയെ ക്രൂരമായി വെട്ടിപരിക്കേല്‍പ്പിക്കുകയായിരുന്നു. അതേസമയം പ്രതി ഇരിങ്ങോല്‍ സ്വദേശി ബേസില്‍ നേരത്തെ ആത്മഹത്യ ചെയ്തിരുന്നു. പെണ്‍കുട്ടിയെ ആക്രമിച്ച ശേഷം രക്ഷപ്പെട്ട ബേസില്‍ പിന്നീട് ഇരിങ്ങോലിലെ സ്വന്തം വീട്ടിലെത്തിയാണ് തൂങ്ങി മരിച്ചത്.

ആക്രമണത്തില്‍ പെണ്‍കുട്ടിയുടെ മുത്തച്ഛനും മുത്തശ്ശിക്കും പരിക്കേറ്റിയിരുന്നു. അല്‍ക്കയുടെ തലയ്ക്കും കഴുത്തിനുമായിരുന്നു ആഴത്തില്‍ വെട്ടേറ്റത്. പാലാരിവട്ടത്തെ സ്വകാര്യ സ്ഥാപനത്തില്‍ വിദ്യാര്‍ത്ഥിയായ ബേസിലും കോലഞ്ചേരിയില്‍ നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയായിരുന്ന അല്‍ക്കയും നേരത്തെ പരിചയമുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. സ്‌കൂളില്‍ പഠിക്കുന്ന സമയത്താണ് ഇവര്‍ തമ്മില്‍ പരിചയമുണ്ടായിരുന്നതെന്നാണ് സൂചന.
അടുത്തിടെയാണ് ഇരുവരും തമ്മില്‍ അകന്നത്. ഇതാണ് ആക്രമണത്തിന് കാരണമെന്നാണ് സൂചന. അതേസമയം ആശുപത്രിയിലേക്കുള്ള വഴിമധ്യേയാണ് ആക്രമിച്ചത് ബേസിലാണെന്ന് പെണ്‍കുട്ടി വെളിപ്പെടുത്തിയത്. ബേസില്‍ പെണ്‍കുട്ടിയുടെ പിന്നാലെ നടന്ന് ശല്യം ചെയ്തിരുന്നതായിട്ടാണ് വിവരം.












Click it and Unblock the Notifications